/indian-express-malayalam/media/media_files/uploads/2021/05/Moderna22.jpg)
ന്യൂഡല്‍ഹി: രാജ്യത്ത് വാക്സിന്‍ ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ പ്രതീക്ഷയായി നിര്‍മാണ കമ്പനികളുടെ വാക്ദാനങ്ങള്‍. ഇന്ത്യന്‍ മരുന്നുത്പാദന മേഖലയിലെ പ്രമുഖരായ വോക്കാര്‍ദ്, അമേരിക്കന്‍ കമ്പനികളായ മോഡേണ, ഫൈസര്‍ എന്നിവരാണ് വലിയ തോതില്‍ വാക്സിന്‍ ഇന്ത്യയില്‍ ഉത്പാദിപ്പിക്കുമെന്നും വിതരണം നടത്തുമെന്നും പ്രഖ്യാപിച്ചിരിക്കുന്നത്.
വോക്കാര്‍ദ് പ്രതിവര്‍ഷം 200 കോടി വാക്സിന്‍ ഉത്പാദിപ്പാക്കാന്‍ സാധിക്കുമെന്ന് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. 2022 ഫെബ്രുവരിയോടെ 50 കോടി വാക്സിന്‍ തയാറാക്കുമെന്നും വാക്ദാനം നല്‍കിയിട്ടുണ്ട്. മേയ് ആദ്യം കേന്ദ്രത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. വാക്സിന്‍ ഉത്പാദിപ്പിക്കുന്നതിന് സഹായിക്കാന്‍ ശേഷിയുള്ള കമ്പനികളെ കണ്ടെത്താന്‍ സഹായിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
കോവിഡ് വാക്സിന്‍ നിര്‍മിക്കുന്നതിനായി പുതിയ സാങ്കേതിക വിദ്യ കണ്ടെത്താനുള്ള ശ്രമത്തിലുമാണ് കമ്പനി. എംആർഎൻഎ, പ്രോട്ടീൻ അധിഷ്ഠിത, വൈറൽ വെക്റ്റർ അധിഷ്ഠിത വാക്സിനുകൾ ഉൽപാദിപ്പിക്കാനും വിതരണം ചെയ്യാനുമുള്ള നിർമാണ, ഗവേഷണ ശേഷി തങ്ങള്‍ക്ക് ഉണ്ടെന്നും കമ്പനി വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ വോക്കാര്‍ദ് മുന്നോട്ട് വച്ച കാര്യങ്ങള്‍ പരിശോധിച്ച് വരുകയാണ്.
ഇന്ത്യയ്ക്ക് പുറത്ത്, യുകെ സര്‍ക്കാരുമായി വോക്കാര്‍ദ് ഇതിനോടകം തന്നെ വാക്സിന്‍ ഉത്പാദനത്തിനും വിതരണത്തിനുമായി കരാര്‍ ഒപ്പിട്ടു കഴിഞ്ഞു. ഇതുവരെ, നോർത്ത് വെയിൽസിലെ പ്ലാന്റ് ഉപയോഗിച്ച് ആസ്ട്രാസെനെക്ക-ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി വാക്സിൻ കുപ്പികളിൽ നിറയ്ക്കുകയും അവ രാജ്യത്തെ രോഗപ്രതിരോധ പദ്ധതിയില്‍ ഉപയോഗിക്കുന്നതിന് പാക്ക് ചെയ്യുകയുമാണ്.
Also Read: രാജ്യത്ത് സ്പുട്നിക് വാക്സിൻ ഉൽപ്പാദനം ആരംഭിച്ചു
അതേസമയം, മോഡേണ കോവിഡിന്റെ ഒറ്റ ഡോസ് വാക്സിന്‍ ഇന്ത്യയില്‍ അടുത്ത വര്‍ഷത്തോടെ ഉത്പാദിപ്പിക്കാനുള്ള തയാറെടുപ്പിലാണ്. ഇന്ത്യന്‍ മരുന്ന് നിര്‍മാണ കമ്പനിയായ സിപ്ലയുമായി ചര്‍ച്ചകള്‍ ആരംഭിച്ച് കഴിഞ്ഞു. എന്നാല്‍ 2021 ല്‍ വിതരണം നടത്താനുള്ള അധിക വാക്സിന്‍ പക്കലില്ല എന്നും കമ്പനി കേന്ദ്രത്തിനെ അറിയിച്ചു.
സിപ്ല മോഡേണയില്‍ നിന്ന് അഞ്ച് കോടി വാക്സിന്‍ വാങ്ങുന്നതില്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. 2022 ലായിരിക്കും വിതരണം. കേന്ദ്ര സര്‍ക്കാരിനോട് അനുമതി തേടിയിട്ടുണ്ട്. മോഡേണ വാക്സിനുകൾ വാങ്ങുന്നതിന് ആവശ്യമായ പിന്തുണയെക്കുറിച്ച് സിപ്ലയുടെ അഭ്യർത്ഥന സംബന്ധിച്ച് മുൻകൂർ തീരുമാനം എടുക്കാൻ ആരോഗ്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ വര്‍ഷം തന്നെ അഞ്ച് കോടി വാക്സിന്‍ വാക്സിന്‍ വിതരണം ചെയ്യാനുള്ള സ്റ്റോക്കുണ്ട് എന്ന് ഫൈസര്‍ അറിയിച്ചു. ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളില്‍ ഓരോ കോടി വാക്സിന്‍ വീതമായിരിക്കും വിതരണം നടത്തുക. കേന്ദ്ര സര്‍ക്കാരുമായി മാത്രമായിരിക്കും കരാര്‍. വാക്സിന്റെ പണവും കേന്ദ്രം തന്നെ വഹിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.