ന്യൂഡല്‍ഹി: കേരള നിയമസഭയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയതു പോലെ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും പ്രമേയം കൊണ്ടുവരാന്‍ നീക്കം. കോണ്‍ഗ്രസ് ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും പ്രമേയം കൊണ്ടുവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയിലാണ് ഇതേകുറിച്ച് തീരുമാനമെടുത്തത്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എന്നിവർ പങ്കെടുത്ത യോഗത്തിലാണ് നിയമസഭകളിൽ പ്രമേയം കൊണ്ടുവരുന്നതിനെ കുറിച്ച് തീരുമാനമെടുത്തതെന്നാണ് റിപ്പോർട്ട്.

തെറ്റായ നിയമം രാജ്യത്ത് സർക്കാരിനെതിരെ ശക്തമായ ജനരോഷവും പ്രതിഷേധവും ഉയരാൻ കാരണമായെന്ന് കോൺഗ്രസ് വർക്കിങ് കമ്മിറ്റി പറഞ്ഞു. ഇതിനെതിരെ ശബ്ദമുയർത്തിയ യുവാക്കളെയും വിദ്യാർഥികളെയും ക്രൂരമായി അടിച്ചമർത്താൻ സർക്കാർ ശ്രമിച്ചുവെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.

“പൗരത്വ ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുതയെയും രാഷ്ട്രീയ ധാർമ്മികതയെയും കുറിച്ച് വ്യക്തമായ ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ പട്ടികയും മതപരവും ഭാഷാപരവുമായ ന്യൂനപക്ഷങ്ങൾ, ഗോത്രവർഗക്കാർ, ദരിദ്രർ, സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്കിടയിൽ ഭയത്തിന്റെയും ഉത്കണ്ഠയുടെയും അന്തരീക്ഷം സൃഷ്ടിച്ചു.” കോൺഗ്രസ് വർക്കിങ് കമ്മിറ്റി പ്രസ്താവനയിൽ വ്യക്തമാക്കി.

Read Also: ഇതാണ് ഒറിജിനല്‍ കുഞ്ഞപ്പന്‍; റോബോട്ടിനകത്തെ ‘കുഞ്ഞുമനുഷ്യനെ’ വെളിപ്പെടുത്തി

ഡിസംബർ 31 നാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം കേരള നിയമസഭ പാസാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയത്തെ ഭരണ പ്രതിപക്ഷ അംഗങ്ങൾ പിന്തുണയ്‌ക്കുകയായിരുന്നു. ബിജെപിയുടെ ഏക എംഎൽഎ ഒ.രാജഗോപാൽ മാത്രമാണ് പ്രമേയത്തെ എതിർത്തത്. രാജ്യത്താദ്യമായാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒരു നിയമസഭ പ്രമേയം ചർച്ച ചെയ്യുന്നതും പാസാക്കുന്നതും. നിയമഭേദഗതി പിൻവലിക്കണമെന്ന് പ്രമേയത്തിലൂടെ കേരള നിയമസഭ ആവശ്യപ്പെട്ടിരുന്നു. കേരളം കൊണ്ടുവന്ന പ്രമേയത്തിന് വലിയ വാർത്താ പ്രാധാന്യം ലഭിച്ചിരുന്നു.

അതേസമയം, പൗരത്വ ഭേദഗതി നിയമത്തിനെതിരായ എല്ലാ പ്രതിഷേധങ്ങളും തള്ളുന്ന നിലപാടാണ് ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക്. പ്രശ്നങ്ങൾക്കു കാരണം ‘രാഹുലും കമ്പനിയു’മാണെന്നു ഷാ കുറ്റപ്പെടുത്തി. പ്രതിപക്ഷത്തിന്റെ നുണപ്രചാരണം രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണെന്ന് അമിത് ഷാ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമം ആരുടെയും പൗരത്വം ഇല്ലാതാക്കാന്‍ അല്ല, പൗരത്വം നല്‍കാനാണ്. പ്രതിപക്ഷത്തിന് മറ്റൊരു കുറ്റവും കണ്ടെത്താന്‍ ഇല്ലാത്തതുകൊണ്ടാണ് പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ പ്രതിഷേധം നടത്തുന്നത്. പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ പ്രതിപക്ഷം തെറ്റായ വിവരങ്ങളാണ് പ്രചരിപ്പിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ബിജെപി പ്രവര്‍ത്തകര്‍ ഗൃഹസന്ദര്‍ശനം നടത്തണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.

അയൽരാജ്യങ്ങളായ പാക്കിസ്ഥാൻ, ബംഗ്ലാദേശിലെയും അഫ്‌ഗാനിസ്ഥാനിലെയും ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകുന്നതാണ് നിയമം. അല്ലാതെ, ആരുടെയും പൗരത്വം നഷ്‌ടപ്പെടുത്തുന്നതല്ല. ജനങ്ങളെ സത്യം അറിയിക്കാനാണ് ഞങ്ങൾ അധികാരത്തിലിരിക്കുന്നത്. പൗരത്വ നിയമം വഴി ഉണ്ടാകുന്ന ഗുണങ്ങളെക്കുറിച്ച് ബിജെപി പ്രവർത്തകർ ഓരോ വീടുകൾ തോറും കയറിയിറങ്ങി ബോധവത്‌കരണം നൽകണം. ബിജെപിയുടെ പ്രചരണം കഴിയുമ്പോൾ പൗരത്വ നിയമത്തെ കുറിച്ച് രാജ്യത്തെ എല്ലാ ജനങ്ങൾക്കും ബോധ്യമാകുമെന്നും അമിത് ഷാ ഇന്നലെ ഗുജറാത്തിൽ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook