/indian-express-malayalam/media/media_files/uploads/2021/07/Information-Technology-Minister-Ashwini-Vaishnaw.jpg)
ന്യൂഡൽഹി: പെഗാസസ് സ്പൈവെയർ വിഷയത്തിൽ വ്യാഴാഴ്ചയും രാജ്യസഭയിൽ ബഹളം. ചാര സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഫോൺ വിവരങ്ങൾ ചോർത്തിയെന്ന ആരോപണത്തിൽ ഐടി മന്ത്രി അശ്വനി വൈഷ്ണവ് തയ്യാറാക്കിയ ഔദ്യോഗിക പ്രസ്താവന തൃണമൂൽ കോൺഗ്രസ് (ടിഎംസി) എംപി ശാന്തനു സെൻ വലിച്ചു കീറി എറിഞ്ഞു.
വിവരം ചോർത്തൽ വിഷയത്തിൽ തൃണമൂലിന്റെയും മറ്റ് പ്രതിപക്ഷകക്ഷികളുടെയും അംഗങ്ങൾ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതായി പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
പെഗാസസ് വിഷയത്തിൽ അശ്വനി വൈഷ്ണവ് പ്രസ്താവന നടത്താനിരിക്കവെയാണ് തൃണമൂൽ എംപി പ്രസ്താവന കീറി വലിച്ചെറിഞ്ഞത്. ഇതിനെത്തുടർന്ന് മന്ത്രി പ്രസ്താവന നടത്തുന്നതിൽ നിന്ന് പിന്മാറി. പകരം അതിന്റെ ഒരു പകർപ്പ് സഭയുടെ മേശപ്പുറത്ത് വയ്ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
സഭയിൽ തുടർന്നുള്ള നടപടികൾ നിർത്തിവച്ചു. അംഗങ്ങൾ അൺപാർലമെന്ററിയായ പെരുമാറ്റത്തിൽ നിന്ന് വിട്ടുനിൽക്കണമെന്ന് സഭാ നടപടികൾ നിർത്തി വയ്ക്കുന്നതിന് മുമ്പായി രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ് അംഗങ്ങളോട് പറഞ്ഞു.
Read More: സർക്കാർ തങ്ങളുടെ വിവരങ്ങളും ചോർത്തുന്നതായി സംശയിക്കുന്നുവെന്ന് കർഷകർ
അതേസമയം, പെഗാസസ് വിഷയത്തിൽ മന്ത്രി ഹർദീപ് സിങ്ങും ടിഎംസി എംപി ശന്തനു സെനും തമ്മിൽ വാഗ്വാദം നടന്നതായി എഎൻഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. സഭ നിർത്തിവച്ച ശേഷവും ബിജെപി- ടിഎംസി നേതാക്കൾ തമ്മിൽ വാക്കേറ്റമുണ്ടായതായും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ മാർഷലുകൾ ഇടപ്പെട്ടെന്നും വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.