‘നക്ഷത്ര ദീപങ്ങൾ തിളങ്ങി, നവരാത്രി മണ്ഡപമൊരുങ്ങി
രാജധാനി വീണ്ടും സ്വാതി തിരുനാളിൻ രാഗസുധാസാഗരത്തിൽ നീരാടി…’

ബിച്ചു തിരുമല എഴുതി , ജയവിജയ ഈണമിട്ട്, ഗാനഗന്ധർവ്വൻ യേശുദാസ് ആലപിച്ച ‘നിറകുടം’ എന്ന ചിത്രത്തിലെ ഗാനം സിനിമാപ്രേമികൾക്ക് സുപരിചിതമായ ഒന്നാണ്.  നവരാത്രി ദിനങ്ങളിൽ തിരുവനന്തപുരത്തെ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്ന നവരാത്രി മണ്ഡപത്തിൽ നടക്കുന്ന  സംഗീത കച്ചേരികളെ കുറിച്ചാണ് ഗാനത്തിൽ പരാമർശിക്കുന്നത്. ദേവിയുടെ തിരുമുൻപിൽ, ഈ വിശേഷാൽ ദിനങ്ങളിൽ പാടുക എന്ന പ്രത്യേകതയ്ക്കുപരി ഈ കച്ചേരികളെ വ്യത്യസ്ഥമാക്കുന്ന മറ്റൊരു കാര്യം കൂടിയുണ്ട്.

ഇവിടുത്തെ കച്ചേരിയിൽ, ഓരോ ദിവസവും ഓരോ കൃതികൾ ആലപിക്കുക എന്ന കണക്കും ചിട്ടയുമുണ്ട്. സ്വാതിതിരുനാ മഹാരാജാവ് രചിച്ച നവരാത്രി കൃതികളാണ് അവ. നവരാത്രി തുടങുന്ന ദിനം ശങ്കരാഭരണം രാഗത്തിലുള്ള ‘ദേവി ജഗത് ജനനി’ മുതൽ ഒൻപതാം ദിനം ആരഭി രാഗത്തിലുള്ള ‘പാഹി പർവ്വതനന്ദിനി’ വരെ നീളുന്ന രാഗക്രമമുണ്ട് നവരാത്രി കീർത്തനങ്ങൾക്ക്.

ചേര രാജാവിന് സമ്മാനമായി കിട്ടിയ സരസ്വതി: നവരാത്രി മണ്ഡപത്തിന്റെ കഥ

ആസന്നമായ മരണം മുന്നിൽ കണ്ട കമ്പൻ എന്ന കവി  (കമ്പരാമായണത്തിന്റെ രചയിതാവ്) താൻ ആരാധിച്ചിരുന്ന വാഗ്ദേവിയുടെ വിഗ്രഹം അക്കാലത്തു വാണിരുന്ന ഒരു ചേരവംശ രാജാവിന് സമ്മാനമായി നൽകി.  എല്ലാ വർഷവും നവരാത്രി കാലങ്ങളിൽ പ്രത്യേക പൂജാവിധികൾ നടത്തണം എന്ന്  നിഷ്കർഷിക്കുകയും ചെയ്തു. വേണാട് സ്വരൂപം നടക്കുന്നതിനു മുൻപത്തെ കാലഘട്ടത്തിലാണ് ഇത് സംഭവിച്ചത്.  തുടർന്ന്, മാർത്താണ്ഡ വർമ്മ തിരുവിതാംകൂർ സ്ഥാപിക്കുകയും അദ്ദേഹത്തിന്റെ പിൻതലമുറക്കാർ ഈ പൂജാ വിധികൾ  നടത്തി പോരുകയും ചെയ്തു.

തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ സ്വാതി തിരുനാളിന്റെ കാലത്താണ് തിരുവിതാംകൂറിന്റെ തലസ്ഥാനം പദ്മനാഭപുരത്ത് നിന്നും  (ഇപ്പോൾ നാഗർകോവിൽ ജില്ല) തിരുവനന്തപുരത്തേക്ക് മാറ്റിയത്. അതേ തുടർനാണു നവരാത്രി കാലങ്ങളിൽ സരസ്വതി വിഗ്രഹത്തെ തിരുവനന്തപുരത്തു എത്തിച്ച് തുടങ്ങിയത്.

navarathri krithis, navarathri krithis swathi thirunal, നവരാത്രി, നവരാത്രി മണ്ഡപം, സരസ്വതി പൂജ, Navaratri 2019, Swathi Thirunal Navarathri Krithis, Navarathri mandapam, parassala b ponnammal,

Navarathri 2019: നവരാത്രി മണ്ഡപം കച്ചേരികൾ

തിരുവനന്തപുരത്തു ദേവിയെ വച്ചാരാധിക്കുന്ന നവരാത്രി മണ്ഡപം കച്ചേരികൾക്കും ഉണ്ട് ഏറെ പ്രത്യേകതകൾ. അതിൽ പ്രധാനം നേരത്തെ സൂചിപ്പിച്ചതു പോലെ, സ്വാതി തിരുനാളിന്റെ നവരാത്രി കൃതികളാണ് പ്രധാനമായി പാടേണ്ടത് എന്നത് തന്നെയാണ്.  സാധാരണ കച്ചേരി നടത്തുന്ന ഇടങ്ങളിൽ നിന്നും വ്യത്യസ്ഥമാണ് ഒരു അമ്പലത്തിനു സമാനമായ ഇവിടുത്തെ അന്തരീക്ഷം. അത് കൊണ്ട് തന്നെ കേൾവിക്കാർ പാലിച്ചു പോരേണ്ട ചില ചിട്ടകൾ – വസ്ത്രധാരണത്തിലും, സമയം പാലിക്കലിനും കയ്യടിക്കുന്നതിനും മറ്റും – ഇവിടെയുണ്ട്.

ആറു മണിക്ക് തുടങ്ങുന്ന കച്ചേരി എട്ടര മണിയ്ക്ക് അവസാനിക്കും. കച്ചേരികൾക്ക് മുന്നോടിയായി മുല്ലമൂട് ഭാഗവതർമാർ ആലപിക്കുന്ന തോടയമംഗളം, ഗണപതി സ്തുതി എന്നിവയുണ്ടാകും.   മുല്ലമൂട് ഭാഗവതർമാർ തന്നെയായിരുന്നു 1920 കാലഘട്ടം വരെ കച്ചേരികളും ആലപിച്ചിരുന്നത്. പിന്നീടാണ് മറ്റു സംഗീതജ്ഞൻമാർ നവരാത്രി മണ്ഡപത്തിൽ പാടാൻ എത്തിത്തുടങ്ങിയത്.  തെന്നിന്ത്യയിലെ പ്രഗത്ഭരായ പല സംഗീതജ്ഞൻമാരും – എം ഡി രാമനാഥൻ, ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ, പാലക്കാട് മാണി അയ്യർ, കെ വി നാരായണസ്വാമി, ആലത്തൂർ ബ്രദർസ്, ഡി കെ ജയരാമൻ, ബാലമുരളി കൃഷ്ണ, പുതുക്കോട് കൃഷ്ണമൂർത്തി, വെച്ചൂർ ഹരിഹരസുബ്രമണ്യ അയ്യർ, കെ ആർ  കുമാരസ്വാമി, പി എസ് നാരായണസ്വാമി, ടി എൻ ശേഷഗോപാലൻ, വി ശങ്കരനാരായണൻ, നെയ്യാറ്റിൻകര വാസുദേവൻ, നെയ്യാറ്റിൻകര മോഹനചന്ദ്രൻ, ആർ കെ ശ്രീകണ്ഠൻ, തിരുവനന്തപുരം ആർ എസ് മണി ഉൾപ്പടെയുള്ള ഒരു വലിയ നിര – നവരാത്രി മണ്ഡപത്തിൽ കച്ചേരി നടത്തിയിട്ടുണ്ട്.

