scorecardresearch

പാർലെമെന്റിൽ സംഭവിച്ചതെന്ത്? പുറത്ത് പ്രതിഷേധിച്ചവരുമായി ആക്രമികൾക്ക് ബന്ധമുണ്ടോയെന്ന് അന്വേഷണം

പാര്‍ലമെന്റില്‍ സുരക്ഷാ വീഴ്ച: എം.പി മാര്‍ക്ക് നേരെ സ്‌പ്രേ ഉപയോഗിച്ചത് സന്ദര്‍ശക ഗാലറിയില്‍ നിന്ന് താഴേക്ക് ചാടിയ രണ്ട് പേര്‍ , പുറത്ത് പ്രതിഷേധിച്ചവരുമായി ആക്രമികൾക്ക് ബന്ധമുണ്ടോയെന്ന് അന്വേഷണം

പാര്‍ലമെന്റില്‍ സുരക്ഷാ വീഴ്ച: എം.പി മാര്‍ക്ക് നേരെ സ്‌പ്രേ ഉപയോഗിച്ചത് സന്ദര്‍ശക ഗാലറിയില്‍ നിന്ന് താഴേക്ക് ചാടിയ രണ്ട് പേര്‍ , പുറത്ത് പ്രതിഷേധിച്ചവരുമായി ആക്രമികൾക്ക് ബന്ധമുണ്ടോയെന്ന് അന്വേഷണം

Liz Mathew & Mahender Singh Manral
New Update
Lok Sabha Security Breach

ന്യൂഡല്‍ഹി: രാജ്യത്തിന്റെ നിയമനിർമ്മാണ സഭയുടെ നടുത്തളത്തിലേക്കെത്തിയ ആക്രമണത്തിൽ അന്വേഷണം സഭയ്ക്ക് പുറത്ത് പ്രതിഷേധം നടത്തിയവരിലേക്കും നീങ്ങുന്നു. 2001 ലെ പാർലമെന്റ് ആക്രമണത്തിന്റെ വാര്‍ഷിക ദിനത്തില്‍ തന്നെ ലോക്സഭയിൽ നടന്ന അപ്രതീക്ഷിത ആക്രമണത്തെ വന്‍ സുരക്ഷാ വീഴ്ചയായാണ് കണക്കാക്കുന്നത്. സഭയിൽ ശൂന്യവേള നടക്കുന്നതിനിടെയാണ്‌ അതിക്രമമുണ്ടായത്. ലോക്‌സഭാ നടപടികള്‍ നടക്കുന്നതിനിടെ രണ്ട് പേര്‍ സന്ദര്‍ശക ഗാലറിയില്‍ നിന്ന് താഴേക്ക് ചാടി. എം.പി മാര്‍ക്ക് നേരെ മഞ്ഞ നിറത്തിലുള്ള സ്‌പ്രേ ഉപയോഗിക്കുകയായിരുന്നു. ഇവരുടെ  കൈവശം ടിയർ ഗ്യാസുണ്ടായിരുന്നുവെന്നാണ് വിവരം. ആക്രമണമുണ്ടായതോടെ സഭാ നടപടികള്‍ നിര്‍ത്തി വെക്കുകയും പിന്നീട് പുനരാരംഭിക്കുകയും ചെയ്തു.  

ആക്രമണത്തിന് പിന്നാലെ നാല് പേർ പിടിയിൽ

Advertisment

സംഭവത്തിന് പിന്നാലെ സഭയ്ക്കുള്ളിൽ പ്രതിഷേധിച്ച രണ്ട് പേരെയും പുറത്ത് പ്രതിഷേധിച്ച രണ്ട് പേരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ പുറത്തുവന്ന ടെലിവിഷൻ ഫൂട്ടേജിൽ അക്രമകാരികൾ  മേശയിലേക്ക് ചാടുന്നതും വ്യക്തമാണ്. ഇവർ 'താന ഷാഹി നഹി ചലേഗി' (സ്വേച്ഛാധിപത്യം അംഗീകരിക്കില്ല) തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കിയിരുന്നുവെന്ന് സഭയ്ക്കുള്ളിൽ ഉണ്ടായിരുന്ന അംഗങ്ങൾ പിന്നീട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ആക്രമികളെ പിടികൂടിയത് എം.പി മാർ

രണ്ട് യുവാക്കൾ ഗാലറിയിൽ നിന്ന് ചാടിയെന്നും ഒപ്പം പുക വമിക്കുന്ന എന്തോ ഒന്ന് അകത്തേക്ക് എറിഞ്ഞെന്നും ലോക്‌സഭയിലെ കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞു. 

