/indian-express-malayalam/media/media_files/uploads/2022/09/popular-friend-of-india-nia.jpg)
ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്കെതിരെ (പി എഫ് ഐ) നടപടി തുടര്‍ന്ന് നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍ ഐ എ). സംസ്ഥാന പൊലീസ് സേനകളുടെ സഹായത്തോടെ രാജ്യത്തെ വിവിധ ഇടങ്ങളില്‍ നടന്ന റെയ്ഡുകളില്‍ പി എഫ് ഐ യുടെയും എസ് ഡി പി ഐയുടെയും 25 നേതാക്കന്മാരെ കരുതല്‍ തടങ്കലിലാക്കിയതായാണ് വിവരം.
മധ്യപ്രദേശ്, കര്‍ണാടക, അസം, ഡല്‍ഹി, മഹാരാഷ്ട്ര, തെലങ്കാന, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളിലാണ് റെയ്ഡുകള്‍ പുരോഗമിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡല്‍ഹിയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നായി മുപ്പതോളം പേരെയാണ് കസ്റ്റഡിയിലെടുത്തത്.
സെപ്തംബര്‍ 22 ന് രാജ്യവ്യാപകമായി നടന്ന റെയ്ഡില്‍ പിഎഫ്ഐയുടെ ഏഴ് പ്രധാന നേതാക്കന്മാരെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിക്കല്‍, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയില്‍ പിഎഫ്ഐ നേതാക്കള്‍ ഉള്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ റജിസ്റ്റര്‍ ചെയ്ത അഞ്ച് കേസുകളുമായി ബന്ധപ്പെട്ടായിരുന്നു അന്ന് റെയ്ഡ് നടന്നതെന്ന് അന്വേഷണ ഏജന്‍സി പ്രസ്താവനയില്‍ അറിയിച്ചിരുന്നു.
അതിനിടെ നാസിക് പൊലീസ് പിഎഫ്ഐയുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്കു. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ നിന്ന് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നാല് പിഎഫ്ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ക്രൈം ബ്രാഞ്ചും പ്രാദേശിക പൊലീസും നടത്തിയ ഓപ്പറേഷനില്‍ തിങ്കളാഴ്ച രാത്രിയായിരുന്നു നാലുപേരെയും അറസ്റ്റ് ചെയ്തതെന്ന് ഡെപ്യൂട്ടി കമ്മിഷണര്‍ ഓഫ് പൊലീസ് ലക്ഷ്മികാന്ത് പാട്ടീല്‍ അറിയിച്ചു.
കർണാടകയിലെ ഉഡുപ്പിയില്‍ പിഎഫ്ഐ നേതാക്കളുടെ വീടുകളിലും റെയ്ഡ് നടന്നു. വിവിധ കേസുകളിലായി നാല് പേരെ കസ്റ്റഡിയിലെടുത്തതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.