ന്യൂഡൽഹി: ലക്ഷദ്വീപിലെ പുതിയ കരട് നിയമനിർമാണങ്ങൾ പ്രാദേശിക പ്രതിനിധികളോട് ചർച്ചചെയ്യാതെ അന്തിമ രൂപത്തിലെത്തിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉറപ്പ് നൽകിയെന്ന് ലക്ഷദ്വീപ് എംപിയും എൻസിപി നേതാവുമായ മുഹമ്മദ് ഫൈസൽ.
അമിത്ഷായെ മുഹമ്മദ് ഫൈസൽ സന്ദർശിക്കുകയും ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ നിർദ്ദേശിച്ച കരട് നിയമങ്ങളോടുള്ള കടുത്ത വിയോജിപ്പ് അറിയിക്കുകയും ചെയ്തിരുന്നു. നിയമങ്ങൾക്കെതിരെ ദ്വീപുകളിൽ വ്യാപകമായി നടക്കുന്ന പ്രതിഷേധത്തെക്കുറിച്ചു് വിശദമായി ഷായെ അറിയിച്ചതായി യോഗത്തിന് ശേഷം ഫൈസൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
“പരിഗണനയിലുള്ളത് ഏത് നിയമങ്ങളാണെങ്കിലും അവ ലക്ഷദ്വീപിലേക്ക് അയക്കുമെന്നും ജില്ലാ പഞ്ചായത്തിലെ പ്രാദേശിക പ്രതിനിധികളുമായി ആലോചിക്കുമെന്ന് അദ്ദേഹം (അമിത് ഷാ) ഉറപ്പ് നൽകി. അന്തിമ രൂപം നൽകുന്നതിന് മുമ്പ് ആളുകളുടെ സമ്മതം കണക്കിലെടുക്കും,” ഫസലിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
Read More: ലക്ഷദ്വീപ്: നിർദേശങ്ങൾ സമർപ്പിക്കാൻ ജനങ്ങളെ അനുവദിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി
പ്രഫുൽ ഖോഡ പട്ടേൽ മുന്നോട്ടുവച്ച നിരവധി വിവാദ നിർദേശങ്ങൾക്കെതിരെ ലക്ഷദ്വീപിൽ ജനരോഷം തുടരുകയാണ്.
ഗോമാംസം നിരോധിക്കുന്നത് മുതൽ രണ്ടിൽ കൂടുതൽ കുട്ടികളുള്ളവരെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളാകുന്നതിൽ നിന്ന് അയോഗ്യരാക്കുന്നത് വരെയുള്ള നിർദേശങ്ങൾ നടപ്പാക്കാൻ ശ്രമിക്കുന്ന പട്ടേലിനെ നീക്കം ചെയ്യാൻ താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഫൈസൽ കൂട്ടിച്ചേർത്തു. ലക്ഷദ്വീപ് ഡവലപ്മെന്റ് അതോറിറ്റി റെഗുലേഷൻ (എൽഡിആർ), ലക്ഷദ്വീപ് പ്രിവൻഷൻ ഓഫ് സോഷ്യൽ ആക്റ്റിവിറ്റീസ് റെഗുലേഷൻ എന്നീ കരട് നിയമനിർമാണങ്ങളെക്കുറിച്ച് ജനങ്ങൾക്ക് ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തിൽ കൂടുതൽ ചർച്ച ചെയ്യാൻ അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുമായി കൂടിക്കാഴ്ചയ്ക്ക് എൻസിപി പ്രസിഡന്റ് ശരദ് പവാർ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.