കൊൽക്കത്ത/ദിസ്പൂർ: അസം, പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിൽ കനത്ത പോളിങ്. വൈകിട്ട് 5.30 വരെയുള്ള കണക്കനുസരിച്ച് ബംഗാളില്‍ 80.43 ശതമാനവും അസമില്‍ 74.79 ശതമാനവും പോളിങ് രേഖപ്പെടുത്തി. അസമിലെ 39ഉം ബംഗാളിലെ 30 സീറ്റുകളിലുമാണ് വോട്ടെടുപ്പ് നടന്നത്.
ബംഗാളിൽ അങ്ങിങ്ങായി അക്രമസംഭവങ്ങളും റിപ്പോർട്ട് ചെയ്തു. മുഖ്യന്ത്രി മമത ബാനര്‍ജിയും തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന സുവേന്ദു അധികാരിയും ഏറ്റുമുട്ടുന്ന നന്ദിഗ്രാം മണ്ഡലത്തിലെ ബോയൽ പ്രദേശത്തുണ്ടായ അക്രമസംഭവവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ വിശദമായ റിപ്പോർട്ട് തേടി.
പോളിങ് പ്രക്രിയ വിലയിരുത്താനായി മമത ബാനർജി ബോയലിലെ ഏഴാം നമ്പർ ബൂത്തിലെത്തിയപ്പോൾ ബിജെപി അനുയായികൾ ‘ജയ് ശ്രീ റാം’ മുദ്രാവാക്യം വിളിച്ചു. ഈ ബൂത്തിൽ വീണ്ടും പോളിങ് നടത്തണമെന്ന തൃണമൂൽ കോൺഗ്രസ് ആവശ്യമുന്നയിച്ചതിനു പിന്നാലെ ഇരു പാർട്ടിയുടെയും അനുയായികൾ തമ്മിൽ ഏറ്റുമുട്ടി. പ്രദേശത്ത് ക്രമസമാധാനം പുനസ്ഥാപിക്കാൻ കേന്ദ്രസേന നടപടി സ്വീകരിച്ചു.
തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നതായി തൃണമൂൽ കോൺഗ്രസ് രാവിലെ തന്നെ ആരോപണമുന്നയിച്ചിരുന്നു. പോളിങ് തീരുന്നതുവരെ മമത നന്ദിഗ്രാമിൽ തുടരുമെന്നും തൃണമൂൽ വ്യക്തമാക്കി. ഇതിനുപിന്നാലെയാണ് മമത വീൽചെയറിൽ ബൂത്തുകൾ സന്ദർശിക്കാൻ പുറപ്പെട്ടത്.
അക്രമങ്ങൾ തടയുന്നതിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ നിഷ്ക്രിയമാണെന്നു മമത ആരോപിച്ചു. “രാവിലെ മുതൽ ഞങ്ങൾ 63 പരാതികൾ തിരഞ്ഞെടുപ്പ് കമ്മിഷനു നൽകിയിട്ടുണ്ട്. എന്നാൽ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഞങ്ങൾ കോടതിയെ സമീപിക്കും. ഇത് അംഗീകരിക്കാനാവില്ല,” നന്ദഗ്രാമിലെ ബോയലിലെ ഏഴാം നമ്പർ ബൂത്തിനു പുറത്ത് വീൽചെയറിൽ ഇരുന്നുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദേശപ്രകാരമാണു തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രവർത്തിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ഗുണ്ടകൾ നന്ദിഗ്രാമിൽ പ്രശ്നമുണ്ടാക്കുകയാണെന്നും മമത ആരോപിച്ചു.
അക്രമങ്ങളുടെ പശ്ചാത്തലത്തിൽ മമത ബാനർജി, ഗവർണർ ജഗദീപ് ധൻഖറെ ഫോണിൽ വിളിച്ച് സംസാരിച്ചു. നന്ദിഗ്രാമിലെ ഒരു പോളിങ് ബൂത്തിൽനിന്നാണ് മമത ഗവർണറെ വിളിച്ചത് “… അവർ വോട്ട് രേഖപ്പെടുത്താൻ പ്രദേശവാസികളെ അനുവദിച്ചില്ല. രാവിലെ മുതൽ ഞാൻ പ്രചാരണം നടത്തുന്നു … ഇപ്പോൾ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു, ദയവായി കാണുക,” അവൾ വീഡിയോയിൽ പറയുന്നത് കേൾക്കാം.
അതിനിടെ കേശ്‌പുർ നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി തൻമയ് ഘോഷിന്റെ കാർ തൃണമൂൽ കോൺഗ്രസ് അനുയായികളെന്നു കരുതുന്നവർ ആക്രമിച്ച് നശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
അജ്ഞാത സംഘം ഇഷ്ടികകളും മുളവടികളും ഉപയോഗിച്ച് ഘോഷിന്റെ കാർ ആക്രമിക്കുകയായിരുന്നു. മാധ്യമ പ്രവർത്തകർ സഞ്ചരിച്ച വാഹനങ്ങൾക്കുനേരെയും ആക്രമണമുണ്ടായി. കേന്ദ്രസേനാ സംഘം സ്ഥലത്തെത്തിയതായി തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർ പറഞ്ഞു. ജില്ലാ ഭരണകൂടത്തിൽനിന്നു കമ്മിഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്. പശ്ചിമ മേദിനിർ ജില്ലയിലെ കേശ്പൂർ പ്രദേശത്ത് ഇന്നലെ രാത്രി ഉത്തം ഡോലുയി എന്ന തൃണമൂൽ പ്രവർത്തകൻ കുത്തേറ്റു മരിച്ചിരുന്നു.
തംലൂക്ക്, ഹാൽദിയ, ബൻകുര, ഖരഗ്‌പൂർ സർദാർ, ചണ്ഡിപൂർ, പൻസ്‌കുര പശ്ചിം, മൊയ്‌ന എന്നിവയാണ് രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന ബംഗാളിലെ മറ്റ് പ്രധാന മണ്ഡലങ്ങള്‍. തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും എല്ലാ സീറ്റിലും മത്സരിക്കുന്നുണ്ട്. കോണ്‍ഗ്രസ് ഒമ്പത് സീറ്റിലും സിപിഎം 15 സീറ്റിലും മത്സരിക്കുന്നു. ബംഗാളില്‍ ആദ്യ ഘട്ടത്തില്‍ 79.79 ശതമാനമായിരുന്നു പോളിങ്.
13 ജില്ലകളിലായി 39 മണ്ഡലങ്ങളിലാണ് അസമില്‍ വോട്ടെടുപ്പ് നടക്കുന്നത്. രണ്ടാം ഘട്ടത്തില്‍ നിരവധി പ്രമുഖരും രംഗത്തുണ്ട്. പരിമാൽ സുക്ലബൈദ്യ (ധോലൈ), ഭാബേഷ് കലിത (രംഗിയ ), പിജുഷ് ഹസാരിക (ജാഗിറോഡ്), ഡെപ്യൂട്ടി സ്പീക്കർ അമിനുൽ ഹക്ക് ലസ്‌കർ (സോനെയ്), റിഹോൺ ഡൈമറി (ഉദൽഗുരി), രാജ്യസഭാ എംപി ബിസ്വാജിത് ഡൈമറി എന്നിങ്ങനെയാണ് പ്രമുഖരുടെ പട്ടിക. ആദ്യ ഘട്ടത്തില്‍ അസമില്‍ 72.14 ശതമാനമായിരുന്നു പോളിങ്.