/indian-express-malayalam/media/media_files/uploads/2019/10/Narendra-Modi-and-Rahul-Gandhi.jpg)
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും ആയുധമാക്കിയാണ് രാഹുല്‍ ഗാന്ധി കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രിയെയും വിമര്‍ശിച്ചത്.
നരേന്ദ്ര മോദി വലിയ വ്യാപാരിയുടെ ഉച്ചഭാഷിണിയായി പ്രവർത്തിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചു. പാവപ്പെട്ടവന്റെ പോക്കറ്റില്‍നിന്ന് കാശെടുത്ത് പണക്കാരനായ സുഹൃത്തിന് നല്‍കുകയാണ് നരേന്ദ്ര മോദി ചെയ്യുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറും സാധാരണക്കാരുടെ കയ്യില്‍ നിന്ന് പണം വാങ്ങി സമ്പന്നരായ 15 സുഹൃത്തുക്കള്‍ക്ക് വിതരണം ചെയ്യുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
Read Also: പശു സംരക്ഷണത്തില്‍ ക്രമക്കേട്; യുപിയില്‍ ഐഎഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു
"നരേന്ദ്ര മോദിയെ എപ്പോഴും കാണുക ഒന്നുകില്‍ ഡൊണാള്‍ഡ് ട്രംപിനൊപ്പം അല്ലെങ്കില്‍ അംബാനിക്കൊപ്പം. രാജ്യത്തെ സാധാരണക്കാരായ കൃഷിക്കാര്‍ക്കൊപ്പം മോദിയെ നിങ്ങള്‍ ഒരിക്കലും കാണില്ല. രാജ്യത്തെ പ്രശ്‌നങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാനാണ് മോദി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. നിങ്ങള്‍ ചോദ്യങ്ങള്‍ ചോദിക്കാതിരിക്കാനാണ് അങ്ങനെ ചെയ്യുന്നത്. എന്നാല്‍, ജനങ്ങള്‍ അതൊന്നും മറക്കില്ല" രാഹുല്‍ ഗാന്ധി പറഞ്ഞു.
മാധ്യമങ്ങള്‍ക്കെതിരെയും രാഹുല്‍ വിമര്‍ശനമുന്നയിച്ചു. പ്രധാനപ്പെട്ട പ്രശ്‌നങ്ങളില്‍ നിശബ്ദത പാലിക്കുകയാണ് മാധ്യങ്ങള്‍ ചെയ്യുന്നത്. "റഫാലിലെ ആയുധ പൂജയെ അവര്‍ കാണിച്ചുതരും. എന്നാല്‍, റഫാലിലെ കള്ളനെക്കുറിച്ച് സംസാരിക്കില്ല. രാജ്യത്ത് തൊഴിലില്ലായ്മ വര്‍ധിച്ചിട്ടുണ്ട്. പക്ഷേ, അപ്പോഴും അവര്‍ സംസാരിക്കുക ബോളിവുഡിനെ കുറിച്ചായിരിക്കും. ജിം കോര്‍ബറ്റിൽ ഷൂട്ടിങ് നടക്കും. പക്ഷേ, രാജ്യത്തെ കര്‍ഷകര്‍ക്ക് എന്താണ് വേണ്ടത് എന്നതിനെക്കുറിച്ച് മോദി സംസാരിക്കില്ല" രാഹുൽ ആഞ്ഞടിച്ചു.
Read Also: ജോലി ചോദിക്കുന്ന യുവതയോട് സർക്കാർ പറയുന്നതു ചന്ദ്രനിലേക്കു നോക്കാൻ: രാഹുൽ ഗാന്ധി
90 നിയമസഭാ സീറ്റിലേക്കാണ് ഹരിയാനയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബര്‍ 21 നാണ് വോട്ടെടുപ്പ്. ഒക്ടോബര്‍ 24 ന് വോട്ടെണ്ണല്‍. നിലവില്‍ ബിജെപി ഭരിക്കുന്ന ഹരിയാനയില്‍ ശക്തി തെളിയിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.