scorecardresearch

പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിച്ചു; ജനാധിപത്യത്തിന്റെ അവിസ്മരണീയ ദിനമെന്ന് പ്രധാനമന്ത്രി

8.30നും ഒമ്പതിനും മധ്യേ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ പ്രധാനമന്ത്രി ചെങ്കോല്‍ സ്ഥാപിക്കും.

8.30നും ഒമ്പതിനും മധ്യേ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ പ്രധാനമന്ത്രി ചെങ്കോല്‍ സ്ഥാപിക്കും.

author-image
WebDesk
New Update
modi

(Youtube/@narendramodi)

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരം ഇന്ത്യയുടെയും ലോകത്തിന്റെയും വികസനത്തിന് തിരികൊളുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ജനാധിപത്യത്തിന്റെ അവിസ്മരണീയ ദിനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. വിശുദ്ധമായ ചെങ്കോലിന്റെ പ്രൗഢി വീണ്ടെടുക്കാന്‍ കഴിഞ്ഞത് നമ്മുടെ ഭാഗ്യമാണെന്നും ഈ സഭയില്‍ നടപടികള്‍ ആരംഭിക്കുമ്പോഴെല്ലാം 'ചെങ്കോല്‍' ഞങ്ങളെ പ്രചോദിപ്പിക്കും പ്രധാനമന്ത്രി പറഞ്ഞു.

Advertisment

ജനാധിപത്യം നമുക്ക് ഒരു സംവിധാനം മാത്രമല്ല. അത് ഒരു പാരമ്പര്യവും സംസ്‌കാരവും നമ്മുടെ ചിന്തകളുടെ ഭാഗവുമാണ് പ്രധാനമന്ത്രി പറഞ്ഞു. ഒരു സന്‍സദ് ഭവന്‍ മാത്രമല്ല, 140 കോടി ജനങ്ങളുടെ ആഗ്രഹങ്ങളുടെയും സ്വപ്നങ്ങളുടെയും പ്രതിഫലനമാണ് പാര്‍ലമെന്റ് മന്ദിരമെന്നും പ്രധാനമന്ത്രി പറഞ്ഞു. ചില തീയതികള്‍ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. 2023 മെയ് 28 അത്തരത്തിലുള്ള ഒരു ദിവസമാണെന്നും അദ്ദേഹം പറഞ്ഞു.

ലോക്സഭാ സ്പീക്കറുടെ ചേമ്പറിന് സമീപം സ്ഥാപിച്ച ചെങ്കോലിനെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി ചോള രാജവംശത്തില്‍ ചെങ്കോല്‍ നീതിയുടെയും സദ്ഭരണത്തിന്റെയും പ്രതീകമായിരുന്നു. വിശുദ്ധമായ ചെങ്കോലിന്റെ പ്രൗഢി വീണ്ടെടുക്കാന്‍ കഴിഞ്ഞത് നമ്മുടെ ഭാഗ്യമാണ്. ഈ സഭയില്‍ എപ്പോഴൊക്കെ നടപടികള്‍ തുടങ്ങുമ്പോഴും 'ചെങ്കോല്‍' നമുക്ക് പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു.

പുതിയ പാര്‍ലമെന്റ് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വരും വര്‍ഷങ്ങളില്‍, പാര്‍ലമെന്റിലെ സീറ്റുകളുടെയും എംപിമാരുടെയും എണ്ണത്തില്‍ വര്‍ദ്ധനവ്‌ നാം കാണും ലോക്സഭയിലെയും രാജ്യസഭയിലെയും സീറ്റുകളുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുള്ള 2026-ന് ശേഷമുള്ള അതിര്‍ത്തി നിര്‍ണയത്തെ പരാമര്‍ശിക്കുകയായിരുന്നു മോദി.

