കാൺപൂർ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ ഭീഷണിപ്പെടുത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ്. പ്രതിഷേധങ്ങൾക്കിടെ ആസാദി മുദ്രാവാക്യം വിളിക്കുന്നത് രാജ്യദ്രോഹക്കുറ്റമാണെന്നും ഈ മുദ്രാവാക്യം വിളിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ആദിത്യനാഥ് പറഞ്ഞു. പ്രതിഷേധങ്ങളെ വിമർശിച്ച ആദിത്യാനാഥ്, പുരുഷന്മാർ വീടുകളുടെ സുഖസൗകര്യങ്ങളിൽ ഇരുന്നു സ്ത്രീകളെയും കുട്ടികളെയും തെരുവിലിറക്കി പ്രക്ഷോഭം നടത്തുന്നത് ലജ്ജാകരമാണെന്നും പറഞ്ഞു.

“പ്രതിഷേധത്തിന്റെ പേരിൽ ആരെങ്കിലും കശ്മീരിലെന്നപോലെ ആസാദിയുടെ മുദ്രാവാക്യം മുഴക്കിയാൽ അത് രാജ്യദ്രോഹമായി കണക്കാക്കുമെന്നും സർക്കാർ കർശന നടപടിയെടുക്കുമെന്നും ഞാൻ പറയാൻ ആഗ്രഹിക്കുന്നു.”

Read More: ‘പൗരസ്വാതന്ത്ര്യം നഷ്ടപ്പെട്ടു’, ജനാധിപത്യ സൂചികയിൽ കൂപ്പുകുത്തി ഇന്ത്യ

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ ശക്തമായ പ്രതിഷേധങ്ങളുമായി സ്ത്രീകൾ തെരുവിൽ ഇറങ്ങിയിട്ടുണ്ട്. ഉത്തർപ്രദേശിൽ ഗന്തഘർ, ലഖ്‌നൗവിലെ ഗോംതി നഗർ, പ്രയാഗ്രാജിലെ മൻസൂർ അലി പാർക്ക് എന്നിവിടങ്ങളിൽ സ്ത്രീകൾ പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്.

“സ്വയം പ്രതിഷേധത്തിൽ പങ്കെടുക്കാൻ ഈ ആളുകൾക്ക് ധൈര്യമില്ല. അവർ നശീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയാണെങ്കിൽ, അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുമെന്ന് അവർക്കറിയാം. ഇപ്പോൾ, അവർ അവരുടെ വീട്ടിലെ സ്ത്രീകളെയും കുട്ടികളെയും തെരുവുകളിൽ ഇറക്കാൻ തുടങ്ങി. പുരുഷന്മാർ പുതപ്പിനുള്ളിൽ ചുരുണ്ടു കൂടി ഉറങ്ങുകയും സ്ത്രീകളെ തെരുവുകളുടെ കോണിൽ ഇരുത്തുകയും ചെയ്യുന്നത് എന്തൊരു വലിയ കുറ്റകൃത്യമാണ്.”

ജനങ്ങളോട് പ്രതിഷേധ സ്ഥലങ്ങളിൽ പോയി വനിതാ പ്രതിഷേധക്കാരോട് എന്തിനാണ് പ്രതിഷേധിക്കുന്നതെന്ന് ചോദിക്കാനും ആദിത്യനാഥ് ആവശ്യപ്പെട്ടു.
“തങ്ങളുടെ വീട്ടിലെ പുരുഷന്മാർ ഒന്നും ചെയ്യാനാകാതെ പരാജയപ്പെട്ടുവെന്നും, അതിനാൽ അവർ തങ്ങളോട് റോഡുകളിലേക്ക് ഇറങ്ങി ഇരിക്കാൻ ആവശ്യപ്പെട്ടുവെന്നും ആ സ്ത്രീകൾ നിങ്ങളോട് പറയും,” മുഖ്യമന്ത്രി പറഞ്ഞു.

സമാജ്‌വാദി പാർട്ടി, കോൺഗ്രസ്, ഇടതുപക്ഷം ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളേയും യോഗി ആദിത്യനാഥ് വിമർശിച്ചു.
“പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് യാതൊന്നും അറിയാത്ത സ്ത്രീകളെ മുന്നിലിറക്കി രാജ്യത്തെ പ്രതിസന്ധിയിലാക്കുന്ന കോൺഗ്രസിന്റേയും സമാജ്‌വാദി പാർട്ടിയുടേയും ഇടതുപക്ഷത്തിന്റേയും രാഷ്ട്രീയം എത്ര നാണംകെട്ടതാണ്. അവരെ സംബന്ധിച്ചിടത്തോളം രാജ്യം പ്രധാനമല്ല. ഹിന്ദുക്കൾ, സിഖുകാർ, ബുദ്ധമതക്കാർ, ജൈനന്മാർ, പാർസികൾ തുടങ്ങിയവരും പ്രധാനമല്ല. ഇപ്പോൾ കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ക്രിസ്ത്യാനികൾ പോലും പ്രധാനമല്ല. ഐ‌എസ്‌ഐ ഏജന്റുമാർക്ക് ഇന്ത്യയിലേക്ക് പ്രവേശനം നൽകുന്നതുവരെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം തുടരുമെന്നാണ് അവർ പറയുന്നത്,” യോഗി ആദിത്യനാഥ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook