/indian-express-malayalam/media/media_files/uploads/2019/10/featured.jpg)
കൊല്ലൂർ: നവരാത്രി ആഘോഷങ്ങൾക്ക് ഏറെ പേരു കേട്ട ക്ഷേത്രങ്ങളിലൊന്നാണ് കൊല്ലൂർ മൂകാംബിക ക്ഷേത്രം. വർഷം മുഴുവൻ ഇവിടുത്തെ സരസ്വതി മണ്ഡപത്തിൽ കുരുന്നുകൾക്കായുള്ള വിദ്യാരംഭം നടക്കുമെങ്കിലും നവരാത്രി കാലത്ത് അക്ഷരാർത്ഥത്തിൽ കൊല്ലൂർ ജനസാഗരമാകും. മൂവായിരത്തിലേറെ കുട്ടികൾ വിജയദശമി ദിനത്തിൽ വിദ്യാരംഭം കുറിച്ച കഥകൾ ഈ ക്ഷേത്രാങ്കണത്തിന് പറയാനുണ്ട്. അത്രയേറെ വിശിഷ്ടമാണ് ഇവിടുത്തെ നവരാത്രി ആഘോഷങ്ങൾ.
കൊല്ലൂരിലെ നവരാത്രി ആഘോഷങ്ങൾക്ക് ഞായറാഴ്ച വൈകുന്നേരത്തോടെ തുടക്കമായി. പല ദേശങ്ങളിൽ നിന്നെത്തിയ ഭക്തരാൽ ക്ഷേത്രപരിസരം നിറഞ്ഞു കവിയുകയാണ്. ആദ്യ ദിവസങ്ങളിൽ തന്നെ ഇത്ര തിരക്കുണ്ടെങ്കിൽ നവമിയോട് അടുത്ത മൂന്നു ദിവസങ്ങളിൽ ജനത്തിരക്കേറുമെന്നാണ് കൊല്ലൂർവാസികളുടെ നിഗമനം. ഒരുലക്ഷത്തോളം ഭക്തരെയാണ് ക്ഷേത്രാധികാരികൾ ഇത്തവണ പ്രതീക്ഷിക്കുന്നത്.
/indian-express-malayalam/media/media_files/uploads/2019/10/devotees-at-kollur-mookambika-temple-1024x497.jpeg)
കൊല്ലൂർ മൂകാംബിക ക്ഷേത്രം
ആയിരത്തി ഇരുന്നൂറിലേറെ പഴക്കമുള്ള ക്ഷേത്രസങ്കേതം എന്നാണ് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തെ വിശേഷിപ്പിക്കുന്നത്. മറ്റു ക്ഷേത്രങ്ങളിൽ നിന്നും വിഭിന്നമായി അറിവിന്റെയും കലയുടെയും അകംപൊരുളാണ് മൂകാംബിക ദേവി എന്നാണ് വിശ്വാസം. അതു കൊണ്ടു തന്നെ ക്ഷേത്രസന്നിധിയിൽ അരങ്ങേറ്റം കുറിക്കുന്നതും ഗാനാർച്ച നടത്തുന്നതും ആദ്യാക്ഷരം കുറിക്കുന്നതുമെല്ലാം കലാകാരൻമാരെ സംബന്ധിച്ച് ഐശ്വര്യകരമായ പ്രവർത്തിയായാണ് കരുതപ്പെടുന്നത്.
"ഒമ്പത് രൂപങ്ങളിലും ഭാവങ്ങളിലുമാണ് നവരാത്രി കാലത്ത് ഇവിടെ ദേവി കുടികൊള്ളുന്നതെന്നാണ് സങ്കൽപ്പം. ഓരോ ദിവസവും പ്രത്യേക പൂജകൾ നടക്കും. മൂന്നു ദേവി പൂജകളാണ് നവരാത്രി കാലത്ത് പ്രധാനമായും നടക്കുന്നത്. ആദ്യ മൂന്നു ദിവസം ദുർഗാപൂജയും തുടർന്നു മൂന്നുദിവസം ലക്ഷ്മീ പൂജയും അവസാനത്തെ മൂന്നു നാൾ സരസ്വതീ പൂജയും നടക്കും. ദുഷ്ടചിന്തകൾ ഇല്ലാതാകാനാണ് ദുർഗ്ഗാപൂജ. സമ്പത്തും ഐശ്വര്യവും ലഭിക്കാൻ ലക്ഷ്മിപൂജ. അറിവു നേടാൻ സരസ്വതി പൂജ," ക്ഷേത്രത്തിലെ അഡിഗമാരിൽ ഒരാളായ നരസിംഹ അഡിഗ പറഞ്ഞു.
