/indian-express-malayalam/media/media_files/uploads/2023/05/kaveri-crop.jpg)
operation kaveri
ന്യൂഡല്‍ഹി:സുഡാനിലെ സംഘര്‍ഷ മേഖലകളില്‍ നിന്ന് കൂടുതല്‍ ഇന്ത്യക്കാരെ രക്ഷിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഓപ്പറേഷന്‍ കാവേരിയുടെ ഭാഗമായി 229 പേരുമായി ഒരു വിമാനം ജിദ്ദയില്‍ നിന്ന് ബെംഗളൂരുവിലെത്തി. സുഡാനില്‍ നിന്ന് 365 പേര്‍ ഡല്‍ഹിയിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് പുതിയ സംഘം ബെംഗളൂരുവിലെത്തിയത്. ഇന്നലെ രാത്രി 11:00 മണിയോടെ വിമാനം ഇറങ്ങി, ഒഴിപ്പിച്ചവരില്‍ 125 പേര്‍ കര്‍ണാടകയില്‍ നിന്നുള്ളവരാണ്.
'ഓപ്പറേഷന്‍ കാവേരി ഒരു വിമാനം കൂടി 229 യാത്രക്കാരെ ബെംഗളൂരുവിലേക്ക് തിരികെ കൊണ്ടുവരുന്നു,' മടങ്ങിയെത്തിയവരുടെ ചിത്രം സഹിതം വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ട്വീറ്റ് ചെയ്തു. സുധാനില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ ജിദ്ദയിലേക്ക് മാറ്റുന്നതിനും പിന്നീട് അവരെ തിരികെ ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിനും വിദേശകാര്യ മന്ത്രാലയം ഐഎഎഫ് ട്രാന്‍സ്‌പോര്‍ട്ട് എയര്‍ക്രാഫ്റ്റുകളും ഇന്ത്യന്‍ നേവി കപ്പലുകളും തയാറാക്കിയിട്ടുണ്ട്.
ഓപ്പറേഷന്‍ കാവേരിയുടെ ഭാഗമായി 186 യാത്രക്കാരുമായി സ്‌പൈസ് ജെറ്റ് വിമാനം കൊച്ചിയിലെത്തി. ജിദ്ദയില്‍ നിന്നാണ് വിമാനം കൊച്ചിയിലെത്തിയത്. വിവിധ സംസ്ഥാനങ്ങളിലുള്ളവരാണ് വിമാനത്തിലുള്ളത്.
ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങള്‍ പൗരന്മാരെ ഒഴിപ്പിക്കുന്ന സാഹചര്യത്തില്‍ സുഡാനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. നേരത്തെ ഇന്ത്യന്‍ നാവിക സേനയുടെ ഐഎന്‍എസ് തേജ 288 പേരെയും ഐഎന്‍എസ് സുമേദ 300 പേരെയും സുഡാനില്‍നിന്നു രക്ഷപ്പെടുത്തിയിരുന്നു. ഓപ്പേറഷന്‍ കാവേരിയിലൂടെ 3000 പേരെ രക്ഷിക്കാനാണു കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വെള്ളിയാഴ്ച വരെ 2,400 ഇന്ത്യക്കാരെ സുഡാനില്‍നിന്ന് രക്ഷപ്പെടുത്തിയതായി കേന്ദ്രം അറിയിച്ചു.
ഏപ്രില്‍ 18-ന് ഖാര്‍ത്തൂമിലെ ഇന്ത്യന്‍ എംബസിയില്‍ നിന്ന് ആദ്യ ഉപദേശം പുറപ്പെടുവിച്ചതുമുതല്‍ സര്‍ക്കാര്‍ സുഡാനിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ ഉടന്‍ പ്രവര്‍ത്തനക്ഷമമാക്കുകയും എംഇഎ ഹെല്‍പ്പ് ലൈനുകള്‍ പൊതുജനങ്ങളുമായി പങ്കിടുകയും ചെയ്തു.
കര്‍ണാടകയില്‍ നിന്നുള്ള ഓപ്പറേഷന്‍ കാവേരി കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് സംസ്ഥാനത്തേക്കുള്ള യാത്രയ്ക്കായി വിമാന ടിക്കറ്റുകള്‍ ക്രമീകരിക്കുന്നതിന് ന്യൂഡല്‍ഹി, ബെംഗളൂരു, മുംബൈ വിമാനത്താവളങ്ങളില്‍ മൂന്ന് കൗണ്ടറുകള്‍ തുറന്നിട്ടുണ്ട്. കൂടാതെ, ബംഗളൂരു വിമാനത്താവളത്തില്‍ നിന്ന് അതത് നാട്ടിലേക്ക് കെഎസ്ആര്‍ടിസി ബസുകള്‍ ക്രമീകരിച്ചിട്ടുണ്ട്, കൂടാതെ ബെംഗളൂരു വിമാനത്താവളത്തില്‍ മെഡിക്കല്‍ ഹെല്‍ത്ത് ചെക്കപ്പുകള്‍ നല്‍കുന്നുണ്ട്. കര്‍ണാടക സര്‍ക്കാരിന്റെ കണക്ക് പ്രകാരം സംസ്ഥാനത്ത് നിന്ന് ഇതുവരെ 255 പേര്‍ ഓപ്പറേഷന്‍ കാവേരിയില്‍ തിരിച്ചെത്തി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.