ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഔറയ്യ ജില്ലയില്‍ ദളിത് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം. അധ്യാപകന്റെ മര്‍ദനമാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. മര്‍ദനത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വാരത്തോളമായി ചികിത്സയിലായിരുന്നു 15 വയസുകാരന്‍ ഇന്നലെ രാവിലെയാണ് മരണപ്പെട്ടത്.
ഐപിസി സെക്ഷൻ 308 (നരഹത്യ ശ്രമം), 323 (സ്വമേധയാ മുറിവേൽപ്പിക്കുക), 504 (സമാധാന തകര്‍ക്കുക എന്ന ഉദ്ദേശത്തോടെയുള്ള അപമാനിക്കൽ), കൂടാതെ പട്ടികജാതി-പട്ടികവർഗക്കാർക്കെതിരെയുള്ള അതിക്രമം തടയല്‍ വകുപ്പുകള്‍ പ്രകാരം അധ്യാപകനെതിരെ കേസെടുത്തിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ 20 ദിവസമായി ഇയാള്‍ ഒളിവിലാണ്.
ജില്ലയിലുണ്ടായ പ്രതിഷേധം അതിക്രമത്തിലേക്കും കടന്നു. രണ്ട് പൊലീസ് വാഹനങ്ങള്‍ കത്തിച്ചു. സ്വകാര്യ വാഹനങ്ങള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വിദ്യാര്‍ഥിയുടെ മൃതദേഹം കൊണ്ടുവന്ന വഴിയില്‍ മുദ്രാവാക്യങ്ങളുമായി നൂറുകണക്കിന് പേരാണ് തടിച്ചുകൂടിയത്. പ്രതിഷേധം അതിരുവിട്ടതോടെ കൂടുതല്‍ പൊലീസിനെ പ്രദേശത്ത് വിന്യസിച്ചു.
വിദ്യാര്‍ഥിക്ക് കിഡ്ണി സംബന്ധമായ രോഗങ്ങള്‍ ഉണ്ടായിരുന്നതായാണ് ഔറയ്യ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മഹേന്ദ്ര പ്രതാപ് സിങ് പറയുന്നത്. മരണകാരണം എന്താണെന്ന് വ്യക്തമാകണമെങ്കില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ആശുപത്രിയില്‍ നിന്നുള്ള മറ്റ് വിവരങ്ങളും ലഭിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സെപ്തംബര്‍ ഏഴാം തീയതിയാണ് വിദ്യാര്‍ഥിക്ക് മര്‍ദനമേറ്റതെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. ഒരു ഉത്തരം തെറ്റിയതിന്റെ പേരില്‍ വിദ്യാര്‍ഥിയെ അധ്യാപകന്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥിയുടെ ബോധം നഷ്ടപ്പെടുകയും ചെയ്തെന്നാണ് വിദ്യാര്‍ഥിയുടെ പിതാവ് പൊലീസിന് നല്‍കിയിരിക്കുന്ന പരാതിയില്‍ പറയുന്നത്.
മകന്റെ ചികിത്സയ്ക്കായി പണം തരാമെന്ന് അധ്യാപകന്‍ വാഗ്ദാനം ചെയ്തിട്ട് 40,000 രൂപ മാത്രമാണ് നല്‍കിയതെന്നും പിതാവ് ആരോപിക്കുന്നു. ചികിത്സയ്ക്കായി കൂടുതല്‍ പണം ആവശ്യപ്പെട്ടപ്പോള്‍ ജാതി അധിക്ഷേപം നേരിട്ടതായും അദ്ദേഹം പറഞ്ഞു.