/indian-express-malayalam/media/media_files/uploads/2019/05/modi-cabinet-cabinet-008.jpg)
ന്യൂഡല്‍ഹി: നരേന്ദ്രമോദി രണ്ടാമതും പ്രധാനമന്ത്രിയായി അധികാരത്തിലേറിയപ്പോള്‍ ആദ്യ സര്‍ക്കാരില്‍ മന്ത്രിസഭയിലുണ്ടായിരുന്ന പലര്‍ക്കും ഇത്തവണ അവസരം ലഭിച്ചിട്ടില്ല. ഒന്നാം മോദി സര്‍ക്കാരില്‍ വിദേശകാര്യ മന്ത്രിയായിരുന്ന സുഷമാ സ്വരാജ് മന്ത്രിസഭയില്‍ നിന്ന് ഒഴിവായത് നാടകീയമായാണ്. സുഷ്മ സ്വരാജ് മന്ത്രിസഭയിലുണ്ടാകുമെന്നാണ് ആദ്യം പുറത്തുവന്ന വാര്‍ത്തകള്‍.
എന്നാല്‍ പ്രധാനമന്ത്രിയുടെ വസതിയിലെ ചായ സല്‍ക്കാരത്തില്‍ പങ്കെടുക്കാതിരുന്നതോടെ ഇക്കാര്യത്തില്‍ അനിശ്ചിതത്വമായി. സത്യപ്രതിജ്ഞ ചടങ്ങിനെത്തിയ സുഷ്മ നിയുക്ത മന്ത്രിമാരുടെ വേദിയില്‍ ഇരിക്കാതെ സദസ്സില്‍ ഇടം പിടിച്ചതോടെ അവര്‍ മന്ത്രിസഭയിലില്ലെന്ന് ഉറപ്പായി. ധനമന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റ്ലിും ആരോഗ്യകാരണങ്ങള്‍ കാരണം മന്ത്രിസഭയില്‍ ഇല്ല. വ്യോമയാന മന്ത്രിയായിരുന്ന സുരേഷ് പ്രഭു, കുടിവെളളകാര്യ മന്ത്രി ഉമാ ഭാരതി, വനിതാ-ശിശു ക്ഷേമ വകുപ്പ് മന്ത്രി മേനകാ ഗാന്ധി എന്നിവരും ഇത്തവണ മന്ത്രിസഭയില്‍ ഇല്ല.
ആരോഗ്യമന്ത്രിയായിരുന്ന ജെപി നദ്ദയും മന്ത്രിസഭയില്‍ ഇടംപിടിച്ചില്ല. ബിജെപി അദ്ധ്യക്ഷനായി അദ്ദേഹം ചുമതലയേല്‍ക്കുമെന്ന് ഊഹാപോഹങ്ങളുണ്ട്. ആനന്ദ് ഗീത്, ചൗധരി ബിരേന്ദര്‍ സിങ്, ജുവാല്‍ ഓറം, രാധാമോഹന്‍ സിങ് എന്നിവരും മന്ത്രിസഭയില്‍ ഇല്ല.സഹമന്ത്രിമാരായ രാജ്യവര്‍ധന്‍ സിങ് റാത്തോര്‍, ജയന്ത് സിന്‍ഹ,അല്‍ഫോണ്‍സ് കണ്ണന്താനം, ജുവല്‍ ഓറം, മഹേഷ് ശര്‍മ്മ തുടങ്ങിയവരും പുറത്താകപ്പെട്ടു. ധനമന്ത്രിയായിരുന്ന അരുണ്‍ ജയ്റ്റ്ലിയുടെയും വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്‍റെയും പിന്മാറ്റമാണ് ഏറെ ശ്രദ്ധേയമാണ്. 2014 ല്‍ സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ ധനകാര്യവും പ്രതിരോധവും വാര്‍ത്താ വിതരണ മന്ത്രാലയവും അരുണ്‍ ജയ്റ്റ്ലിയുടെ കീഴിലായിരുന്നു.
Read More: Kerala LIVE News Updates: മന്ത്രിയാകാത്തതിൽ വിഷമമില്ല: അൽഫോൺസ് കണ്ണന്താനം
കഴിഞ്ഞ അഞ്ച് വര്‍ഷം സര്‍ക്കാരിന്‍റെ ശക്തനായ മന്ത്രിയായി നയ രൂപീകരണത്തില്‍ പ്രധാന പങ്കുവഹിച്ചിരുന്നു അരുണ്‍ ജയ്റ്റിലി. എന്‍ഡിഎ സര്‍ക്കാരിന്‍റെ വിവാദ നയങ്ങളില്‍ പ്രതിരോധം തീര്‍ത്തും ഈ മുന്‍ ധനമന്ത്രി ആദ്യാവസാനം ഉണ്ടായിരുന്നു. ആരോഗ്യപരമായ കാരണങ്ങളാല്‍ തന്നെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കണമെന്ന് അരുണ്‍ ജയ്റ്റ്ലി ആവശ്യപ്പെടുകയായിരുന്നു.
വിദേശകാര്യമന്ത്രി എന്ന നിലയില്‍ മികച്ച പ്രവര്‍ത്തന റെക്കോര്‍ഡോടു കൂടിയാണ് സുഷമ സ്വരാജ് പടിയിറങ്ങുന്നത്. വാജ്പേയ് സര്‍ക്കാരിന്റെ കാലം തൊട്ട് ബി.ജെ.പി മന്ത്രിസഭയില്‍ അംഗമായിരുന്ന സുഷ്മ കഴിഞ്ഞ സര്‍ക്കാരില്‍ വിദേശകാര്യ വകുപ്പ് മന്ത്രിയായി തിളങ്ങിയതോടെ ജനകീയ മന്ത്രിയായി മാറി. എന്നാല്‍ ആരോഗ്യപ്രശ്നങ്ങളാല്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്ന സുഷ്മ അക്കാരണത്താലാണ് മന്ത്രിസഭയില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്നാണ് സൂചന.
അതേസമയം ഇന്ത്യക്കാരെ വിശിഷ്യാ പ്രവാസികളെ കഴിഞ്ഞ അഞ്ചു വര്‍ഷം വിദേശമന്ത്രിയെന്ന നിലയില്‍ സേവനമനുഷ്ഠിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ട്വിറ്ററിൽ രേഖപ്പെടുത്തിയ അവർ അത്തരമൊരു അവസരം തന്നതിൽ പ്രധാനമന്ത്രിക്ക് നന്ദി പറയുകയും ചെയ്തു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.