scorecardresearch
Latest News

മുഖ്യമന്ത്രി നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും

ബഫർസോൺ, കെ റെയിൽ വിഷയങ്ങൾ ചർച്ചയാകും

മുഖ്യമന്ത്രി നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. കൂടിക്കാഴ്ചയ്ക്ക് പ്രധാനമന്ത്രി സമയം അനുവദിച്ചു. നാളെ രാവിലെ 10.30 ന് പ്രധാനമന്ത്രിയുടെ വസതിയിലാണ് കൂടിക്കാഴ്ച. ബഫർസോൺ, കെ റെയിൽ വിഷയങ്ങൾ ചർച്ചയാകും.

കെ റെയിലിന്റെ അനുമതി വേഗത്തിലാക്കുക, ബഫർസോണിലെ ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുക, വായ്പാ പരിധി ഉയർത്തുക എന്നതടക്കമുള്ള വിഷയങ്ങൾ മുഖ്യമന്ത്രി കൂടിക്കാഴ്ചയിൽ ഉന്നയിക്കും. കെ റെയിൽ അനുമതി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെയും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടിരുന്നു. അന്ന് സാങ്കേതിക തടസങ്ങൾ പരിഹരിക്കണമെന്ന നിർദേശമാണ് പ്രധാനമന്ത്രി മുന്നോട്ടുവച്ചത്. അതുകഴിഞ്ഞാൽ പദ്ധതി വേഗത്തിൽ നടപ്പിലാക്കാനുള്ള അനുമതി കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി ഉറപ്പു നൽകിയിരുന്നു.

ബഫര്‍ സോണ്‍ വിഷയം സംബന്ധിച്ച് സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ പ്രതിഷേധം തുടരുകയാണ്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണുന്നത്. വിഷയത്തിൽ കേന്ദ്രം ഇടപെടണമെന്ന ആവശ്യം ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ ബഫർസോൺ വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപെടുത്താനാണ് നീക്കം.

ഇന്ന് ഡൽഹിയിൽ എത്തുന്ന മുഖ്യമന്ത്രി ഡിസംബര്‍ 27, 28 തീയതികളില്‍ നടക്കുന്ന സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിലും പങ്കെടുക്കും. ചീഫ് സെക്രട്ടറി വി.പി.ജോയിയും മുഖ്യമന്ത്രിക്കൊപ്പം ഡൽഹിയിലെത്തും.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Cm pinarayi vijayan will meet prime minister narendra modi tomorrow