Farmers’ Protest Live Updates: ന്യൂഡല്‍ഹി: കേന്ദ്രസർക്കാർ തങ്ങൾക്കു നേരെയും ഇസ്രായേൽ സ്പൈവെയറായ പെഗാസസ് ഉപയോഗിച്ചെന്ന് സംശയിക്കുന്നതായി വിവാദ കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹി ജന്തർ മന്ദറിൽ പ്രതിഷേധിക്കുന്ന കർഷകർ.
“ഇത് ധാർമികതയില്ലാത്ത സർക്കാരാണ്. വിവരം ചോർത്തപ്പെടുന്നവരുടെ പട്ടികയിൽ ഞങ്ങളുടെ നമ്പറുകളും ഉണ്ടെന്ന് ഞങ്ങൾ സംശയിക്കുന്നു,”കർഷക നേതാവ് ശിവകുമാർ കക്ക പത്രസമ്മേളനത്തിൽ പറഞ്ഞു. “ഗൂഢാലോചനയ്ക്ക് പിന്നിൽ സർക്കാരാണ്. അത് വ്യക്തമാണ്, അത് വെളിയിലെത്തുകയാണ് വേണ്ടത്. അവർ ഞങ്ങളെയും നിരീക്ഷിക്കുന്നുണ്ടെന്ന് ഞങ്ങൾക്കറിയാം, ”അദ്ദേഹം ആരോപിച്ചു.
ദേശീയഗാനത്തോടെയാണ് കർഷകർ ആദ്യ ദിവസത്തെ സമരം അവസാനിപ്പിച്ചത്. വിവിധ കൂട്ടങ്ങളായി ജന്തർ മന്തറിലേക്ക് മടങ്ങിവരുമെന്ന് അവർ പറഞ്ഞു.
2020-21 വർഷത്തിൽ സ്പൈവെയർ ഉപയോഗിച്ച് ചോർത്തുന്നതിനായി പട്ടികപ്പെടുത്തിയ നമ്പറുകളിൽ കർഷക നേതാക്കളുടെ ഫോൺ നമ്പറുകൾ ഉണ്ടാകുമെന്ന് സ്വരാജ് ഇന്ത്യ പ്രസിഡന്റ് യോഗേന്ദ്ര യാദവ് പറഞ്ഞു. യുകെ പാർലമെന്റ് അവരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നുണ്ടെങ്കിലും ഇന്ത്യയിൽ ഇവിടത്തെ കേന്ദ്രസർക്കാർ അതൊന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വ്യാഴാഴ്ച ദിവസം 200 ഓളം കർഷകർ ജന്തർ മന്തറിൽ എത്തിയിരുന്നു, അവിടെ നിന്ന് ഇന്ന് പ്രതിഷേധം ആരംഭിച്ചു. കഴിഞ്ഞ നവംബർ മുതൽ സിംഘു, തിക്രി, ഗാസിപൂർ അതിർത്തികളിൽ കേന്ദ്രത്തിന്റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർ സർക്കാരിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നു. പാർലമെന്റിന്റെ വർഷകാല സമ്മേളനം അവസാനിക്കുന്നതുവരെ കർഷക പാർലമെന്റുകൾ നടത്തുമെന്നും അവർ അറിയിച്ചിരുന്നു.
ആദ്യ ദിനം 200 കര്‍ഷകര്‍ ഉള്‍പ്പെടുന്ന സംഘം സിംഘു അതിര്‍ത്തിയിലെ പ്രക്ഷോഭ കേന്ദ്രത്തില്‍നിന്ന് പൊലീസ് അകമ്പടിയോടെയാണ് ജന്തര്‍ മന്തറിലേക്കു പോയത്. ഒരു വാനില്‍ ആദ്യം കര്‍ഷക സംഘടനാ നേതാക്കളാണ് ജന്തര്‍ മന്ദറിലെത്തിയത്. തുടര്‍ന്ന് ബസുകളില്‍ കര്‍ഷകരുമെത്തി. രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ചുവരെയായിരുിന്നു ജന്തര്‍ മന്ദറിലെ പ്രതിഷേധം.
റിപ്പബ്ലിക് ദിനമായ ജനുവരി 26 നു കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിയെത്തുടര്‍ന്ന് അക്രമങ്ങള്‍ നടന്നശേഷം ഇതാദ്യമായാണ് രാജ്യതലസ്ഥാനത്ത് പ്രതിഷേധം നടത്താന്‍ അധികൃതര്‍ അനുവദിക്കുന്നത്.

ജന്തര്‍ മന്തറിലും സിങ്കു അതിര്‍ത്തിയിലും സുരക്ഷാ ഉദ്യോഗസ്ഥരെ വന്‍തോതില്‍ വിന്യസിച്ചിട്ടുണ്ട്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നവംബര്‍ മുതല്‍ സിങ്കു, തിക്രി, ഗാസിപൂര്‍ അതിര്‍ത്തികളില്‍ പ്രക്ഷോഭത്തിലാണ് കര്‍ഷകര്‍.
അതിനിടെ, കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ശിരോമണി അകാലിദള്‍ എംപിമാര്‍ പാര്‍ലമെന്റ് പരിസരത്ത് പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധിച്ചു. കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ പാര്‍ലമെന്റ് പരിസരത്ത് പ്രവേശിച്ചപ്പോഴായിരുന്നു പ്രതിഷേധം.
Also Read: മാധ്യമ ഗ്രൂപ്പായ ദൈനിക് ഭാസ്കറിന്റെ വിവിധ ഇടങ്ങളില്‍ ആദായ നികുതി റെയ്ഡ്
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് എംപിമാര്‍ പാര്‍ലമെന്റ് കോംപ്ലക്സില്‍ പ്രതിഷേധിച്ചു. കര്‍ഷകര്‍ക്കു പിന്തുണ പ്രഖ്യാപിച്ചു പ്ലക്കാര്‍ഡുകളുമായി മഹാത്മാഗാന്ധി പ്രതിമയ്ക്കു സമീപം ഒത്തുകൂടിയ ഇരു സഭകളിലെയും അംഗങ്ങള്‍ പ്രധാനമന്ത്രിക്കും സര്‍ക്കാരിനുമെതിരെ മുദ്രാവാക്യമുയര്‍ത്തി. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്തു.