ഇവിടെ ക്ഷേത്രത്തിന്റെ ദർശനം കിഴക്കോട്ടാണ്. കിഴക്കും പടിഞ്ഞാറുമായി ക്ഷേത്രത്തിലേക്ക് പ്രവേശിക്കാൻ രണ്ടു ഗോപുരവാതിലുകളും ഉണ്ട്. ക്ഷേത്രത്തിനു പുറത്ത് തെക്കു കിഴക്ക് ഭാഗത്തായി വലംപിരി ഗണപതിയുടെ ഒരു ചെറിയ ക്ഷേത്രമുണ്ട്. അതിനടുത്താണ് ക്ഷേത്രം തന്ത്രിമാരായ അഡിഗമാരുടെ താമസം.
/indian-express-malayalam/media/media_files/uploads/2019/10/Sri-Balamuri-Ganapathi-at-Kollur-Mookambika-Temple-1024x497.jpeg)
സരസ്വതിമണ്ഡപം
ക്ഷേത്രത്തിന് അകത്ത് കിഴക്ക് വശത്ത് സുബ്രഹ്മണ്യ സ്വാമിയുടെ കോവിലിന് ചേർന്നാണ് കലാകാരന്മാരുടെ പുണ്യവേദി എന്നറിയപ്പെടുന്ന സരസ്വതിമണ്ഡപം സ്ഥിതി ചെയ്യുന്നത്. ഇവിടെ അരങ്ങേറ്റം കുറിക്കുന്നത് കലാകാരന്മാരെ സംബന്ധിച്ച് പുണ്യമായാണ് കണക്കാക്കപ്പെടുന്നത്. ഗാനഗന്ധർവ്വൻ കെ ജെ യേശുദാസ് എല്ലാ വർഷവും മുടങ്ങാതെ സരസ്വതി മണ്ഡപത്തിലെത്തി ഗാനാർച്ചന നടത്താറുണ്ട്. തന്റെ പിറന്നാൾ ദിനത്തിലാണ് അദ്ദേഹം കൊല്ലൂരിൽ എത്തുക
സരസ്വതി മണ്ഡപത്തിന് അരികിലായാണ് തിടപ്പള്ളിയും ഹോമപുരയും വരുന്നത്. വടക്കു ഭാഗത്തായി വഴിപാട് കൗണ്ടറുകളും ദേവസ്വം ഓഫീസും വരുന്നു. അതു കഴിഞ്ഞയുടനെ കാണുന്ന കോവിലുകളിൽ ഒന്നാണ് ദേവിയുടെ അംഗരക്ഷനായ വീരഭദ്രനെ പ്രതിഷ്ഠിച്ചിരിക്കുന്നത്.
സ്വയംഭൂ ലിംഗം മാത്രമുണ്ടായിരുന്ന ക്ഷേത്രത്തിലെ ഇന്നു കാണുന്ന ദേവീ വിഗ്രഹം ശ്രീ ശങ്കരാചാര്യർ പ്രതിഷ്ഠിച്ചതാണെന്നും ഐതിഹ്യമുണ്ട്. ശ്രീ ശങ്കരാചാര്യർ ഉണ്ടാക്കിയ ആരാധനാ സമ്പ്രദായങ്ങളാണ് ഇന്നും ഇവിടെ നിലനിൽക്കുന്നത്.
