ന്യൂഡൽഹി: ഇന്ത്യയിൽ സ്പുട്നിക് 5 കോവിഡ്-19 വാക്സിനിന്റെ ഉൽപ്പാദനം ആരംഭിച്ചതായി റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ടും (ആർഡിഎഫ്) ഇന്ത്യൻ മരുന്ന് കമ്പനിയായ പനേഷ്യ ബയോടെക്കും അറിയിച്ചു.
ഹിമാചൽ പ്രദേശിലെ ബഡ്ഡിയിലെ പനേഷ്യ ബയോടെക്കിന്റെ നിർമാണ കേന്ദ്രത്തിൽ ഉൽപ്പാദിപ്പിച്ച കോവിഡ്-19 വാക്സിൻറെ ആദ്യ ബാച്ച് ഗുണനിലവാര പരിശോധനയ്ക്കായി റഷ്യയിലെ ഗമേലിയ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കേന്ദ്രത്തിലേക്ക് അയയ്ക്കും.
വാക്സിനിന്റെ പൂർണ്ണ തോതിലുള്ള ഉൽപ്പാദനം വരുന്ന മാസങ്ങളിൽ ആരംഭിക്കുമെന്ന് ആർഡിഎഫും പനേഷ്യ ബയോടെക്കും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
Read More: ബ്ലാക്ക് ഫംഗസ് ബാധയും വ്യാവസായിക ഓക്സിജനും തമ്മിൽ ബന്ധമുണ്ടോ?
ഏപ്രിലിൽ പ്രഖ്യാപിച്ചതുപോലെ, ആർഡിഎഫും പനേഷ്യയും പ്രതിവർഷം സ്പുട്നിക് 5 വാക്സിനിന്റെ നിന്ന് 100 ദശലക്ഷം ഡോസുകൾ ഉത്പാദിപ്പിക്കാൻ ധാരണയിലെത്തിയിട്ടുണ്ട്.
“പനേഷ്യ ബയോടെക്കുമായി സഹകരിച്ച് ഇന്ത്യയിൽ ഉത്പാദനം ആരംഭിക്കുന്നത് പകർച്ചവ്യാധിയെ നേരിടാൻ രാജ്യത്തെ സഹായിക്കുന്നതിലെ ഒരു സുപ്രധാന ഘട്ടത്തെ സൂചിപ്പിക്കുന്നു,” എന്ന് ആർഡിഎഫ് ചീഫ് എക്സിക്യൂട്ടീവ് കിറിൽ ദിമിത്രീവ് പറഞ്ഞു.
കൊറോണ വൈറസിന്റെ രൂക്ഷമായ ഘട്ടം എത്രയും വേഗം അതിജിവിക്കാനുള്ള ഇന്ത്യൻ അധികൃതരുടെ ശ്രമങ്ങൾക്ക് പിന്തുണയേകാൻ സ്പുട്നിക് വി യുടെ ഉൽപ്പാദനം സഹായകമാവുമെന്ന് അദ്ദേഹം പറഞ്ഞു. തുടർന്നുള്ള ഘട്ടങ്ങളിൽ ലോകമെമ്പാടുമുള്ള മറ്റ് രാജ്യങ്ങളിൽ വൈറസ് പടരാതിരിക്കാൻ വാക്സിൻ കയറ്റുമതി ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Read More: എങ്ങനെ സ്വയം കോവിഡ് പരിശോധന നടത്താം? മൈലാബ് കോവിസെല്ഫിനെക്കുറിച്ച് അറിയേണ്ടതെല്ലാം
“ഞങ്ങൾ സ്പുട്നിക് വി യുടെ ഉൽപ്പാദനം ആരംഭിക്കുമ്പോൾ ഇത് ഒരു സുപ്രധാന ചുവടുവയ്പാണ്. ആർഡിഎഫിനൊപ്പം രാജ്യത്തുടനീളവും ലോകമെമ്പാടുമുള്ള ആളുകളെ സാധാരണ അവസ്ഥയിലേക്ക് മടങ്ങിവരാൻ സഹായിക്കാനാവുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” പനേഷ്യ ബയോടെക് എംഡി രാജേഷ് ജെയിൻ പറഞ്ഞു,
2021 ഏപ്രിൽ 12 ന് സ്പുട്നിക് വാക്സിന് ഇന്ത്യയിൽ അടിയന്തിര ഉപയോഗത്തിനുള്ള അംഗീകാരം നൽകിയിരുന്നു. മേയ് 14 മുതൽ രാജ്യത്ത് ഈ വാക്സിൻ വിതരണം ചെയ്യാനും ആരംഭിച്ചിരുന്നു.