/indian-express-malayalam/media/media_files/uploads/2020/01/CAA-Muzafarnagar.jpg)
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കെതിരായ കേസുകളിൽ തിരിച്ചടി നേരിട്ടു തുടങ്ങിയതോടെ പുതിയ വകുപ്പുകള്‍ ചുമത്തി പൊലീസ്. 'നിയമവിരുദ്ധ പ്രവര്‍ത്തനത്തിന്' കുട്ടികളെ ഉപയോഗിച്ചുവെന്ന കുറ്റമാണു പുതുതായി ചുമത്തിയിരിക്കുന്നത്.
ഡിസംബര്‍ 20നു നടന്ന അക്രമാസക്തമായ പ്രതിഷേധത്തിൽ 107 പേരെ പ്രതികളാക്കി പിറ്റേ ദിവസമാണു മുസാഫര്‍നഗറിലെ സിവില്‍ ലൈന്‍ പോലീസ് സ്‌റ്റേഷനില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, കൊലപാതക ശ്രമം, കലാപം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയ കേസുകളില്‍ കോടതികള്‍ ജാമ്യം അനുവദിക്കാന്‍ തുടങ്ങിയതോടെയാണു പ്രക്ഷോഭകരെ കുടുക്കാന്‍ പൊലീസ് പുതിയ നീക്കം നടത്തുന്നത്.
2015ലെ ബാലനീതി (കുട്ടികളുടെ പരിപാലനവും സുരക്ഷയും) നിയമത്തിലെ 83 (2) വകുപ്പ് പ്രകാരമാണു നേരത്തെ റജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിലെ 33 പേര്‍ക്കെതിരെ പുതുതായി കേസെടുത്തത്. തിരിച്ചറിയാത്ത 3,000 പേര്‍ക്കെതിരെയും ഇതേ വകുപ്പു പ്രകാരം കേസുണ്ട്. ഏഴു വര്‍ഷം തടവുശിക്ഷ ലഭിക്കാവുന്നതാണ് ഈ കുറ്റം. ഡിസംബര്‍ 21നു റജിസ്റ്റര്‍ ചെയ്ത കേസില്‍ 33 പേര്‍ക്കു ജാമ്യം ലഭിച്ചിരുന്നു. ഇവരില്‍ 14 പേര്‍ക്കെതിരെ ബാലനീതി നിയമപ്രകാരമുള്ള കുറ്റം ചുമത്തിയിട്ടുണ്ട്.
കേസില്‍ ആദ്യമായി മുഹമ്മദ് ഷെഹ്‌സാദ്, സാഹിബ് എന്നിവര്‍ക്കാണു ജാമ്യം ലഭിച്ചത്. ഇരുവര്‍ക്കും അഡീഷണല്‍ സെഷന്‍സ് ജഡ്ജി സഞ്ജയ് കുമാര്‍ പച്ചൗരിയാണു ജനുവരി 17 നു ജാമ്യം അനുവദിച്ചത്. പ്രതികള്‍ക്കെതിരെ ബാലനീതി നിയമം ചുമത്തുന്നതു ചൂണ്ടിക്കാട്ടി ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റിനു പൊലീസ് അപേക്ഷ സമര്‍പ്പിച്ചിരുന്നു.
Read Also: ‘ആസാദി മുദ്രാവാക്യം മുഴക്കുന്നത് രാജ്യദ്രോഹക്കുറ്റം’; അഴിയെണ്ണിക്കുമെന്ന് ആദിത്യനാഥ്
സംഭവസ്ഥലത്ത് വിന്യസിച്ചിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണു സംഭവം നടന്ന് ഒരു മാസത്തിനു ശേഷമാണ് അധിക കുറ്റം ചുമത്തിയത്. എന്നാല്‍, ഏതെങ്കിലും കുട്ടി ഏതെങ്കിലും തരത്തിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി എഫ്‌ഐആറില്‍ പരാമര്‍ശിച്ചിട്ടില്ല. ജാമ്യ ഉത്തരവിലും പ്രതികളെ കുട്ടികളെ നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചതായി പരാമര്‍ശിച്ചിട്ടില്ല.
സംഭവത്തെക്കുറിച്ച് എഫ്‌ഐആറില്‍ പറയുന്നത് ഇങ്ങനെയാണ്: ''മദീന ചൗക്കില്‍ ഒത്തുകൂടിയ കുറ്റാരോപിതര്‍ കലാപത്തില്‍ ഏര്‍പ്പെട്ടു. ഭീകരതയുടെ അന്തരീക്ഷം അവര്‍ കടകള്‍ പൂട്ടാന്‍ നിര്‍ബന്ധിച്ചു. പൊതുമുതല്‍ നശിപ്പിച്ച അവര്‍ തീവയ്ക്കുകയും ചെയ്തു. സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കു പരുക്കേല്‍ക്കുകയും വൈദ്യപരിശോധനയ്ക്കു വിധേയമാക്കുകയും ചെയ്തു. പൊലീസ് വാഹനങ്ങള്‍ക്കു നേരെ അവര്‍ കല്ലെറിഞ്ഞു''.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധം നടന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് ഉത്തർപ്രദേശ്. പ്രക്ഷോഭങ്ങളിൽ ഏറ്റവും കൂടുതൽ ആളുകൾ കൊല്ലപ്പെട്ടതും ഉത്തർപ്രദേശിൽ തന്നെ. 19 പേർക്കാണു പൊലീസ് വെടിവയ്പിൽ ജീവൻ നഷ്ടമായത്.
പ്രക്ഷോഭത്തിനുനേരെ പൊലീസ് നടത്തിയ അടിച്ചമർത്തലിനെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ന്യായീകരിച്ചിരുന്നു. പൊലീസിന്റെ നടപടി അക്രമികളായ പ്രതിഷേധക്കാരെ നിശബ്ദരാക്കിയെന്ന് യോഗി ആദിത്യനാഥ് ട്വിറ്ററിൽ കുറിച്ചിരുന്നു. “ഓരോ കലാപകാരിയും ഞെട്ടിപ്പോയി. എല്ലാ കുഴപ്പക്കാരും ഭയന്നിരിക്കുന്നു. യോഗി സർക്കാരിന്റെ കർശന നിലപാടിന് സാക്ഷ്യം വഹിച്ച എല്ലാവരും നിശബ്ദരാണ്,” യോഗി ആദിത്യനാഥിന്റെ ഓഫീസ് ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു.
പ്രതിഷേധങ്ങള്‍ക്കിടെ അക്രമം അഴിച്ചുവിടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. പൊതുമുതൽ നശിപ്പിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കുമെന്നു പറഞ്ഞ അദ്ദേഹം ഉത്തർ പ്രദേശിൽ യോഗി സർക്കാർ ആയതിനാൽ പ്രതിഷേധക്കാർ കരയുകയാണെന്നും കുറിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us