/indian-express-malayalam/media/media_files/uploads/2023/05/NITI-YOG.jpg)
NITI AYOG
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നിതി ആയോഗിന്റെ ഗവേണിംഗ് കൗണ്‍സിലിന്റെ എട്ടാമത് നിതി ആയോഗ് യോഗത്തില്‍ നിന്ന് വിട്ടുനിന്ന് പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കാത്ത മുഖ്യമന്ത്രിമാര്‍.
എഎപി ഭരിക്കുന്ന രണ്ട് സംസ്ഥാനങ്ങളിലെ പഞ്ചാബ്, ഡല്‍ഹി മുഖ്യമന്ത്രിമാര്‍ നീതി ആയോഗ് യോഗം ബഹിഷ്‌കരിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചപ്പോള്‍ മറ്റ് സംസ്ഥാനങ്ങള്‍ പങ്കെടുക്കാത്തതിന് വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി. സഹകരണ ഫെഡറലിസത്തെ കേന്ദ്രസര്‍ക്കാര്‍ പരസ്യമായി പരിഹസിക്കുമ്പോള്‍ ഈ യോഗത്തില്‍ പങ്കെടുത്തിട്ട് എന്ത് പ്രയോജനമുണ്ടെന്ന് യോഗം ബഹിഷ്‌കരിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ച് കേജ്‌രിവാള്‍ ചോദിച്ചു.
'നിതി ആയോഗിന്റെ ലക്ഷ്യം ഇന്ത്യയ്ക്കായി ഒരു കാഴ്ചപ്പാട് തയ്യാറാക്കുകയും സഹകരണ ഫെഡറലിസം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ്. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ജനാധിപത്യം ആക്രമിക്കപ്പെടുന്ന രീതിയും ബിജെപി ഇതര സര്‍ക്കാരുകളെ താഴെയിറക്കുന്ന രീതിയും നമ്മുടെ രാജ്യത്തിന്റെ കാഴ്ചപ്പാടോ സഹകരണ ഫെഡറലിസമോ അല്ല, ''കേജ്‌രിവാള്‍ പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ പറഞ്ഞു.
ഗ്രാമവികസന ഫീസായി (ആര്‍ഡിഎഫ്) സംസ്ഥാനത്തിന് 3,600 കോടി രൂപ കേന്ദ്രം നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ യോഗത്തില്‍ പങ്കെടുക്കാത്തത്. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ അവകാശങ്ങളെ മാനിക്കണമെന്നും അവരുടെ വിഭവങ്ങളുടെ വിഹിതം മാന്യമായി കൈമാറ്റം ചെയ്യുന്ന സംവിധാനം കൂടുതല്‍ ശക്തമാക്കണമെന്നും യോഗത്തില്‍ പങ്കെടുത്ത ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ പറഞ്ഞു.
അതിനിടെ, ഡല്‍ഹി സര്‍ക്കാരിന്റെ അധികാരങ്ങള്‍ വെട്ടിക്കുറക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ഓര്‍ഡിനന്‍സിനെതിരെ ബിആര്‍എസിന്റെ പിന്തുണ തേടി കെജ്രിവാളും ഭഗവന്ത് മാനും ശനിയാഴ്ച ഹൈദരാബാദിലെത്തി. ഡല്‍ഹി മുഖ്യമന്ത്രിക്ക് ഹൈദരാബാദില്‍ ആതിഥ്യം വഹിക്കുന്നതിനാല്‍ തെലങ്കാന മുഖ്യമന്ത്രി റാവു നിതി ആയോഗ് യോഗത്തില്‍ പങ്കെടുക്കുന്നില്ല. ഒഡീഷയിലെയും കേരളത്തിലെയും മുഖ്യമന്ത്രിമാരും അവരുടെ സംസ്ഥാനങ്ങളില്‍ മുന്‍കൂര്‍ പരിപാടികള്‍ ഉള്ളതിനാലാണ് യോഗത്തില്‍ പങ്കെടുക്കാത്തത്.
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. അതേസമയം, മുഖ്യമന്ത്രിക്ക് പകരം സംസ്ഥാന ധനമന്ത്രിയെയും ചീഫ് സെക്രട്ടറിയെയും യോഗത്തിന് അയക്കാമെന്ന തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ആവശ്യം കേന്ദ്രം നിരസിച്ചു. രാജസ്ഥാന്‍ മുഖ്യമന്ത്രി ഗെലോട്ടിന്റെ ഡല്‍ഹി സന്ദര്‍ശനം അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായതിനാല്‍ റദ്ദാക്കിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡിലെയും ഹിമാചല്‍ പ്രദേശിലെയും മുഖ്യമന്ത്രിമാര്‍ നിതി ആയോഗ് യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. എന്നിരുന്നാലും, ശനിയാഴ്ച മന്ത്രിസഭാ വിപുലീകരണത്തിന്റെ സത്യപ്രതിജ്ഞാ പരിപാടികളുടെ തിരക്കിലായതിനാല്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ യോഗത്തില്‍ പങ്കെടുത്തില്ല. വിദേശത്തായതിനാല്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും യോഗത്തില്‍ പങ്കെടുത്തില്ല. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, ഹരിയാന മുഖ്യമന്ത്രി എം എല്‍ ഖട്ടാര്‍ എന്നിവരുള്‍പ്പെടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.