/indian-express-malayalam/media/media_files/uploads/2021/01/Amit-Shah-amp.jpg)
ന്യൂഡൽഹി: 'സേവ് ലക്ഷദ്വീപ്' ക്യാമ്പയിൻ ശക്തമാകുന്നതിനിടെ, പരിഷ്കാരങ്ങൾ ഉടൻ നടപ്പാക്കേണ്ടെന്ന് അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനോട് ബിജെപി നേതൃത്വം ആവശ്യപ്പെടുമെന്ന് വിവരം. ലക്ഷദ്വീപ് ജനതയെ കണക്കിലെടുക്കാതെ ഒരു നടപടിയും സ്വീകരിക്കില്ലെന്ന് ബിജെപി പ്രതിനിധി സംഘത്തിന് ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ ഉറപ്പ് നൽകിയിരുന്നു.
"നിർദിഷ്ട മാറ്റങ്ങൾ നിർദേശങ്ങൾ മാത്രമാണെന്നും നിർദേശങ്ങളിൽ ജനങ്ങളുടെ അഭിപ്രായം തേടിയിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. പേടിക്കേണ്ടതില്ലെന്നും ജനങ്ങളെ കണക്കിലെടുക്കാതെ ഒരു നടപടിയും സ്വീകരിക്കില്ലെന്ന് ജനങ്ങളോട് പറയാൻ അദ്ദേഹം ഞങ്ങളോട് ആവശ്യപ്പെട്ടു. ജനങ്ങളുടെ സമ്മതത്തിനായി അവരുമായി ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു," ലക്ഷദ്വീപിന്റെ ചുമതലയുള്ള ബിജെപി വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളകുട്ടി 'ദി ഇന്ത്യൻ എക്സ്പ്രസ്സിനോട്' പറഞ്ഞു. അബ്‌ദുൾ ഖാദർ ഹാജി ഉൾപ്പടെയുള്ള ബിജെപി നേതാക്കൾക്കൊപ്പം അമിത് ഷായെയും ബിജെപി അധ്യക്ഷൻ ജെപി നദ്ദയെയും കണ്ട ശേഷമായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം.
ലക്ഷദ്വീപിലെ പുതിയ കരട് നിയമനിർമാണങ്ങൾ പ്രാദേശിക പ്രതിനിധികളോട് ചർച്ചചെയ്യാതെ അന്തിമ രൂപത്തിലെത്തിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉറപ്പ് നൽകിയെന്ന് ലക്ഷദ്വീപ് എംപിയും എൻസിപി നേതാവുമായ മുഹമ്മദ് ഫൈസൽ ഇന്നലെ അമിത് ഷായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെ തല്‍സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് കേരള നിയമസഭ പ്രമേയം പാസാക്കിയതിനു പിന്നാലെയാണ് അമിത് ഷായുടെ ഉറപ്പ് വരുന്നത്.
സേവ് ലക്ഷദ്വീപ് ക്യാമ്പയിനും കേരളത്തിലെ ജനങ്ങളുടെ സമ്മർദ്ദവും ബിജെപിയുടെ സംസ്ഥാന കേന്ദ്ര ഘടകങ്ങളെ പ്രതിസന്ധിയിലാക്കിയെന്ന് നേതൃത്വം സമ്മതിക്കുന്നു. ഒപ്പം ബിജെപി നേതാക്കൾ തന്നെ അഡ്മിനിസ്ട്രേറ്ററുടെ നടപടികളെ ചോദ്യം ചെയ്തതും പാർട്ടിയെ സമ്മർദ്ദത്തിലാക്കി.
എന്നാൽ കേന്ദ്രം പട്ടേലിനെ തിരിച്ചു വിളിച്ചേക്കും എന്നതിന്റെ സൂചനകൾ ഒന്നും ലഭിക്കുന്നില്ല. അഡ്മിനിസ്ട്രേറ്ററുടെ പുതിയ നടപടികൾ മന്ദഗതിയിലാക്കാൻ കേന്ദ്രം ആവശ്യപ്പെടും എന്നാണ് കരുതുന്നത്. "ഇത്തരം വിഷയങ്ങളിൽ തീരുമാനം എടുക്കും മുൻപ് കൃത്യമായ ചർച്ചകൾ ആവശ്യമാണെന്ന് നേതൃത്വം സമ്മതിക്കുന്നുണ്ട്" എന്ന് മുതിർന്ന പാർട്ടി നേതാവ് പറഞ്ഞു.
ലക്ഷ്വദീപിലെ ജനങ്ങളുടെ ക്ഷേമത്തിലാണ്അദ്ദേഹത്തിന്റെ പ്രധാന ശ്രദ്ധയെന്നും അതുകൊണ്ട് തന്നെ അവിടത്തെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് പ്രത്യേക നടപടി സ്വീകരിച്ചെന്നും അബ്ദുള്ള കുട്ടി പറയുന്നു."അവിടെ ഡീസാലിനേഷൻ പദ്ധതി എങ്ങനെ പുരോഗമിക്കുന്നുവെന്ന് അദ്ദേഹം പാർട്ടി പ്രസിഡന്റിനോട് ചോദിച്ചു" എന്നും അബ്ദുള്ള കുട്ടി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.