Navarathri 2019: നവരാത്രികാലത്തെ രഥോത്സവം
ഒമ്പതു ദിവസങ്ങളിലായി നടക്കുന്ന പ്രത്യേക പൂജകളെ കൂടാതെ നവരാത്രികാലത്തെ മറ്റൊരു പ്രധാന ആഘോഷം രഥോത്സവമാണ്. പുഷ്പാലങ്കൃതമായ രഥത്തിൽ മഹാനവമി ദിനത്തിൽ ദേവി എഴുന്നള്ളും എന്നാണ് സങ്കൽപ്പം. രഥം ക്ഷേത്രത്തിനു ചുറ്റും പ്രദക്ഷിണം വെയ്ക്കുമ്പോൾ രഥത്തിൽ നിന്നും പൂജാരി നാണയങ്ങൾ വാരിയെറിയും. ഈ നാണയങ്ങൾ കിട്ടിയാൽ ജീവിതത്തിൽ ഐശ്വര്യമുണ്ടാകുമെന്നാണ് ഭക്തരുടെ വിശ്വാസം. നാണയങ്ങൾ കൈക്കലാക്കാൻ രഥമുരുളുന്ന വഴിയിൽ ഭക്തർ തടിച്ചു കൂടും.
രഥോത്സവത്തിനുള്ള ഒരുക്കങ്ങൾ ഇവിടെ ആരംഭിച്ചു കഴിഞ്ഞു. ഓരോ വർഷവും നാളും തിഥിയുമെല്ലാം നോക്കിയാണ് രഥോത്സവത്തിനുള്ള സമയം നിശ്ചയിക്കുക. ഈ വർഷത്തെ രഥോത്സവം പകലാണ്, ഒക്ടോബർ ഏഴിന് ഉച്ചയ്ക്ക്. അന്ന് തന്നെയാണ് ചണ്ഡികായാഗവും നടക്കുക. നവമിയോട് അനുബന്ധിച്ചുള്ള മൂന്നു ദിവസങ്ങളിലും പുലർച്ചെ മൂന്നു മണിക്ക് നട തുറക്കും.
/indian-express-malayalam/media/media_files/uploads/2019/10/kollur-mookambika-Temple-Ratholsavam-497x1024.jpeg)
കൊല്ലൂരിലെ വിദ്യാരംഭം
വർഷത്തിലെ ഏതു ദിനവും ഇവിടെ വിദ്യാരംഭം നടത്താം എന്നതാണ് ഈ ക്ഷേത്രത്തിലെ പ്രത്യേകത. വാഗ്ദേവിയുടെ സങ്കൽപ്പമാണ് ഇവിടെ ആരാധിച്ചു പോരുന്നത് എന്നത് കൊണ്ട് വിദ്യയ്ക്ക് തുടക്കം കുറിക്കാൻ ഇവിടെ നാളും പക്കവും നോക്കേണ്ടതില്ല. എങ്കിലും നവരാത്രി കാലത്തെ വിദ്യാരംഭം ദിനത്തിൽ ഹരിശ്രീ കുറിക്കുക എന്നത് വിശേഷമായി കരുതപ്പെടുന്നതിനാൽ അന്നത്തെ ദിനം കൊല്ലൂരിലും വിദ്യാരംഭത്തിന് തിരക്കുകൾ ഏറെയാണ്.
"വിദ്യാരംഭം ചടങ്ങുകൾ പതിവു പോലെ തന്നെയാണ് നടക്കുക. എല്ലാ ദിവസവും രാവിലെ അഞ്ചു മണിയ്ക്ക് നട തുറക്കുന്നതോടെ വിദ്യാരംഭവും ആരംഭിക്കും. ക്ഷേത്രത്തിനകത്തെ ദേവീപൂജകൾ മാത്രമാണ് വിശേഷാൽ നടത്തപ്പെടുന്നത്. നവരാത്രിയുടെ ആദ്യ ദിവസങ്ങളിൽ ഇവിടെ സരസ്വതി മണ്ഡപത്തിൽ തന്നെയാണ് വിദ്യാരംഭം കുറിക്കുക. വിജയദശമി ദിവസം തിരക്കു കൂടുമ്പോൾ സരസ്വതി മണ്ഡപത്തിൽ മാത്രമായി വിദ്യാരംഭം നടത്താനാവില്ല. അപ്പോൾ ക്ഷേത്രത്തിനു ചുറ്റും പലയിടങ്ങളിലായി വിദ്യാരംഭം നടത്തും," സരസ്വതി മണ്ഡപത്തിൽ വിദ്യാരംഭത്തിന് നേതൃത്വം നൽകുന്ന അഡിഗ വിശദീകരിച്ചു.
