scorecardresearch
Latest News

 രാഹുൽ ഗാന്ധി പ്രഗല്ഭനായ രാഷ്ട്രീയക്കാരനല്ലായിരിക്കാം, പക്ഷെ അദ്ദേഹത്തെ ഒരു കുറ്റവാളിയായി കാണാൻ ബുദ്ധിമുട്ടാണ്

ഇന്ത്യൻ ജനാധിപത്യം ഭീഷണി നേരിടുന്നുവെന്ന് പറഞ്ഞതിന് രാഹുൽ ഗാന്ധി മാപ്പ് പറയുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞ ആഴ്ച പാർലമെന്റ് പ്രവർത്തനങ്ങളൊന്നും തന്നെ നടന്നിരുന്നില്ല. ഒടുവിൽ ബജറ്റ് ചർച്ച കൂടാതെ പാസാക്കി.

 രാഹുൽ ഗാന്ധി പ്രഗല്ഭനായ രാഷ്ട്രീയക്കാരനല്ലായിരിക്കാം, പക്ഷെ അദ്ദേഹത്തെ ഒരു കുറ്റവാളിയായി കാണാൻ ബുദ്ധിമുട്ടാണ്

രാഹുൽ ഗാന്ധിയെ പാർലമെന്റിൽ നിന്ന് അയോഗ്യനാക്കിയതിൽ നെറികെട്ട രാഷ്ട്രീയത്തിന്റെ ദുർഗന്ധമനുഭവപ്പെടുന്നത് എന്തുകൊണ്ടാണ് ? ലോകനേതാക്കളിൽ വെച്ച് ഏറ്റവും റേറ്റിങ്ങുളള ഒരു പ്രധാനമന്ത്രി, തന്റെ വക്താവ്, സദാ വിഡ്ഢിയെന്ന് ആക്ഷേപിക്കുന്ന ഒരാളെ ഭയക്കുന്നത് എന്തിനാണ്? ലോകത്തിലെ ഏറ്റവും ശക്തമായൊരു രാഷ്ട്രീയ പാർട്ടി തങ്ങളുടെ ഔന്നത്യത്തെക്കുറിച്ച് പെട്ടെന്ന് അരക്ഷിതരാവുന്നത് എന്തിനാണ് ? ഇതിനൊക്കെ എന്റെ കയ്യിൽ ഉത്തരമുണ്ടെന്നാണ് കരുതുന്നതെങ്കിൽ നിങ്ങൾക്കു തെറ്റി. പക്ഷെ ഇപ്പോൾ ഉയരുന്ന ചോദ്യങ്ങൾ ഇവയാണ്, ഇവ ചോദിക്കപ്പെടേണ്ടതുമാണ്.

രാഹുൽ ഗാന്ധി പ്രഗത്ഭനായ രാഷ്ട്രീയക്കാരനല്ലായിരിക്കാം, പക്ഷെ നിസാരമായൊരു പ്രസംഗത്തിന്റെ പേരിൽ രാഷ്ട്രീയഭാവി തന്നെ റദ്ദാക്കാൻ പോന്നൊരു കുറ്റവാളിയായി അദ്ദേഹത്തെ കാണാൻ ബുദ്ധിമുട്ടാണ്. മോദിയെന്നു പേരുളള എല്ലാവരെയും അപകീർത്തിപ്പെടുത്തിയെന്ന കേസിലാണ് സൂറത്തിലെ കോടതി രാഹുലിന് രണ്ടുവർഷത്തെ തടവുശിക്ഷ വിധിച്ചത്. ഇതേത്തുടർന്നാണ് പാർലമെന്റ് സെക്രട്ടേറിയറ്റിന്റെ വിവാദനടപടി. അപ്പീൽ നൽകാൻ കോടതി മുപ്പതു ദിവസത്തെ സമയം നൽകിയെങ്കിലും അപ്പീൽ നൽകുന്നതിനു മുമ്പുതന്നെ വയനാട്ടിൽ നിന്നുളള പാർലമെന്റ് അംഗത്വം റദ്ദാക്കപ്പെട്ടു.

എന്താണ് സംഭവിച്ചത് എന്നതിന്റെ നിയമസാധുതയല്ല സംഭവത്തിനു പിന്നിലെ രാഷ്ട്രീയമാണ് ഇവിടെ വിഷയമാകുന്നത്. നരേന്ദ്ര മോദി പ്രധാനമന്ത്രിയായതോടെ ഇന്ത്യയിൽ ജനാധിപത്യം ദുർബലമാവുകയാണെന്ന് ‘വിദേശ മണ്ണിൽ’ വെച്ച് രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവനയോടെ അദ്ദേഹം ബിജെപിയുടെ നോട്ടപ്പുളളിയായിക്കഴിഞ്ഞു. ചരിത്രത്തിലാദ്യമായി പ്രതിപക്ഷമല്ല, ഭരണപക്ഷം കാരണം പാർലമെന്റ് പ്രവർത്തനം സ്തംഭിച്ചു. പാർലമെന്റിൽ സംസാരിക്കുന്നതിൽ നിന്നും തന്നെ തടഞ്ഞുവെന്ന് പറഞ്ഞതിന് രാഹുൽ ഗാന്ധി മാപ്പു പറയണമെന്നാവശ്യപ്പെട്ട് സഭയക്കകത്തും പുറത്തും മുതിർന്ന മന്ത്രിമാർ നിരന്നു.

‘എ’ ടീമിന്റെ അക്രമണം അവസാനിച്ചപ്പോൾ ബിജെപിയുടെ വക്താക്കൾ അടങ്ങുന്ന ‘ബി’ ടീം പറഞ്ഞുവെച്ചതുപോലെ തങ്ങളുടെ അക്രമണവും നടത്തി. ഹീനമായിത്തന്നെ. പാർട്ടിയുടെ ചാനൽമുഖമായ ഒരു വക്താവ് പ്രസ്താവിച്ചത് രാഹുൽ നമ്മുടെ കാലത്തെ മിർ ജാഫിർ ആണെന്നാണ്! ഈ ചരിത്രപുരുഷനെ മറന്നുപോയവർക്കുവേണ്ടിയൊരു ചെറിയ ഓർമ്മപ്പെടുത്തൽ – പ്ലാസി യുദ്ധത്തിൽ വിജയിക്കാൻ ബ്രിട്ടീഷുകാരെ സഹായിച്ച ഒറ്റുകാരനായിരുന്നു മിർ ജാഫിർ. ലണ്ടനിലോ കേംബ്രിഡ്ജ് സർവകലാശാലയിലോ സംസാരിച്ചതിൽ രാഹുലിനെ ഒറ്റുകാരനാക്കുന്നതായി എന്തെങ്കിലുമുണ്ടായിരുന്നോ? ഒന്നുമില്ല.

തനിക്കെതിരേ ബിജെപി ചുമത്തിയ കുറ്റങ്ങൾക്കു മറുപടി പറായാനായിരുന്നു രാഹുൽ ഗാന്ധി പാർലമെന്റിലെത്തിയത്. പക്ഷെ അദ്ദേഹത്തെ സംസാരിക്കാൻ അനുവദിച്ചില്ല. വിധിക്കെതിരെ അപ്പീൽ കൊടുക്കാനുളള സമയം പോലും നൽകാതെ തൊട്ടുപിന്നാലെ അയോഗ്യനാക്കിക്കൊണ്ടുളള ഉത്തരവും വന്നു. എന്താണ് വാസ്തവത്തിൽ സംഭവിക്കുന്നത് ? ആഗോള പ്രശസ്തനായ നേതാവ്, രണ്ടുതവണ പൊതുതെരഞ്ഞെടുപ്പിൽ തോൽവി ഏറ്റുവാങ്ങിയ കോൺഗ്രസിനെ നയിച്ച ഒരു മനുഷ്യനെ വല്ലാതെ ഭയക്കുന്നു എന്നാണോ ? തന്റെ ഭൃഹത്തായ അധികാരമുപയോഗിച്ച് നരേന്ദ്ര മോദി നമ്മുടെ ജനാധിപത്യ സ്ഥാപനങ്ങളെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന രാഹുലിന്റെ പ്രസ്താവനയെ ശരിവെക്കുന്ന രീതിയിൽ  മോദി പ്രവർത്തിക്കുന്നത് എന്തുകൊണ്ടാണ് എന്നുളളതാണ് പ്രധാനചോദ്യം.

തീർച്ചയായും പാർലമെന്റിൽ ഇരിക്കാൻ യോഗ്യതയില്ലാത്തൊരു ക്രിമിനലാണ് രാഹുൽ എന്ന് മോദി വിശ്വസിക്കുന്നുണ്ടാവില്ല. ഡെമോക്രാറ്റിക് റിഫോംസ്  അസോസിയേഷന്റെ കണക്കു പ്രകാരം 2019ൽ വിജയിച്ച ബിജെപി എംപിമാരിൽ 39 ശതമാനം (116) പേർക്കെതിരെയും ക്രിമിനൽ കേസുകൾ ഉണ്ടായിരുന്നു  എന്നിരിക്കെ രാഹുലിന്റെ അയോഗ്യതയെ പിന്തുണയ്ക്കാൻ മോദിക്ക് നിർവാഹമില്ല. കോൺഗ്രസിൽ 57 ശതമാനം വരുന്ന അതായത് 29 എം പിമാർക്കെതിരെയും ക്രിമിനൽ കേസുകളുണ്ട്.  പലർക്കുമെതിരെ ഉണ്ടായിരുന്നത് അപകീർത്തിക്കേസികളേക്കാൾ ഗുരുതരമായ കുറ്റങ്ങളായിരുന്നു താനും. രാഹുൽ ആകെ ചോദിച്ചതാകട്ടെ എന്തുകൊണ്ട് എല്ലാ  കളളന്മാരുടെയും പേര് മോദി എന്നാകുന്നു എന്നാണ്. ഈ ചോദ്യം മോദി എന്നു പേരുളള ഒരു ബിജെപിക്കാരനെ ചൊടിപ്പിക്കുകയും അയാൾ മോദി സമുദായത്തിന്റെ പേരിൽ രാഹുലിനെതിരേ അപകീർത്തിക്കേസ് ഫയൽ ചെയ്യുകയുമായിരുന്നു.

