വഡോദര: ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥനായി ആള്‍മാറാട്ടം നടത്തിയ ഗാന്ധി നഗര്‍ സ്വദേശിയായ വിരാജ് അശ്വിന്‍ പട്ടേല്‍ പിടിയില്‍. മുംബൈ സ്വദേശിയായ സ്ത്രീയെ ബലാത്സംഗം ചെയ്ത കുറ്റവും ഉള്‍പ്പടെ രണ്ട് കേസുകളിലാണ് വിരാജിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഗാന്ധിനഗറിലെ ഗിഫ്റ്റ് സിറ്റിയുടെ പ്രസിഡന്റായും ഇയാള്‍ ആള്‍മാറാട്ടം നടത്തിയിരുന്നു. ഇയാളുടെ തട്ടിപ്പ് പൊലീസ് പുറം ലോകത്തെ അറിയിച്ചതിന് പിന്നാലെയാണ് കൂടെയുണ്ടായിരുന്ന സ്ത്രീയും ബലാത്സംഗ പരാതി നല്‍കിയത്. ഗിഫ്റ്റ് സിറ്റിയുടെ ബ്രാന്‍ഡ് അംബാസഡര്‍ പദവി വാഗ്ദാനം ചെയ്ത് ഏപ്രില്‍ എട്ട് മുതല്‍ നിരവധി തവണ തന്നെ ബലാത്സംഗം ചെയ്തതായാണ് സ്ത്രീയുടെ പരാതി.
ഞായറാഴ്ച വിരാജിനെ അറസ്റ്റ് ചെയ്തതായി ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ദി ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. കൂടുതല്‍ പേര്‍ക്ക് തട്ടിപ്പില്‍ പങ്കുണ്ടോയെന്ന് അറിയാന്‍ അന്വേഷണം നടത്തുമെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
വെള്ളിയാഴ്ച രാത്രി ഒന്‍പതരയോടെയാണ് മള്‍ട്ടിപ്ലെക്സില്‍ സംഘര്‍ഷം നടക്കുന്നതായി പൊലീസിന് പരാതി ലഭിച്ചത്. പൊലീസ് സംഭവ സ്ഥലത്ത് എത്തിയപ്പോഴാണ് പട്ടേല്‍ മുഖ്യമന്ത്രിയുടെ ഓഫിസിലെ സ്റ്റാഫാണെന്നും ഗിഫ്റ്റ് സിറ്റിയുടെ പ്രസിഡന്റാണെന്നും പറഞ്ഞ് സ്വയം പരിചയപ്പെടുത്തിയത്.
തന്റെ ഒപ്പമുള്ള സ്ത്രീയെയാണ് ഗിഫ്റ്റ് സിറ്റിയുടെ ബ്രാന്‍ഡ് അംബാസഡറായി നിയമിക്കാന്‍ തിരഞ്ഞെടുത്തിരിക്കുന്നതെന്നും, എന്നാല്‍ ഇതേ സ്ഥാനം ലക്ഷ്യമിട്ടിട്ടുള്ള മറ്റൊരു സ്ത്രി തങ്ങളെ ഭീഷണിപ്പെടുത്തുന്നുമുണ്ടെന്നാണ് വിരാജ് പൊലീസിനോട് പറഞ്ഞത്.
സുരക്ഷ മുന്‍നിര്‍ത്തി ഇരുവരേയും പൊലീസ് വഡോദരയിലേക്ക് മാറ്റി. വിരാജിന്റെ ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ഇടപെടല്‍ കൂടി കേസില്‍ വന്നതോടെയാണ് വിരാജ് മുഖ്യമന്ത്രിയുടെ ഓഫിസിലെ സ്റ്റാഫ് അല്ലെന്നും ഗിഫ്റ്റ് സിറ്റിയുടെ പ്രസിഡന്റ് അല്ലെന്നും വ്യക്തമായത്.
വിരാജിനെതിരായ രണ്ടാമത്തെ എഫ്ഐആറ് ബലാത്സംഗ ആരോപണവുമായി ബന്ധപ്പെട്ടാണ്. മുംബൈ സ്വദേശിയായ സ്ത്രീയെ ഗിഫ്റ്റ് സിറ്റിയുടെ അംബാസഡറായി തിരഞ്ഞെടുത്തതായി ഒരു ഏജന്‍സിയാണ് വിളിച്ചറിയിച്ചതെന്നാണ് എഫ്ഐആറില്‍ പറയുന്നത്. ഇതിന്റെ ഷൂട്ടിങ് ഗുജറാത്ത് ദുബായ് എന്നിവിടങ്ങളില്‍ വച്ച് നടക്കുമെന്നും അറിയിച്ചിരുന്നതായി സ്ത്രീ പറയുന്നു.
ഏജന്റാണ് പട്ടേലിന്റെ ഫോണ്‍ നമ്പര്‍ തന്നതെന്നും പട്ടേല്‍ തന്നെ മുംബൈയിലെത്തി കണ്ടതായും സ്ത്രീ പറയുന്നു. “എനിക്ക് സബർബൻ മുംബൈയിൽ ഒരു ഫ്ലാറ്റ് തരാമെന്ന് അദ്ദേഹം പറയുകയും, അതിനായി ഫ്ലാറ്റുകള്‍ കാണാന്‍ ഒരു ദിവസം മുഴുവന്‍ ചിലവഴിക്കുകയും ചെയ്തു. അന്ന് വൈകുന്നേരം, മാലിദ്വീപിലേക്ക് ഒരു സ്വകാര്യ ജെറ്റില്‍ പോകാനുള്ള അനുമതിക്കായി കാത്തിരിക്കുകയാണെന്ന് അദ്ദേഹം എന്നോട് പറഞ്ഞു, പിന്നീട് 70 ലക്ഷം രൂപയുടെയും അഞ്ച് ലക്ഷം രൂപയുടെയും രണ്ട് ബാങ്ക് ചെക്കുകൾ അദ്ദേഹം എനിക്ക് കൈമാറി. പുലർച്ചെ രണ്ട് മണിക്ക്, ഗോവയിൽ നിന്ന് അനുമതി ലഭിച്ചുവെന്ന് അദ്ദേഹം എന്നോട് പറഞ്ഞു, മാലിദ്വീപിലേക്ക് വരാന്‍ എന്നെ ക്ഷണിച്ചു. ഞാൻ സമ്മതിച്ചു, ഞങ്ങൾ അഞ്ച് മണിക്ക് ഗോവയിലേക്ക് പുറപ്പെട്ടു,” സ്ത്രീ പറയുന്നു.
ഗോവയില്‍ വച്ച് സ്ത്രീയുടെ അക്കൗണ്ടില്‍ നിന്ന് 35 ലക്ഷം രൂപം പട്ടേല്‍ പിന്‍വലിച്ചെന്നും വിവാഹ വാഗ്ദാനം നല്‍കിയെന്നും ആരോപണമുണ്ട്. പിന്നീടാണ് തന്നെ ബലാത്സംഗം ചെയ്തതെന്നും സ്ത്രീ ആരോപിക്കുന്നു.