ലക്നൗ: പശു സംരക്ഷണത്തില്‍ ഗുരുതര ക്രമക്കേട് നടത്തിയെന്നാരോപിച്ച് ഉത്തര്‍പ്രദേശില്‍ ഐഎഎസ് ഉദ്യോഗസ്ഥനെയടക്കം അഞ്ചുപേരെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു. മഹാരാജ്ഗഞ്ജ് ജില്ലാ മജിസ്ട്രേറ്റ് അമര്‍നാഥ് ഉപാധ്യായ, സബ് ഡിവിഷന് മജിസ്ട്രേറ്റ് ദേവേന്ദ്ര കുമാര്‍, എസ്ഡിഎം സത്യമിശ്ര, ചീഫ് വെറ്റിനറി ഓഫീസര്‍ വി.കെ.മൗര്യ, ഡപ്യൂട്ടി വെറ്റിനറി ഓഫീസര്‍ രാജീവ് ഉപാധ്യായ എന്നീ ഉദ്യോഗസ്ഥരെയാണു സസ്പെന്‍ഡ് ചെയ്തത്.
യുപി ചീഫ് സെക്രട്ടറി ആര്.കെ.തിവാരിയാണ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തതായി അറിയിച്ചത്. പശുക്കളുടെ എണ്ണം തെറ്റായി കാണിച്ചതും സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തിക്ക് പാട്ടത്തിനു നല്‍കിയതുമാണ് നടപടിക്ക് കാരണമെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. പ്രാഥമിക അന്വേഷണത്തില്‍ ഉദ്യോഗസ്ഥര്‍ തെറ്റുകാരാണെന്ന് കണ്ടെത്തിയതായും അതിനാലാണ് ഉടന്‍ നടപടി സ്വീകരിച്ചതെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.
2,500 പശുക്കള്‍ ഉണ്ടെന്നാണ് ജില്ലാ ഭരണകൂടം കണക്കുകാട്ടിയത്. എന്നാല്‍, അന്വേഷണം നടന്നപ്പോള്‍ ഫാമില്‍ കണ്ടത് 954 പശുക്കളെ മാത്രമാണ്. ഇതിനുള്ള കാരണം സര്‍ക്കാര്‍ ജില്ലാ ഭരണകൂടത്തോട് ചോദിച്ചു. ഇതിനു കൃത്യമായ മറുപടി നല്കാന് ജില്ലാ മജിസ്ട്രേറ്റിനു സാധിച്ചില്ല. മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ളത് 500 ഏക്കര്‍ സ്ഥലമാണ്. ഇതില്‍ 328 ഏക്കര്‍ സ്ഥലം സ്വകാര്യ വ്യക്തിക്കു പാട്ടത്തിനു നല്‍കിയതായും അന്വേഷണത്തില്‍ വ്യക്തമായി. ഇതോടെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.