കൊല്ലൂരും കേരളവും
ദക്ഷിണ കർണാടകയിലാണ് കൊല്ലൂർ മൂകാംബിക ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കേരളത്തിൽ നിന്നും ഒരിത്തിരി ദൂരമുണ്ടെങ്കിലും (കോഴിക്കോട് നിന്നും റോഡ് മാർഗം ഒൻപതു മണിക്കൂർ) മലയാളിയുടെ പ്രധാനപ്പെട്ട ആരാധനാകേന്ദ്രങ്ങളിൽ ഒന്ന് തന്നെയാണ് കൊല്ലൂർ മൂകാംബിക.
അത് കൊണ്ട് തന്നെ മൂകാംബികയിലെ ഭക്തജനപ്രവാഹത്തിന്റെ ഏറിയ പങ്കും കേരളത്തിൽ നിന്നുമാണ്. ഒരു മലയാളി പോലും ഇവിടെ എത്താതിരുന്ന ഒരു ദിവസമുണ്ടെങ്കിൽ അന്ന് കൊല്ലൂർ മൂകാംബിക ദേവി കേരളക്കരയിൽ എത്തുമെന്നാണ് ക്ഷേത്രത്തെ ചുറ്റിപ്പറ്റിയുള്ള ഒരു സങ്കൽപ്പം. എന്നാൽ അങ്ങനെ ഒരു ദിവസം മൂകാംബിക ക്ഷേത്രത്തിന് ഇതുവരെ പറയാൻ ഉണ്ടായിട്ടില്ലെന്ന് ക്ഷേത്രം ഭാരവാഹികൾ പറയുന്നു.ആണയിടുന്നു.
കേരളത്തിൽ നിന്നും എത്തിച്ചേരുന്ന ഭക്തർ മാത്രമല്ല, ക്ഷേത്രത്തിനു ചുറ്റും കച്ചവടം നടത്തുന്നവരിലും നിരവധി മലയാളികളെ കണ്ടെത്താം. കഴിഞ്ഞ വർഷം കേരളത്തിലുണ്ടായ പ്രളയം, ക്ഷേത്രത്തിലേക്കുള്ള ഭക്തരുടെ ഒഴുക്കിനെ ബാധിച്ചിരുന്നുവെന്നാണ് ക്ഷേത്രത്തിന്റെ തെക്കു കിഴക്കു ഭാഗത്തായി ഫാൻസി സ്റ്റോർ നടത്തുന്ന മലയാളിയായ രാജേഷ് പറയുന്നത്.
"ഇവിടുത്തെ ഹോട്ടലുകളിൽ നല്ലൊരു ശതമാനവും ഇപ്പോൾ തന്നെ ബുക്ക് ചെയ്തു കഴിഞ്ഞു. ലോഡ്ജുകളിലും റസ്റ്റ് ഹൗസുകളിലുമാണ് ഇപ്പോൾ താമസസൗകര്യം കൂടുതലും ലഭിക്കുന്നത്. കൂടുതലും മലയാളികളാവും അതിലെല്ലാം," രാജേഷ് കൂട്ടിച്ചേർത്തു.
