/indian-express-malayalam/media/media_files/uploads/2021/04/pan-aadhaar-linking-deadline-extended-to-june-30-2021-476796-FI.jpg)
ന്യൂഡൽഹി: ആധാര്‍-പാന്‍ കാര്‍ഡുകള്‍ ബന്ധിപ്പിക്കാനുള്ള അവസാന തീയതി കേന്ദ്ര സര്‍ക്കാര്‍ വീണ്ടും നീട്ടി. മൂന്ന് മാസത്തേക്ക് കൂടിയാണ് സമയം നല്‍കിയിരിക്കുന്നത്. പുതിയ ഉത്തരവ് അനുസരിച്ച് ജൂണ്‍ 30 ആണ് അവസാന തീയതി. ഉപഭോക്താക്കള്‍ ആദായ നികുതി വകുപ്പിന്റെ വെബ്സൈറ്റില്‍ പരാതിപ്പെട്ടതോടെയാണ് നടപടി.
"കോവിഡ് സാഹചര്യത്തിലെ ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് ആധാറും പാന്‍ കാര്‍ഡും ബന്ധിപ്പിക്കാനുള്ള അവസാന തീയതി 2021 മാര്‍ച്ച് 31ല്‍ നിന്ന് ജൂണ്‍ 30 ആക്കിയിരിക്കുന്നു," ആദായ നികുതി വകുപ്പ് ട്വിറ്ററില്‍ കുറിച്ചു. 1961 ലെ ആദായ നികുതി നിയമത്തിലെ 148-ാം വകുപ്പ് പ്രകാരമാണ് പുതിയ നടപടി. ഇത് ഒമ്പതാം തവണയാണ് ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനുള്ള അവസാന തീയതി നീട്ടുന്നത്.
ഇരു കാര്‍ഡുകളും തമ്മില്‍ ബന്ധിപ്പിച്ചില്ലെങ്കില്‍ ആയിരം രൂപ പിഴ ഈടാക്കുമെന്നായിരുന്നു കേന്ദ്രം പ്രഖ്യാപിച്ചിരുന്നത്. തുടര്‍ന്ന് അടുത്ത ഘട്ടത്തില്‍ കാര്‍ഡ് റദ്ദാക്കുമെന്ന മുന്നറിയിപ്പും നല്‍കി. ആദായ നികുതി നിയമത്തിലെ 139 AA (2) വകുപ്പ് പ്രകാരം, ജൂലൈ 2017 വരെ പാൻ കാർഡ് എടുത്ത എല്ലാവരും ആധാർ കാർഡുമായി ബന്ധിപ്പിക്കണം. ബന്ധിപ്പിക്കാത്തവർക്ക് ആദായ നികുതി റിട്ടേൺ സമർപ്പിക്കാൻ സാധിക്കില്ല.
ഒന്നിലധികം പാൻ കാർഡുകൾ കൈവശം വച്ചിരിക്കുന്നവരെ കണ്ടെത്താനാണ് ഈ നിയമം കൊണ്ടുവന്നിരിക്കുന്നത്. നിയമപ്രകാരം ഒരു വ്യക്തിക്ക് ഒരു ആധാർ കാർഡ് മാത്രമേ ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. പാൻ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിക്കുന്നതോടെ ഒന്നിലധികം പാൻ കാർഡുകൾ ഉപയോഗിക്കുന്നത് തടയാൻ സാധിക്കും.
Read More: മമതയും സുവേന്ദുവും നേര്‍ക്കുനേര്‍; അസമിലും ബംഗാളിലും രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
പാൻ കാർഡ് ഓൺലൈനായി ബന്ധിപ്പിക്കുന്നത് എങ്ങനെ?
കുറഞ്ഞത് അഞ്ചുമിനിറ്റിൽ ഓൺലൈനായി പൂർത്തിയാക്കാവുന്ന ഒരു പ്രക്രിയ ആണിത്. ഇതിനായി ആദ്യം ആദായനികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ കയറണം. അതിൽ ഇടതുവശത്തെ ക്വിക്ക് ലിങ്ക് സെഷനിൽ നിന്നോ വലതു വശത്ത് മുകളിലായുള്ള പ്രൊഫൈൽ സെറ്റിങ്സിൽ നിന്നോ ''ലിങ്ക് ആധാർ'' എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് നിങ്ങളുടെ പേര്, ആധാറിലെ നിങ്ങളുടെ പേര്, ആധാർ നമ്പർ എന്നിവ നൽകിയ ശേഷം "ഐ എഗ്രീ'' എന്ന ബട്ടണും ക്ലിക്ക് ചെയ്യുക. ഇതോടെ നിങ്ങളുടെ ആധാർ പാൻ കാർഡുമായി ബന്ധിപ്പിക്കപ്പെടും. വെബ്‌സൈറ്റിൽ നിങ്ങളുടെ പാൻ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്ത് ലോഗിൻ ചെയ്ത ശേഷമാണ് ഇതിനു സാധിക്കുക. രജിസ്റ്റർ ചെയ്തവർക്ക് യൂസർ ഐഡിയും പാസ്വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യാൻ സാധിക്കും.
പാൻ കാർഡ് എസ്എംഎസിലൂടെ ബന്ധിപ്പിക്കാൻ
ഓൺലൈനായി ബന്ധിപ്പിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് എസ്എംഎസിലൂടെ ബന്ധിപ്പിക്കാനുള്ള സൗകര്യവുമുണ്ട്. അതിനായി UIDPAN (സ്പേസ്) നിങ്ങളുടെ ആധാർ നമ്പർ (സ്പേസ്) നിങ്ങളുടെ പാൻ നമ്പർ എന്നിവ ചേർത്ത് 567678 അല്ലെങ്കിൽ 56161 എന്ന നമ്പറിലേക്ക് നിങ്ങളുടെ രജിസ്റ്റർ നമ്പറിൽ നിന്ന് എസ്എംഎസ് അയയ്ക്കുകയാണ് വേണ്ടത്.
പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോയെന്ന് എങ്ങനെ അറിയാം?
പാൻ കാർഡ് ആധാറുമായി ബന്ധപ്പെടുത്തിട്ടുണ്ടോയെന്ന സംശയം നിങ്ങൾക്ക് വന്നാൽ, ആദായനികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ കയറി ലിങ്ക് ആധാർ സെക്ഷനിൽ പോയി മുകളിലായുള്ള ''ക്ലിക്ക് ഹിയർ'' എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് പരിശോധിക്കാവുന്നതാണ്. നിങ്ങളുടെ പാൻ ആധാറുമായി ബന്ധപ്പെടുത്തിയിട്ടുണ്ടെങ്കിൽ അവിടെ ഒരു ''കൺഫർമേഷൻ മെസേജ്'' ലഭിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.