scorecardresearch
Latest News

അഹമ്മദാബാദ് സ്‌ഫോടന പരമ്പര: മലയാളികൾ ഉൾപ്പെടെ 38 പേർക്ക് വധശിക്ഷ; 11 പേര്‍ക്ക് ജീവപര്യന്തം

സ്‌ഫോടനത്തിൽ മരിച്ചവർക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും പ്രത്യേക കോടതി വിധിച്ചു

Ahmedabad serial blasts

ന്യൂഡല്‍ഹി: 2008 അഹമ്മദാബാദ് സ്‌ഫോടന പരമ്പര കേസില്‍ പ്രത്യേക കോടതി ശിക്ഷ വിധിച്ചു. 49 കുറ്റവാളികളില്‍ 38 പേര്‍ക്ക് വധശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. ഷിബിലി, ഷാദുലി, ഷറഫുദ്ധീൻ എന്നീ മൂന്ന് മലയാളികളും ഈ കൂട്ടത്തിലുണ്ട്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രിവൻഷൻ) ആക്‌ട് (യുഎപിഎ), ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 302 എന്നിവ പ്രകാരമാണ് ശിക്ഷാ വിധി. 11 പേര്‍ക്ക് മരണം വരെ ജീവപര്യന്തം തടവും വിധിച്ചു.

സ്‌ഫോടനത്തിൽ മരിച്ചവർക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് പ്രത്യേക ജഡ്ജി എആർ പട്ടേൽ വിധി പ്രസ്താവനയില്‍ പറഞ്ഞു. ഗുരുതരമായി പരുക്കേറ്റവർക്ക് 50,000 രൂപയും പ്രായപൂർത്തിയാകാത്തവർക്ക് 25,000 രൂപയും നഷ്ടപരിഹാരം നൽകാനാണ് നിര്‍ദേശം. ആയുധ നിയമപ്രകാരം ശിക്ഷിക്കപ്പെട്ട ഉസ്മാൻ അഗർബത്തിവാലയും വധശിക്ഷ ലഭിച്ചവരില്‍ ഉള്‍പ്പെടുന്നു. ഒരു വര്‍ഷത്തെ അധിക തടവും ഉസ്മാന് ലഭിച്ചിട്ടുണ്ട്.

ഐപിസി, യുഎപിഎ, സ്‌ഫോടക വസ്തു നിയമം, പൊതുമുതൽ നശിപ്പിക്കൽ തടയൽ നിയമം എന്നിവയുടെ ഓരോ വകുപ്പിന് കീഴിലും 49 കുറ്റവാളികളുടേയും ശിക്ഷകൾ ഒരേസമയം നടപ്പാക്കും. കൂടാതെ 48 പ്രതികളിൽ നിന്നും 2.85 ലക്ഷം രൂപ വീതം പിഴയും ഈടാക്കുമെന്നും കോടതി വിധിയില്‍ പറയുന്നു. അഗർബത്തിവാലയ്ക്ക് 2.88 ലക്ഷം രൂപയാണ് പിഴ.

കൊലപാതകം, രാജ്യദ്രോഹം, രാജ്യത്തിനെതിരായ പ്രവര്‍ത്തനം, യുഎപിഎ, സ്‌ഫോടകവസ്തു നിയമം എന്നിവ ഉൾപ്പെടെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ കുറ്റങ്ങൾ പ്രകാരം 78 പ്രതികളിൽ 49 പേരും കുറ്റക്കാരാണെന്ന് ഫെബ്രുവരി എട്ടിനായിരുന്നു പ്രത്യേക കോടതി കണ്ടെത്തിയത്.

2008 ജൂലൈ 26 നായിരുന്നു രാജ്യത്തെ തന്നെ നടുക്കിയ സ്ഫോടന പരമ്പര നടന്നത്. സര്‍ക്കാരിന്റെ കീഴിലുള്ള സിവിൽ ആശുപത്രി, അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷന്റെ കീഴിലുള്ള എൽജി ഹോസ്പിറ്റൽ എന്നിവയുള്‍പ്പെടെ 22 സ്ഥലങ്ങളിലായിരുന്നു സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ 56 പേർ കൊല്ലപ്പെട്ടു. 200 ഓളം പേർക്ക് പരുക്കേറ്റു. 24 ബോംബുകളായിരുന്നു ഉണ്ടായിരുന്നത്. കലോലിലും നരോദയിലും സ്ഥാപിച്ചിരുന്ന ബോംബുകള്‍ പൊട്ടിയില്ല.

Also Read: വധഗൂഢാലോചനക്കേസ്: നാദിര്‍ഷയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: 2008 ahmedabad serial blast 38 convicts sentenced to death