/indian-express-malayalam/media/media_files/uploads/2019/10/vidyarambham-1024x497.jpeg)
മൂകാംബികാ ദേവിയും സലാം മംഗളാരതിയും
ശബരിമലയുടെ ഐതിഹ്യത്തിൽ വാവർക്കെന്ന പോലെ, മതസൗഹാർദ്ദത്തിന്റെ ഒരു കഥയും ആചാരതുടർച്ചയും മൂകാംബിക ക്ഷേത്രത്തിനും പറയാനുണ്ട്. അത് സലാം മംഗളാരതിയാണ്. ക്ഷേത്രത്തിലെ പ്രദോഷപൂജയെയാണ് ഇങ്ങനെ വിളിക്കുന്നത്. ഒരിക്കൽ കൊല്ലൂരിലെത്തിയ ടിപ്പു സുൽത്താനെ ക്ഷേത്രത്തിലേക്ക് ആനയിച്ച് ബഹുമതികളോടെ സ്വീകരിച്ചതിന്റെ ഓർമ്മയ്ക്കാണ് സലാം മംഗളാരതി ആവർത്തിക്കുന്നതെന്നാണ് വിശ്വാസം. വൈകിട്ട് ഏഴരയോടെയാണ് സലാം മംഗളാരതി നടക്കുന്നത്.
പൂക്കളാൽ അലങ്കരിച്ച് ക്ഷേത്രാങ്കണം
എവിടെ നോക്കിയാലും പൂക്കടകളും പുഷ്പാലങ്കാരവുമാണ് ക്ഷേത്രാങ്കണത്തിലും പരിസരത്തും. ചെണ്ടുമല്ലിയും ജമന്തിയും തുളസിയും താമരപ്പൂവുമെല്ലാം പുഞ്ചിരിക്കുന്ന പൂക്കടകൾക്കു മുന്നിലും ആളുകളുടെ തിരക്കാണ്. നൂറുരൂപയ്ക്ക് ഒരു തളികയിൽ പൂക്കൾ ലഭിക്കും. എല്ലാ തളികയിലും താമരപൂക്കളുമുണ്ട്.
"പദ്മാവതിയല്ലേ അകത്തുള്ളത്, താമര പ്രമാദമാണ്," കിഴക്കേ നടയിൽ പൂക്കട നടത്തുന്ന ബാംഗ്ലൂർ സ്വദേശി കുമാർ പറഞ്ഞു. കഴിഞ്ഞ ഏഴുവർഷമായി കൊല്ലൂർ ക്ഷേത്രപരിസരത്ത് പൂക്കച്ചവടം നടത്തുകയാണ് കുമാർ. ബാംഗ്ലൂരിൽ നിന്നുമാണ് കൊല്ലൂരിലേക്കുള്ള പൂക്കൾ പ്രധാനമായും വരുന്നത്.
"പുലർച്ചെ അഞ്ചുമണിയ്ക്ക് നട തുറക്കും. ഞങ്ങൾ പൂക്കടകളെല്ലാം നാലുമണിയ്ക്കേ തുറയ്ക്കും. നവമി, ദശമി ദിവസങ്ങളിൽ മൂന്നു മണി മുതൽ ഞങ്ങൾ കട തുറന്നിടും," കുമാർ കൂട്ടിച്ചേർത്തു. പ്രളയം മൂലം കഴിഞ്ഞ വർഷം കേരളത്തിൽ നിന്നുള്ള ആളുകൾ കുറവായതിനാൽ അത് നവരാത്രി ഉത്സവ സീസണിനെയും ബാധിച്ചിരുന്നു. ഇത്തവണ സീസൺ പഴയതുപോലെ ഗംഭീരമാകുമെന്ന പ്രതീക്ഷയിലാണ് കുമാറിനെ പോലെയുള്ള കച്ചവടക്കാർ.
/indian-express-malayalam/media/media_files/uploads/2019/10/flower-vendor-near-kollur-mookambika-temple-1024x497.jpeg)
സൗപർണിക നദി
സൗപർണികയിൽ സ്നാനം ചെയ്തു വേണം മൂകാംബിക ദേവിയെ തൊഴാൻ എന്നാണ് വിശ്വാസം. കാടുകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന കൊല്ലൂരിൽ, ക്ഷേത്രത്തിൽ നിന്നും ഏതാണ്ട് ഒരു കിലോമീറ്റർ മാറിയൊഴുകുന്ന നദിയാണ് സൗപർണിക. മലമുകളിലെ കുടജാദ്രിയിൽ നിന്നുമാണ് സൗപർണികയുടെ ഉത്ഭവം. കുടജാദ്രിയിൽ നിന്നും അംബാവനത്തിലൂടെ ഒഴുകി മൂകാംബിക പരിസരത്ത് എത്തുകയാണ് സൗപർണിക.