നവരാത്രി മണ്ഡപത്തിൽ ചരിത്രം സൃഷ്ടിച്ച പെൺശബ്ദം – പാറശ്ശാല ബി പൊന്നമ്മാൾ

ആണുങ്ങൾ മാത്രം പാടുക എന്ന വർഷങ്ങളായുള്ള ആചാരം അവസാനിച്ചത് 2006 സെപ്തംബറിൽ ആണ്.  ആ വർഷത്തെ നവരാത്രി സംഗീത കച്ചേരികളിൽ പാറശ്ശാല ബി പൊന്നമ്മൾ എന്ന വിദുഷിയുടെ പേരും ഉണ്ടായിരുന്നു.  തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളേജ്, തൃപ്പൂണിത്തുറ ആർ എൽ വി കോളേജ് എന്നിവടങ്ങളിൽ സംഗീത അധ്യാപികയായും തുടർന്ന് പ്രിൻസിപ്പൽ ആയും സേവനമനുഷ്ഠിച്ച അവർ ഏതാണ്ട് മൂന്നൂറോളം വർഷം പഴക്കമുള്ള ഒരു കീഴ്വഴക്കത്തെയാണ് അക്കൊല്ലം തിരുത്തിയെഴുതിയത്.

ഈ വർഷത്തെ നവരാത്രി മണ്ഡപം കച്ചേരികൾ

ഒന്നാം ദിവസം

സഞ്ജയ് സുബ്രമണ്യം (വായ്പ്പാട്ട്)

 • കൃതി: ദേവി ജഗത് ജനനി
 • രാഗം : ശങ്കരാഭരണം
 • താളം : ആദി

രണ്ടാം  ദിവസം

അശ്വതി തിരുനാൾ രാമവർമ (വായ്പ്പാട്ട്)

 • കൃതി: പാഹിമാം ശ്രീ വാഗീശ്വരി
 • രാഗം : കല്യാണി
 • താളം : ആദി

മൂന്നാം ദിവസം

അമൃത വെങ്കടേഷ്  (വായ്പ്പാട്ട്)

 • കൃതി: ദേവി പാവനെ
 • രാഗം: സാവേരി
 • താളം  ആദി

നാലാം ദിവസം

ശശികിരൺ – പി ഗണേഷ് (വായ്പ്പാട്ട്)

 • കൃതി: ഭാരതി മാമവ
 • രാഗം: തോഡി
 • താളം: ആദി

അഞ്ചാം ദിവസം

താമരക്കാട് ഗോവിന്ദൻ നമ്പൂതിരി (വായ്പ്പാട്ട്)

 • കൃതി: ജനനി മാമവ
 • രാഗം: ഭൈരവി
 • താളം: മിശ്രചാപ്

ആറാം ദിവസം

പ്രൊഫ. ടി വി ഗോപാലകൃഷ്ണൻ (വായ്പ്പാട്ട്)

 • കൃതി: സരോരുഹാസന
 • രാഗം : കാമവർദ്ധിനി
 • താളം : ആദി

ഏഴാം ദിവസം

സുധാ രഘുനാഥൻ

 • കൃതി: ജനനി പാഹി
 • രാഗം: ശുദ്ധ സാവേരി
 • താളം: മിശ്രചാപ്

എട്ടാം ദിവസം

പാറശാല ബി പൊന്നമ്മാൾ

 • കൃതി: പാഹി ജഗജ്ജനനി
 • രാഗം: നാട്ടക്കുറിഞ്ചി
 • താളം: മിശ്രചാപ്

ഒൻപതാം ദിവസം

 • കൃതി: പാഹി പർവ്വത നന്ദിനി
 • രാഗം : ആരഭി
 • താളം : ആദി

 

Read Here: Navarathri 2019: പൂജാ ആഘോഷങ്ങൾക്കൊരുങ്ങി കൊല്ലൂർ മൂകാംബിക ക്ഷേത്രം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook