/indian-express-malayalam/media/media_files/uploads/2022/09/narendra-modi-1.jpg)
ഫയൽ ചിത്രം
ന്യൂഡല്‍ഹി: ചില പ്രത്യേക ആഖ്യാനങ്ങള്‍ക്കു മാത്രം യോജിച്ചതും ആളുകള്‍ക്കിടയില്‍ അപകര്‍ഷതാബോധം സൃഷ്ടിച്ചതുമായ ചരിത്രം രാജ്യത്ത് പഠിപ്പിച്ചതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. വിശ്വാസ സംരക്ഷണത്തിനായി ജീവന്‍ ത്യജിച്ച ഗുരു ഗോബിന്ദ് സിങ്ങിന്റെ മക്കളായ സോരാവര്‍ സിങ്ങിനും ഫത്തേ സിങ്ങിനും ആദ്യ 'വീര്‍ ബല്‍ ദിവസ്' പരിപാടിയില്‍ ആദരാഞ്ജലി അര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
''സാഹിബ്സാദുകള്‍ തലമുറകളെ പ്രചോദിപ്പിക്കുന്നവരാണ്. അത്തരം ചരിത്രമുള്ള ഒരു രാജ്യം ആത്മവിശ്വാസം കൊണ്ട് നിറയണം. നിര്‍ഭാഗ്യവശാല്‍, ചരിത്രത്തിന്റെ പേരില്‍ നമ്മെ അപകര്‍ഷതാബോധത്തിലേക്കു നയിക്കുന്ന ചില വിവരണങ്ങള്‍ മാത്രമാണ് പഠിപ്പിച്ചത്,''പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയെ വിജയത്തിന്റെ പുതിയ ഉയരങ്ങളിലേക്കു നയിക്കാന്‍ ഭൂതകാലത്തിന്റെ ഇടുങ്ങിയ വീക്ഷണങ്ങളില്‍നിന്നു നാം സ്വതന്ത്രരാകണമെന്നും അദ്ദേഹം പറഞ്ഞു.
''ഔറംഗസേബിന്റെ ഭീകരതയ്ക്കെതിരെയും ഇന്ത്യയെ മാറ്റാനുള്ള അദ്ദേഹത്തിന്റെ ഉദ്ദേശ്യങ്ങള്‍ക്കെതിരെയും ഗുരു ഗോബിന്ദ് സിങ് ഉറച്ചുനിന്നു. ഔറംഗസേബും അദ്ദേഹത്തിന്റെ ആളുകളും ഗുരു ഗോബിന്ദ് സിങ്ങിന്റെ മക്കളെ ബലം പ്രയോഗിച്ച് മതം മാറ്റാന്‍ ആഗ്രഹിച്ചു,'' മോദി പറഞ്ഞു.
''ലോക ചരിത്രം ക്രൂരതകളും അക്രമങ്ങളും കൊണ്ട് നിറഞ്ഞതാണ്. മൂന്നു നൂറ്റാണ്ട് മുന്‍പ് ചാംകൗര്‍, സിര്‍ഹിന്ദ് പോരാട്ടങ്ങള്‍ നടന്നിരുന്നു. ഒരു വശത്ത് വര്‍ഗീയ തീവ്രവാത്താല്‍ അന്ധനായ മുഗള്‍ സുല്‍ത്താനേറ്റും മറുവശത്ത് നമ്മുടെ ഗുരുക്കന്മാരുമായിരുന്നു. ഒരു വശത്ത് തീവ്രവാദവും മറുവശത്ത് ആത്മീയതയും. ഒരു വശത്ത് വര്‍ഗീയ കലാപവും മറുവശത്ത് ലിബറലിസവും… ഒരു വശത്ത് ലക്ഷങ്ങളുടെ സേനയുണ്ടായിരിക്കുമ്പോള്‍ മറുവശത്ത് ഒട്ടും തളരാത്ത വീര്‍ സാഹിബ്‌സാദെയുണ്ടായിരുന്നു,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിഖ് മതത്തിലെ പത്താം ആചാര്യന്‍ ഗുരു ഗോബിന്ദ് സിങ്ങിന്റെ ഇളയ മക്കളായ 'ഛോട്ടേ സാഹിബ്‌സാദേ'യുടെ ധീരതയെ അനുസ്മരിക്കാനായി ഡിസംബര്‍ 26 ആണ് വീര്‍ ബല്‍ ദിവസ് ആയി ആചരിക്കുന്നത്.
മുസ്ലിമാകാന്‍ വിസമ്മതിച്ചതിന്, ഗുരു ഗോബിന്ദ് സിങ്ങിന്റെ ഇളയ മക്കളായ സൊരാവര്‍ സിങ്ങിനെയും ഫത്തേ സിങ്ങിനെയും സിര്‍ഹിന്ദിലെ മുഗള്‍ ഫൗജ്ദാര്‍ വസീര്‍ ഖാന്റെ ഉത്തരവനുസരിച്ച് ചുറ്റും ഇഷ്ടികകൊണ്ട് ജീവനോടെ കൊലപ്പെടുത്തുകയായിരുന്നു. സോരാവര്‍ സിങ്ങിന് ഒന്‍പതും ഫത്തേ സിങ്ങിന് ഏഴും വയസായിരുന്നു അന്നത്തെ പ്രായം. സംഭവത്തിനു തൊട്ടുപിന്നാലെ, അവരുടെ മുത്തശ്ശി മാതാ ഗുജ്‌രി (ഗുരു ഗോവിന്ദ് സിങ്ങിന്റെ അമ്മ) നടുക്കം മൂലം മരിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.