സുപർണൻ എന്ന ഗരുഡൻ തപസു ചെയ്ത ഇടം പിന്നീട് സൗപർണികയായി മാറി എന്നാണ് പദോൽപത്തി. സാധാരണ നവരാത്രി കാലത്ത് സൗപർണികയിൽ ഒഴുക്ക് കുറവാണ്. എന്നാൽ ഇത്തവണ അത്യാവശ്യം ഒഴുക്കുണ്ട്. കുടജാദ്രിയുടെ മുകളിൽ നല്ല മഴ ലഭിച്ചതിനാൽ അവിടെ നിന്നും ഒഴുകിയെത്തുന്ന ജലനിരപ്പാണ് സൗപർണികയിലെ ഒഴുക്ക് കൂടാൻ കാരണമെന്ന് തദ്ദേശവാസിയായ മനോജ് പറഞ്ഞു.
/indian-express-malayalam/media/media_files/uploads/2019/10/Sowparnika-River-at-Kollur-Mookambika-Temple-1024x497.jpeg)
അമ്മ വിളിക്കാതെ മൂകാംബികയിലേക്ക് എത്താൻ പറ്റില്ലെന്നൊരു പഴമൊഴിയുണ്ട് മൂകാംബികയെ സംബന്ധിച്ച്. അതിൽ വിശ്വസിക്കുന്ന നിരവധി പേരെ ഈ ക്ഷേത്രപരിസരത്തു തന്നെ കണ്ടെത്താം. അപ്രതീക്ഷിതമായി ക്ഷേത്രനടയിൽ വെച്ച് സംസാരിച്ചതാണ് ചേളന്നൂർ സ്വദേശിയായ രാമകൃഷ്ണൻ- ജാനകി ദമ്പതിമാരോട്.
"എത്ര കാലമായി ഇവിടേക്ക് വരാൻ ആഗ്രഹിക്കുന്നു എന്നറിയാമോ? ഇപ്പോഴാണ് അമ്മ വിളിച്ചത്," ദേവിയെ തൊഴാൻ കഴിഞ്ഞ സന്തോഷത്തോടെ ജാനകിയമ്മ പറഞ്ഞു. കൊച്ചുമകന്റെ വിദ്യാരംഭത്തിന് മക്കൾക്കൊപ്പം എത്തിയതാണ് ജാനകിയും രാമകൃഷ്ണനും.
നവരാത്രി കാലത്തെ ശുഭമുഹൂർത്തം നോക്കി നിരവധി വിവാഹങ്ങളും ക്ഷേത്രപരിസരത്ത് നടക്കുന്നുണ്ട്. ഓഡിറ്റോറിയങ്ങളിൽ വെച്ച് താലിക്കെട്ട് കഴിഞ്ഞ് ദേവിയെ തൊഴാൻ ക്ഷേത്രപരിസരത്തെത്തിയ നിരവധി വധൂവരന്മാരെയും ക്ഷേത്ര പരിസരത്ത് കാണാൻ കഴിഞ്ഞു.
ഇടയ്ക്കിടെ പെയ്യുന്ന ചാറ്റൽമഴയൊന്നും മൂകാംബിക ക്ഷേത്രപരിസരത്തെ തിരക്കിനെ ബാധിക്കുന്നേയില്ല. മൂകാംബികദേവിയെ ദർശിച്ച് സർവ്വ ഐശ്വര്യങ്ങളും കലാസാഹിത്യ തൊഴിൽ മേഖലകളിലെ ഉയർച്ചയും ലഭിക്കാനായി ഭക്തർ ഈ ദേവീസന്നിധിയിലേക്ക് എത്തികൊണ്ടിരിക്കുകയാണ്.
Read Here: Navarathri 2019: നവരാത്രി മണ്ഡപത്തിലെ ഗാനസന്ധ്യകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.