ന്യൂഡൽഹി: നിങ്ങളുടെ വീട്ടിലെ പ്രധാന കുടിവെള്ള സ്രോതസുകളിലൊന്ന് പാക്കേജ് ചെയ്തതോ അതോ കുപ്പിവെള്ളമോ ആണോ?. നിങ്ങളുടെ അടുക്കളയിൽ എൽപിജി അല്ലെങ്കിൽ പിഎൻജി കണക്ഷൻ ഉണ്ടോ?. വീട്ടിൽ എത്ര സ്മാർട്ട്ഫോണുകൾ അല്ലെങ്കിൽ ഡിടിഎച്ച് കണക്ഷനുകൾ ഉണ്ട്?. കുടുംബത്തിൽ ഉപയോഗിക്കുന്ന പ്രധാന ധാന്യം ഏതാണ്?. 2021 ലെ സെൻസസിലെ ചില ചോദ്യങ്ങളാണിത്.
കോവിഡ് പ്രതിസന്ധിയെ തുടർന്ന് 2021 ലെ സെൻസെസ് മാറ്റിവയ്ക്കേണ്ടി വന്നു, പുതിയ സെൻസെസ് ഷെഡ്യൂൾ ഇതുവരെ പുറത്തിറക്കിയിട്ടില്ല. തിങ്കളാഴ്ച, സെൻസസ് ഓഫിസിന് ജങ്കാനന ഭവൻ എന്ന പുതിയ കെട്ടിടം ലഭിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തത്. 150-ാം വാർഷികത്തോടനുബന്ധിച്ച്, സെൻസസ് ഓഫീസ് ഒരു പുതിയ പ്രസിദ്ധീകരണവും പുറത്തിറക്കിയിട്ടുണ്ട്.
കഴിഞ്ഞ നാലു വർഷത്തെ സെൻസെസിന്റെ പൂർണ വിവരങ്ങൾ പ്രസിദ്ധീകരണത്തിലുണ്ട്. ആദ്യമായി ശേഖരിക്കേണ്ട വിവരങ്ങൾ ഉൾപ്പെടെ 2021-ലെ സെൻസസിനായി നടന്നുകൊണ്ടിരിക്കുന്ന തയ്യാറെടുപ്പുകളെക്കുറിച്ചുള്ള ഒരു അധ്യായവും ഇതിലുണ്ട്.
ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധമതം, ജൈനമതം എന്നിങ്ങനെ ആറ് ഓപ്ഷനുകളാണ് മതമേതെന്ന ചോദ്യത്തിനുള്ളതെന്ന് പ്രസിദ്ധീകരണം പറയുന്നു. മറ്റ് മതങ്ങൾക്ക്, മതത്തിന്റെ പേര് പൂർണമായി എഴുതുക, എന്നാൽ ഒരു കോഡ് നമ്പറും നൽകരുതെന്ന് അതിൽ പറയുന്നു. സർണയെ പ്രത്യേക മതമായി പട്ടികപ്പെടുത്തണമെന്ന് ആദിവാസി സമൂഹത്തിൽ നിന്ന് ആവശ്യമുയർന്നിട്ടുണ്ട്.
2020 മാർച്ചോടെയാണ് രാജ്യത്ത് കൊറോണ വൈറസ് വ്യാപനമുണ്ടായത്. ആ വർഷം മാർച്ച് 24 ന് രാജ്യത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തി. അതോടെ സെൻസെസ് ശേഖരണം മാറ്റിവയ്ക്കേണ്ടി വന്നു. 2021 ലെ സെൻസെസ് ശേഖരിക്കാൻ ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീട്, ഇലക്ട്രോണിക് മാർഗങ്ങളും പരമ്പരാഗത പേപ്പർ ഫോമുകളും ഉപയോഗിച്ച് ഡാറ്റ ശേഖരിക്കാൻ തീരുമാനിച്ചു.