/indian-express-malayalam/media/media_files/uploads/2022/02/CBI.jpg)
നാഷണൽ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് (എൻഎസ്‌ഇ) മുൻ സിഇഒ ചിത്ര രാമകൃഷ്ണ, മറ്റൊരു മുൻ സിഇഒ രവി നരേൻ, മുൻ സിഒഒ ആനന്ദ് സുബ്രഹ്മണ്യൻ എന്നിവർക്കെതിരെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) വെള്ളിയാഴ്ച ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു. എൻഎസ്ഇ കോ-ലൊക്കേഷൻ സൗകര്യം ദുരുപയോഗം ചെയ്‌തുവെന്നത് സംബന്ധിച്ച അന്വേഷണത്തിലാണ് നടപടി.
സ്റ്റോക്ക് മാർക്കറ്റിലേക്ക് നേരത്തെ പ്രവേശനം നേടി നേട്ടമുണ്ടാക്കാൻ എൻഎസ്ഇ കോ-ലൊക്കേഷൻ സൗകര്യം ദുരുപയോഗം ചെയ്തെന്ന ആരോപണത്തിൽ ഡൽഹി ആസ്ഥാനമായുള്ള ഒപിജി സെക്യൂരിറ്റീസ് ഉടമയും പ്രൊമോട്ടറുമായ സഞ്ജയ് ഗുപ്ത അടക്കമുള്ളവർക്കെതിരെ സിബിഐ കേസെടുത്തിരുന്നു. ഇതുകൂടാതെ, മാർക്കറ്റ് റെഗുലേറ്ററായ സെബിയുടെയും എൻഎസ്ഇയുടെയും ചില ഉദ്യോഗസ്ഥർക്കും മറ്റ് അജ്ഞാതരായ വ്യക്തികൾക്കും എതിരെ ഏജൻസി അന്വേഷിക്കുന്നുണ്ടെന്നും വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.
“പ്രസ്തുത സ്വകാര്യ കമ്പനിയുടെ ഉടമയും പ്രൊമോട്ടറും എൻഎസ്ഇയുടെ അജ്ഞാത ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തി എൻഎസ്ഇയുടെ സെർവർ ആർക്കിടെക്ചർ ദുരുപയോഗം ചെയ്തതായി ആരോപിക്കപ്പെടുന്നു. 2010-2012 കാലയളവിൽ കോ-ലൊക്കേഷൻ സൗകര്യം ഉപയോഗിച്ച് മുംബൈയിലെ എൻഎസ്‌ഇയിലെ അജ്ഞാത ഉദ്യോഗസ്ഥർ ഈ കമ്പനിക്ക് അന്യായമായ ആക്‌സസ് നൽകിയെന്ന് ആരോപണമുണ്ട്,” സിബിഐ എഫ്‌ഐആറിൽ ആരോപിച്ചു.
ആനന്ദ് സുബ്രഹ്മണ്യനെ നിയമിച്ചത് ഹിമാലയൻ പർവതനിരകളിൽ താമസിക്കുന്ന ഒരു യോഗിയുടെ സ്വാധീനത്താലാണെന്ന് ചിത്ര രാമകൃഷ്ണ പറഞ്ഞതായി സെബി അടുത്തിടെ ഒരു പ്രസ്താവനയിൽ പറഞ്ഞിരുന്നു.
Also Read: അഹമ്മദാബാദ് സ്‌ഫോടന പരമ്പര: 38 കുറ്റവാളികള്‍ക്ക് വധശിക്ഷ; 11 പേര്‍ക്ക് ജീവപര്യന്തം
"അജ്ഞാതൻ ഒരു ആത്മീയ ശക്തിയായിരുന്നുവെന്നും, അതിന് എവിടെ വേണമെങ്കിലും പ്രകടമാക്കാൻ കഴിയുമെന്നും ചിത്ര രാമകൃഷ്ണൻ അഭിപ്രായപ്പെട്ടിരുന്നു. ആ ശക്തിക്ക് ഭൗതികമോ പ്രാദേശികമോ ആയ പരിമിതികൾ ഇല്ലായിരുന്നെന്നും ഹിമാലയൻ പർവതനിരകളിൽ കാര്യമായി താമസിച്ചിരുന്നുവെന്നും അവർ പറഞ്ഞിരുന്നു," സെബി ഉത്തരവിൽ പറയുന്നു.
ആനന്ദ് സുബ്രഹ്മണ്യനെ ചീഫ് സ്ട്രാറ്റജിക് അഡൈ്വസറായി നിയമിച്ചതിലും ഗ്രൂപ്പ് ഓപ്പറേറ്റിംഗ് ഓഫീസറായും എംഡിയുടെ ഉപദേശകനായും വീണ്ടും നിയമിച്ചതിലും ഭരണത്തിലെ പാളിച്ചകൾ ആരോപിച്ചാണ് രാമകൃഷ്ണ ഉൾപ്പെടെയുള്ളവർക്കെതിരെ സെബി കുറ്റം ചുമത്തിയത്.
വ്യാഴാഴ്ച മുംബൈയിലെ ആദായനികുതി വകുപ്പിന്റെ (ഐ-ടി) അന്വേഷണ വിഭാഗം ചിത്ര രാമകൃഷ്ണയുടെ വസതിയിൽ പരിശോധന നടത്തിയിരുന്നു. ചെന്നൈയിൽ എൻഎസ്ഇയിലെ മുൻ ഗ്രൂപ്പ് ഓപ്പറേറ്റിംഗ് ഓഫീസർ ആനന്ദ് സുബ്രഹ്മണ്യനുമായി ബന്ധപ്പെട്ട ഇടങ്ങളിലും നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.
രാമകൃഷ്ണയും അജ്ഞാതനായ വ്യക്തിയും തമ്മിൽ രഹസ്യവിവരങ്ങൾ കൈമാറുന്നത് എൻഎസ്ഇക്കും ബോർഡിനും അറിയാമായിരുന്നെന്നും സെബി പറഞ്ഞു. എന്നിരുന്നാലും, എക്‌സ്‌ചേഞ്ചും ബോർഡും "കാര്യം സെബിയെ അറിയിക്കേണ്ടതില്ലെന്നും വിഷയം മറച്ചുവെക്കരുതെന്നും ബോധപൂർവമായ തീ രുമാനമെടുത്തു," എന്നും റിപ്പോർട്ടിൽ പറയുന്നു .
ആനന്ദ് സുബ്രഹ്മണ്യന്റെ നിയമനത്തിൽ ഭരണപ്രശ്‌നങ്ങൾ ആരോപിച്ച് പരാതി ലഭിച്ചതിനെ തുടർന്ന് 2016 മുതൽ രാമകൃഷ്ണയും എൻഎസ്‌ഇയും സെബിയുടെ നിരീക്ഷണത്തിലായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.