വാഷിങ്ടൺ: യുക്രൈനുമായുള്ള യുദ്ധത്തില്‍ നിന്ന് റഷ്യ പിന്മാറണമെന്ന് അഭ്യര്‍ത്ഥിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. അനാവശ്യ മരണങ്ങളും നാശവും സൃഷ്ടിച്ചാല്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍ നേരിടേണ്ടി വരുന്ന രാജ്യാന്തര പ്രതിഷേധത്തിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുക്രൈനിലേക്കുള്ള റഷ്യയുടെ കടന്നുകയറ്റം വിദൂര സാധ്യത മാത്രമാണെന്നും ബൈഡന്‍ പറഞ്ഞു.
ഒന്നരലക്ഷം റഷ്യന്‍ സൈനികര്‍ നിലവില്‍ യുക്രൈന്‍ വളഞ്ഞിട്ടുള്ളതായും അമേരിക്കന്‍ പ്രസിഡന്റ് അറിയിച്ചു. ചില സൈനിക സേനകള്‍ പിന്‍വാങ്ങിയെന്നുള്ള സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. എന്നിരുന്നാലും ഒരു കടന്നാക്രമണത്തിന്റെ സാധ്യതകള്‍ തള്ളിക്കളയാന്‍ സാധിക്കില്ലെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.
നയപരമായി മുന്നോട്ട് പോകാനുള്ള അവസരം ഇപ്പോഴും നിലനില്‍ക്കുന്നതായും ബൈഡന്‍ ഓര്‍മ്മിപ്പിച്ചു. റഷ്യ യുക്രൈന്‍ ആക്രമിച്ചാലുണ്ടാകാനിരിക്കുന്ന പ്രത്യാഘാതങ്ങളേയും അമേരിക്കന്‍ പ്രസിഡന്റ് ചൂണ്ടിക്കാണിച്ചു. സാമ്പത്തിക പ്രതിസന്ധി നേരിടുകയും ആഗോളതലത്തില്‍ ഒറ്റപ്പെടുകയും ചെയ്യുമെന്നാണ് ബൈഡന്റെ മുന്നറിയിപ്പ്.
“അമേരിക്കയും നോര്‍ത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷനും (നാറ്റൊ) റഷ്യയ്ക്ക് ഭീഷണിയല്ല. യുക്രൈനില്‍ യുഎസിനും നാറ്റോയ്ക്കും മിസൈലുകളില്ല. റഷ്യയിലെ ജനങ്ങളെ ഞങ്ങള്‍ ലക്ഷ്യമിടുന്നില്ല. റഷ്യയെ അസ്ഥിരപ്പെടുത്താന്‍ ഞങ്ങള്‍ ശ്രമിക്കുന്നില്ല,” ബൈഡന്‍ വ്യക്തമാക്കി.
“റഷ്യയിലെ പൗരന്മാരോടായി പറയുന്നു, നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല. യുക്രൈനെതിരായ ഒരു യുദ്ധവും രക്തച്ചൊരിച്ചിലും നിങ്ങള്‍ ആഗ്രഹിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. യുക്രൈനെ ആക്രമിച്ചാല്‍ റഷ്യ നേരിടാന്‍ പോകുന്ന പ്രത്യാഘാതം വലുതായിരിക്കും. അനാവശ്യ നടപടികള്‍ റഷ്യ സ്വീകരിച്ചാല്‍ ലോകം അത് ഒരിക്കലും മറക്കില്ല,” അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞു.
റഷ്യയുമായി നേരിട്ടുള്ള ഏറ്റുമുട്ടലിന് അമേരിക്ക ശ്രമിക്കുന്നില്ലെന്നും സൈനികർ യുക്രൈനിലേക്ക് യുദ്ധം ചെയ്യാൻ പോകുന്നില്ലെന്നും പ്രസിഡന്റ് പറഞ്ഞു. എന്നാൽ റഷ്യ യുക്രൈനിലുള്ള അമേരിക്കക്കാരെ ആക്രമിക്കുകയാണെങ്കിൽ ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.