Advertisment

"അക്രമികളെ എംപിമാർ പിടികൂടി, സുരക്ഷാ ഉദ്യോഗസ്ഥർ അവരെ പുറത്തെത്തിച്ചു. സഭ 2 മണി വരെ നിർത്തി വച്ചു. ഇത് തീർച്ചയായും ഒരു സുരക്ഷാ ലംഘനമാണ്, കാരണം 2001ൽ ജീവൻ ബലിയർപ്പിച്ച ആളുകളുടെ ചരമവാർഷികം ഞങ്ങൾ ഇന്ന് ആചരിക്കുകയാണ്."

അവർ പാഞ്ഞടുത്തത് സ്പീക്കറുടെ കസേരയ്ക്ക് അരികിലേക്ക്

“20 വയസ്സിനടുത്ത് പ്രായമുള്ള രണ്ട് ചെറുപ്പക്കാർ പെട്ടെന്ന് സന്ദർശക ഗ്യാലറിയിൽ നിന്ന് ഹൗസിലേക്ക് ചാടി, അവരുടെ കൈയിൽ ക്യാനിസ്റ്ററുകൾ ഉണ്ടായിരുന്നു. ഈ കാനിസ്റ്ററുകൾ മഞ്ഞ പുക പുറന്തള്ളുന്നുണ്ടായിരുന്നു. അതിലൊരാൾ സ്പീക്കറുടെ കസേരയിലേക്ക് ഓടാൻ ശ്രമിക്കുകയായിരുന്നു. അവർ ചില മുദ്രാവാക്യങ്ങൾ വിളിച്ചു കൊണ്ടിരുന്നു. പുക വിഷമായിരിക്കാം. ഇത് ഗുരുതരമായ സുരക്ഷാ ലംഘനമാണ്," കോൺഗ്രസ്  എംപി കാർത്തി ചിദംബരം പറഞ്ഞു.

അതീവ ഗുരുതരമായ സുരക്ഷാ വീഴ്ച്ചയെന്ന് പ്രതിപക്ഷം

സഭയ്ക്കുള്ളിൽ നടന്ന അതിക്രമത്തെ അതീവ ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. പുതിയ പാർലമെന്റ് മന്ദിരത്തിനുള്ളിലെ സുരക്ഷാ വീഴ്ചയാണ് സംഭവം വ്യക്തമാക്കുന്നതെന്ന് കോൺഗ്രസ് നേതാവ്  ഗൗരവ് ഗൊഗോയ് പറഞ്ഞു. സഭ പുനരാരംഭിച്ചതിന് പിന്നാലെ വിഷയം ഉന്നയിച്ച് പ്രതിപക്ഷ ബഹളവും അരങ്ങേറുകയാണ്. തുടർന്ന് സ്പീക്കർ പാർട്ടി നേതാക്കളുടെ യോഗവും വിളിച്ചു ചേർത്തിട്ടുണ്ട്.

പാർലമെന്റ് ആക്രമണത്തിന്റെ വാർഷികത്തിൽ നടന്ന കടന്നു കയറ്റം ഗൗരവതരം

2001 ഡിസംബർ 13 നായിരുന്നു സുരക്ഷാ ജീവനക്കാരുടെയടക്കം ജീവനെടുത്ത പാർലമെന്റ് ആക്രമണം നടന്നത്. ജയ്ഷെ മുഹമ്മദ്ദ്, ലഷ്കർ ഇ ത്വയ്ബ എന്നീ തീവ്രവാദി സംഘങ്ങളിൽ ഉൾപ്പെട്ട ഭീകരർ പാർലമെന്റ് വളപ്പിനുള്ളിലേക്ക് കടന്നു കയറി ആക്രമണം നടത്തുകയായിരുന്നു. ആഭ്യന്തര മന്ത്രാലയത്തിൻറെ സ്റ്റിക്കർ പതിച്ച കാറിലെത്തിയ ഭീകരർ ഇരു സഭകളുടേയും ശൂന്യവേള നടക്കുമ്പോഴാണ് ആക്രമണം നടത്തിയത്. ആക്രമണം നടക്കുമ്പോൾ അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന എൽ.കെ അദ്വാനിയടക്കമുള്ളവർ സഭയ്ക്കുള്ളിലുണ്ടായിരുന്നു. 2001 ലെ പാർലമെന്റ് ആക്രമണത്തിന്റെ വാർഷിക ദിനത്തിൽ തന്നെ നടന്ന ആക്രമണത്തെ ഏറെ ഗുരുതരമായ സുരക്ഷാ വീഴ്ചയായാണ് കണക്കാക്കപ്പെടുന്നത്.

Read Here

News Parliament India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: