/indian-express-malayalam/media/media_files/uploads/2022/02/nothing-to-fear-says-kerala-students-in-ukraine-618274-FI.jpg)
പ്രതീകാത്മക ചിത്രം
കീവ്: റഷ്യ ആക്രമിക്കുമെന്ന ഭീതി നിലനില്‍ക്കെ തങ്ങള്‍ സുരക്ഷിതരാണെന്ന് യുക്രൈനിലുള്ള മലയാളി വിദ്യാര്‍ഥികള്‍. നാട്ടിലേക്ക് മടങ്ങാന്‍ സര്‍വകലാശാലകള്‍ അനുമതി നല്‍കിയതായും ക്ലാസുകള്‍ ഇനിമുതല്‍ ഓണ്‍ലൈനായിരിക്കുമെന്നും വിദ്യാര്‍ഥികള്‍ അറിയിച്ചു.
"യുദ്ധത്തെപ്പറ്റി നാട്ടില്‍ ഒരുപാട് വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഇവിടുത്തെ സാഹചര്യങ്ങള്‍ സാധാരണ നിലയില്‍ തന്നെയാണ്. സാധനങ്ങള്‍ വാങ്ങാന്‍ പോകുന്നതിനും യാത്ര ചെയ്യുന്നതിനും ഇപ്പോള്‍ വിലക്കുകള്‍ ഏര്‍പ്പെടുത്തിയിട്ടില്ല. നാട്ടിലുള്ള രക്ഷിതാക്കളും മറ്റുള്ളവരും ആശങ്കപ്പെടേണ്ട സാഹചര്യമില്ല," മാളവിക നാരായണന്‍ എന്ന വിദ്യാര്‍ഥി മനോരമ ന്യൂസിനോട് പറഞ്ഞു.
വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ തത്കാലം യുക്രൈന്‍ വിടണമെന്ന് ഇന്ത്യന്‍ എംബസി ഇന്നലെ ആവശ്യപ്പെട്ടിരുന്നു. അനാവശ്യ യാത്രകള്‍ രാജ്യത്തിനുള്ളില്‍ നടത്തരുതെന്നും നിര്‍ദേശമുണ്ട്. ഇന്ത്യയില്‍ നിന്നുള്ള ഇരുപതിനായിരത്തോളം വിദ്യാര്‍ഥികളാണ് യുക്രൈനിലുള്ളത്.
“യുക്രൈനിലെ നിലവിലെ സാഹചര്യത്തിന്റെ അനിശ്ചിതത്വങ്ങൾ കണക്കിലെടുത്ത് ഇന്ത്യൻ പൗരന്മാർ, പ്രത്യേകിച്ചും താമസം അനിവാര്യമല്ലാത്ത വിദ്യാര്‍ഥികള്‍ താത്കാലികമായി രാജ്യം വിടുന്നത് പരിഗണിക്കണം. ഇന്ത്യൻ പൗരന്മാരോട് യുക്രൈനിലൂടെയുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും നിര്‍ദേശിക്കുന്നു,” കീവിലുള്ള ഇന്ത്യന്‍ എംബസിയുടെ പ്രസ്താവനയില്‍ പറയുന്നു.
അതേസമയം, യുക്രൈനുമായുള്ള യുദ്ധത്തില്‍ നിന്ന് റഷ്യ പിന്മാറണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അഭ്യര്‍ത്ഥിച്ചു. അനാവശ്യ മരണങ്ങളും നാശവും സൃഷ്ടിച്ചാല്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍ നേരിടേണ്ടി വരുന്ന അന്താരാഷ്ട്ര പ്രതിഷേധത്തിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുക്രൈനിലേക്കുള്ള റഷ്യയുടെ കടന്നുകയറ്റം വിദൂര സാധ്യത മാത്രമാണെന്നും ബൈഡന്‍ പറഞ്ഞു.
Also Read: ‘റഷ്യ യുക്രൈന്‍ ആക്രമിച്ചാല്‍ പ്രത്യാഘാതം വലുത്’; മുന്നറിയിപ്പുമായി ബൈഡന്‍
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.