/indian-express-malayalam/media/media_files/uploads/2019/12/sonia-gandhi.jpg)
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നത് തടയുന്നതിനുള്ള മാർഗങ്ങളും സംയുക്ത പ്രക്ഷോഭങ്ങളും സംബന്ധിച്ച് വിഷയങ്ങൾ ചർച്ച ചെയ്യാൻ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികൾ ഇന്ന് ഡൽഹിയിൽ യോഗം ചേരും. സിഎഎയ്‌ക്കെതിരായ വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള പ്രതിഷേധം ശക്തി പ്രാപിച്ചതിനുശേഷം പ്രതിപക്ഷ പാർട്ടികളുടെ ആദ്യ പ്രധാന യോഗമാണിത്.
മൂന്ന് മണിക്ക് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിയിലായിരിക്കും യോഗം എന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ യോഗം പിന്നീട് പാർലമെന്റിലേക്ക് മാറ്റി. പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് മേധാവിയുമായ മമത ബാനർജി യോഗം ബഹിഷ്കരിക്കും. ദേശീയ പണിമുടക്കിനിടെ പശ്ചിമ ബംഗാളിൽ ഇടത് പ്രവർത്തകരും കോൺഗ്രസും നടത്തിയ അക്രമപ്രവർത്തനങ്ങളിൽ പ്രതിഷേധിച്ചാണ് മമത യോഗം ബഹിഷ്കരിക്കുന്നത്.
Read More: കേരള മോഡല്‍; കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കും
രാജസ്ഥാനിലെ കോട്ടയിൽ നടന്ന ശിശുമരണവുമായി ബന്ധപ്പെട്ട് കോൺഗ്രസിനെതിരെ അടുത്തിടെ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മായാവതിയുടെ നേതൃത്വത്തിലുള്ള ബഹുജൻ സമാജ് പാർട്ടിയും (ബിഎസ്പി) യോഗത്തിൽ നിന്ന് വിട്ടു നിൽക്കും. ആം ആദ്മി പാർട്ടിയും യോഗത്തിൽ പങ്കെടുക്കില്ല.
തിങ്കളാഴ്ച നടക്കുന്ന യോഗത്തിൽ സോണിയ ഗാന്ധി അധ്യക്ഷത വഹിക്കും. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദാണ് തിങ്കളാഴ്ചത്തെ യോഗത്തിൽ പങ്കെടുക്കാൻ പ്രതിപക്ഷ പാർട്ടികളെ ഏകോപിപ്പിച്ചത്.
പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും (എൻആർസി) ബിഹാറിൽ നടപ്പാക്കില്ലെന്ന് പറഞ്ഞ രാഷ്ട്രീയ തന്ത്രജ്ഞനും മുതിർന്ന ജനതാദൾ (യുണൈറ്റഡ്) നേതാവുമായ പ്രശാന്ത് കിഷോറിൽ നിന്ന് ഞായറാഴ്ച കോൺഗ്രസിന് പിന്തുണ ലഭിച്ചു.
അതിനിടെ കേരള നിയമസഭയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയതു പോലെ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും പ്രമേയം കൊണ്ടുവരാന്‍ നീക്കം നടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. കോണ്‍ഗ്രസ് ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും പ്രമേയം കൊണ്ടുവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയിലാണ് ഇതേകുറിച്ച് തീരുമാനമെടുത്തത്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എന്നിവർ പങ്കെടുത്ത യോഗത്തിലാണ് നിയമസഭകളിൽ പ്രമേയം കൊണ്ടുവരുന്നതിനെ കുറിച്ച് തീരുമാനമെടുത്തതെന്നാണ് റിപ്പോർട്ട്.
തെറ്റായ നിയമം രാജ്യത്ത് സർക്കാരിനെതിരെ ശക്തമായ ജനരോഷവും പ്രതിഷേധവും ഉയരാൻ കാരണമായെന്ന് കോൺഗ്രസ് വർക്കിങ് കമ്മിറ്റി പറഞ്ഞു. ഇതിനെതിരെ ശബ്ദമുയർത്തിയ യുവാക്കളെയും വിദ്യാർഥികളെയും ക്രൂരമായി അടിച്ചമർത്താൻ സർക്കാർ ശ്രമിച്ചുവെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.