/indian-express-malayalam/media/media_files/uploads/2023/04/voting-machine.jpg)
ന്യൂഡൽഹി: രാഷ്ട്രീയ പാർട്ടികളുടെ എതിർപ്പിനെ തുടർന്ന് തിരഞ്ഞെടുപ്പിൽ റിമോട്ട് വോട്ടിങ് മെഷീനുകൾ (ആർവിഎം) നടപ്പിലാക്കാനുള്ള നിർദേശം തൽക്കാലം വേണ്ടെന്നുവയ്ക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനം. തങ്ങളുടെ വീടുകളിൽനിന്നോ മണ്ഡലത്തിൽനിന്നോ മാറിനിൽക്കുന്നവർക്ക് വോട്ട് രേഖപ്പെടുത്താൻ സഹായിക്കുന്ന പദ്ധതിയാണ് മിക്ക രാഷ്ട്രീയ പാർട്ടികളും എതിർത്തതിനെ തുർന്ന് താൽക്കാലികമായി വേണ്ടെന്നു വച്ചതെന്ന് വൃത്തങ്ങൾ പറഞ്ഞു.
ഡിസംബറിൽ തിരഞ്ഞെടുപ്പ് പാനൽ പദ്ധതി ആദ്യം പ്രഖ്യാപിച്ചപ്പോൾ തന്നെ മിക്ക പാർട്ടികളും ആശങ്ക പ്രകടിപ്പിച്ചതായി ഒരു ഉന്നത തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു. 30 കോടിയോളം രജിസ്റ്റർ ചെയ്ത വോട്ടർമാർ വോട്ട് ചെയ്യാതിരിക്കാൻ തീരുമാനിച്ചതിന്റെ പ്രശ്നം പരിഹരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. അതിനാൽ, ഈ നിർദേശം ഉടൻ നടപ്പാക്കാൻ സാധ്യതയില്ലെന്ന് വൃത്തങ്ങൾ പറഞ്ഞു.
ഈ നിർദേശം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ രാഷ്ട്രീയ പാർട്ടികൾക്ക് ആശയക്കുറിപ്പ് വിതരണം ചെയ്യുകയും ഫെബ്രുവരി 28 വരെ അഭിപ്രായം തേടുകയും ചെയ്തു. 60 ദേശീയ-സംസ്ഥാന അംഗീകൃത പാർട്ടികളിൽ നിന്ന് അഭിപ്രായം തേടിയെങ്കിലും വളരെ കുറച്ചുപേരിൽനിന്നാണ് പ്രതികരണങ്ങൾ ഇസിക്ക് ലഭിച്ചതെന്ന് പദ്ധതിയുടെ നിലവിലെ സ്ഥിതി സംബന്ധിച്ച് ദി ഇന്ത്യൻ എക്സ്പ്രസ് ചോദിച്ചപ്പോൾ, മാർച്ച് 29 ന് വാർത്താ സമ്മേളനത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ പറഞ്ഞതാണിത്.
വോട്ടെടുപ്പിൽനിന്നും വിട്ടുനിൽക്കുന്ന വോട്ടർമാരെ കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇത് ദീർഘനാൾ വേണ്ടിവരുന്നൊരു പ്രക്രിയയാണ്. ഇതിന് സമയമെടുക്കും. ആ സമയം വരെ എല്ലാവരേയും പോളിങ്ങ് ബൂത്തിലേക്ക് എത്തിക്കാനുള്ള ശ്രമം തുടരുകയാണെന്ന് കുമാർ പറഞ്ഞു.
നിലവിലുള്ള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ (ഇവിഎം) രണ്ട് നിർമ്മാതാക്കളിൽ ഒരാളായ ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ രൂപകൽപ്പന ചെയ്ത പ്രോട്ടോടൈപ്പ് ആർവിഎം പ്രദർശനത്തിന് തയ്യാറാണെന്ന് കഴിഞ്ഞ ഡിസംബറിൽ ഇസി പ്രഖ്യാപിച്ചിരുന്നു. ജനുവരി 16 ന് റിമോട്ട് വോട്ടിങ് മെഷീനുകളെക്കുറിച്ചുള്ള ചർച്ചയ്ക്കും പ്രദർശനത്തിനും ഇസി രാഷ്ട്രീയ പാർട്ടികളെ ക്ഷണിച്ചിരുന്നു. എന്നാൽ മിക്കവാറും എല്ലാ പാർട്ടികളും ഈ ആശയത്തെ എതിർത്തതിനാൽ പ്രദർശനം നടന്നില്ല.
തിരഞ്ഞെടുപ്പ് കമ്മിഷൻ പറയുന്നതനുസരിച്ച് റിമോട്ട് വോട്ടിങ് മെഷീന് ഒരേസമയം 72 മണ്ഡലങ്ങളുടെ ഡാറ്റ കൈകാര്യം ചെയ്യാൻ കഴിയും. കൂടാതെ, സ്വന്തം മണ്ഡലങ്ങൾക്ക് പുറത്തുള്ള കുടിയേറ്റ വോട്ടർമാർക്ക് പ്രയോജനപ്പെടുത്താനും കഴിയും.
രാഷ്ട്രീയ പാർട്ടികളുടെ അടിസ്ഥാന ചോദ്യങ്ങൾക്ക് പോലും ഇസിക്ക് മറുപടി നൽകാൻ കഴിഞ്ഞില്ലെന്ന് ജനുവരി 16 ന് നടന്ന യോഗത്തിൽ പങ്കെടുത്തവരിൽ ഉൾപ്പെട്ട ആം ആദ്മി പാർട്ടി എംപി സഞ്ജയ് സിങ് പറഞ്ഞു. ''ഒരു സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുകയും ആ സംസ്ഥാനത്തെ വോട്ടർമാർ മറ്റൊരു സംസ്ഥാനത്ത് വ്യാപിച്ച് കിടക്കുകയും ചെയ്താൽ, എത്ര ബൂത്തുകൾ സ്ഥാപിക്കും?. ആ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്നില്ലെങ്കിലും അവിടെയും മാതൃകാ പെരുമാറ്റച്ചട്ടം ബാധകമാകുമോ?. ഈ ചോദ്യങ്ങൾക്ക് ഇസി ഉദ്യോഗസ്ഥർക്ക് മറുപടി ഇല്ല,'' അദ്ദേഹം പറഞ്ഞു.
രാജ്യത്ത് കുടിയേറ്റ തൊഴിലാളികളെക്കുറിച്ച് ഒരു സർവേയും നടക്കാത്തതിനാൽ അവരെ എങ്ങനെ കണ്ടെത്തുമെന്ന് ഇസി യോഗത്തിന് ശേഷം സംസാരിച്ച കോൺഗ്രസ് നേതാവ് ദിഗ്വിജയ സിങ് പറഞ്ഞിരുന്നു.
ഫെബ്രുവരി 3 ന് ലോക്‌സഭയിൽ ഒരു ചോദ്യത്തിന് മറുപടിയായി, ഒരു തിരഞ്ഞെടുപ്പിലും ആർവിഎം ഉപയോഗിക്കാൻ ഇസി നിർദേശിച്ചിട്ടില്ലെന്ന് നിയമ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ''ആർവിഎം അവതരിപ്പിക്കുന്നത് വ്യാജ വോട്ടുകൾ വർധിപ്പിക്കില്ലെന്ന് ഇസിഐ അറിയിച്ചു. ഇസിഐഎൽ വികസിപ്പിച്ചെടുത്ത പ്രോട്ടോടൈപ്പ് ആർവിഎം, സാങ്കേതിക വിദഗ്ധ സമിതിയുടെ മാർഗനിർദേശപ്രകാരം നിലവിലുള്ള ഇവിഎമ്മുകളെ അടിസ്ഥാനമാക്കിയുള്ള കരുത്തുറ്റതും ഒറ്റപ്പെട്ടതുമായ സംവിധാനമാണ്,'' നിയമമന്ത്രി കിരൺ റിജിജു രേഖാമൂലം നൽകിയ മറുപടിയിൽ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us