ദീർഘകാലമായി ഇന്ത്യൻ രാഷ്ട്രീയ വാർത്തകൾ കൈകാര്യം ചെയ്യുന്ന ഒരാളെന്ന നിലയ്ക്ക് എന്നെ ആശങ്കപ്പെടുത്തുന്നത് നമ്മുടെ രാഷ്ട്രീയക്കാർ എത്രമാത്രം ദുർബലചിത്തരായിക്കൊണ്ടിരിക്കുന്നു എന്നതാണ്. പൊതുജീവിതത്തിന്റെ സമ്മർദ്ദങ്ങളെ കുറിച്ച് മുൻ അമേരിക്കൻ പ്രസിഡന്റ് ഹാരി ട്രൂമാൻ പറഞ്ഞത് ഇവർ കേട്ടുകാണില്ല. ‘ചൂട് സഹിക്കാൻ കഴിയില്ലെങ്കിൽ നിങ്ങൾ അടുക്കളയിൽ നിന്നകന്നു നിൽക്കണം’ എന്നാണദ്ദേഹം പറഞ്ഞത്.  ഒരിക്കൽ ശക്തമായിരുന്ന  ഇന്ത്യൻ മാധ്യമലോകം സ്തുതിപാഠകരുടെ വേഷം ഭംഗിയായി ചെയ്തിട്ടു പോലും മിക്കവാറും എല്ലാ പൊതുപ്രവർത്തകരും പെട്ടെന്ന് വ്രണിതഹൃദയരാകുന്ന ഇക്കാലത്ത് ട്രൂമാന്റെ വാക്കുകൾ പ്രസക്തമാണ്. സ്ഥിതി ആശങ്കാജനകമാണ് ഉന്നത ഉദ്യോഗസ്ഥരും ബോളിവുഡ് താരങ്ങളും  നേരത്തെ തന്നെ  സ്തുതിപാഠക സംഘമായിക്കഴിഞ്ഞു. പ്രതിപക്ഷ നേതാക്കളാകട്ടെ എപ്പോഴാണ് തങ്ങളുടെ വാതിൽക്കൽ എൻഫോഴ്സമെന്റ് ഡയറ്കടറേറ്റോ സി ബി ഐയോ മുട്ടുക എന്ന ഭീതിയിലാണ്.

അതേസമയം, ഇന്ത്യൻ ജനാധിപത്യം ഭീഷണിയിലാണെന്നു പറഞ്ഞതിന് രാഹുൽ ഗാന്ധി പറയുമെന്ന പ്രതീക്ഷയിൽ പാർലമെന്റ് പ്രവർത്തിക്കാതിരുന്നതു കൊണ്ട്  ചർച്ച കൂടാതെതന്നെ കഴിഞ്ഞയാഴ്ച്ച ബജറ്റ് പാസാക്കുകയും ചെയ്തു.  ഇനി അടുത്തൊന്നും ആ വാതിൽ അദ്ദേഹത്തിനായി തുറക്കില്ല എന്നുളളതുകൊണ്ടുതന്നെ രാഹുൽ മാപ്പു പറയണ്ടതുമില്ല. ചോദ്യം, മൂന്നാം തവണ വിജയത്തിന് ഇത് ബിജെപിയെ സഹായിക്കുമോ എന്നുളളതാണ്. ചൂട് അതികഠിനമാണെന്നതുകൊണ്ടുതന്നെ അടുക്കളയിൽ തുടരാൻ അടുത്ത തിരഞ്ഞെടുപ്പ് കാലത്ത് എത്ര പ്രതിപക്ഷ നേതാക്കൾ കാണുമെന്നാർക്കറിയാം!

നിലവിൽ അവരെല്ലാം രാഹുലിനൊപ്പം നിൽക്കുന്നു എന്നുളളത് നല്ലവാർത്തയാണ്. രാഹുലിനെ ഭാവി പ്രധാനമന്ത്രിയായി കോൺഗ്രസ് പാർട്ടി ഉയർത്തിക്കാണിക്കുന്നതിൽ അവരിൽ പലർക്കും സംശയമുണ്ട്. തിരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം മാത്രമേ ആരായിരിക്കും പ്രധാനമന്ത്രി എന്ന കാര്യം തീരുമാനിക്കാനാവൂ എന്ന് പലരും പലതവണ പറയുകയും ചെയ്തു.  ഇതു രാഹുൽ ഗാന്ധിയുടെ മാത്രം യുദ്ധമല്ല തങ്ങളുടേതു കൂടിയാണെന്ന് ഇപ്പോൾ അരവിന്ദ് കെജരിവാളും പറഞ്ഞുകഴിഞ്ഞു.


 

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Tavleen singh writes rahul gandhi may not be the most skillful politician but its hard to see him as a criminal