Advertisment

രാവിലെ 7.30ന് പാര്‍ലമെന്റ് വളപ്പിലെ മഹാത്മാഗാന്ധി പ്രതിമയ്ക്ക് സമീപം യജ്ഞത്തോടെ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങുകളുടെ ആദ്യഘട്ടം തുടങ്ങി. ഹോമത്തിനും പൂജയ്ക്കും ശേഷം പാര്‍ലമെന്റ് മന്ദിരത്തില്‍ പ്രധാനമന്ത്രി ചെങ്കോല്‍ സ്ഥാപിച്ചു. തുടർന്ന് സര്‍വമത പ്രാര്‍ഥന നടന്നു. ഇതോടെ ആദ്യഘട്ട ചടങ്ങുകൾ പൂർത്തിയായി. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ലയും, രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവന്‍ഷ്നും ചടങ്ങില്‍ പങ്കെടുത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ലോക്സഭാ ചേംബറിലെത്തുമ്പോള്‍, ഉദ്ഘാടന ചടങ്ങ് പ്രധാനമന്ത്രി മോദിയുടെ കിരീടധാരണം പോലെയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തെ കിരീടധാരണമായാണ് പ്രധാനമന്ത്രി കണക്കാക്കുന്നതെന്ന് അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു.കോണ്‍ഗ്രസ് അടക്കം 21 പ്രതിപക്ഷ കക്ഷികളാണ് ഉദ്ഘാടന ചടങ്ങുകളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.

ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്‌നാട്ടില്‍ നിന്നുള്ള അധീനം ഋഷിമാരെ ഡല്‍ഹിയിലെ വസതിയില്‍ സന്ദര്‍ശിച്ചിരുന്നു. ഔദ്യോഗിക വസതിയില്‍ വെച്ച് ഋഷിമാര്‍ പ്രധാനമന്ത്രിയ്ക്ക് ചെങ്കോല്‍ കൈമാറി. നീതി എന്നര്‍ഥമുള്ള 'സെമ്മൈ' എന്ന തമിഴ് വാക്കില്‍ നിന്നാണ് ചെങ്കോല്‍ എന്ന പേര് ലഭിച്ചത്. ചെങ്കോല്‍ സ്വാതന്ത്ര്യത്തിന്റെ ചരിത്രപരമായ പ്രതീകമാണ്, ബ്രിട്ടീഷുകാരില്‍ നിന്ന് ഇന്ത്യക്ക് അധികാരം കൈമാറിയതിനെ ഇത് സൂചിപ്പിക്കുന്നു. രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രിയായ പിടി ജവഹര്‍ലാല്‍ നെഹ്‌റു 1947 ഓഗസ്റ്റ് 14 ന് ഏകദേശം 10:45 ന് തമിഴ്‌നാടിന്റെ അധീനം മുഖേന ചെങ്കോല്‍ സ്വീകരിച്ചിരുന്നു.

രാവിലെ 7.30 ഓടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റ് മന്ദിരത്തില്‍ എത്തിയതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. ഉച്ചയ്ക്ക് 12ന് ലോക്സഭാ ഹാളില്‍ ദേശീയഗാനത്തോടെ രണ്ടാംഘട്ടത്തിന് തുടക്കം. മന്ദിരനിര്‍മാണത്തെക്കുറിച്ചുള്ള രണ്ട് ഹ്രസ്വചിത്രം പ്രദര്‍ശിപ്പിച്ചു.

2020 ഡിസംബര്‍ 10 നാണ് പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മ്മിക്കുന്നതിന് പ്രധാനമന്ത്രി മോദി തറക്കല്ലിട്ടത്. 2021 ജനുവരിയിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. 64,500 ചതുരശ്ര മീറ്ററാണ് പാര്‍ലമെന്റ് മന്ദിരത്തിന്റെ ആകെ വിസ്തീര്‍ണം. ലോക്‌സഭാ സീറ്റുകളുടെ എണ്ണം 543 ല്‍നിന്നും 888 ആയും രാജ്യസഭാ സീറ്റുകളുടെ എണ്ണം 250 ല്‍ നിന്നും 384 ആയും കൂട്ടിയിട്ടുണ്ട്. ലോക്സഭാ ചേംബറിന് 1,272 വരെ അധിക സീറ്റുകള്‍ ഉള്‍ക്കൊള്ളാന്‍ കഴിയും. പുതിയ കെട്ടിടത്തിന് സെന്‍ട്രല്‍ ഹാള്‍ ഇല്ല, പുതിയ ലോക്സഭാ ചേംബര്‍ സംയുക്ത സമ്മേളനങ്ങള്‍ക്കായി ഉപയോഗിക്കും.

Narendra Modi Parliament Modi Government

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: