/indian-express-malayalam/media/media_files/uploads/2018/02/rahul-gandhi-1.jpg)
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ നോട്ടീസ്. രാഹുലിന്റെ ബ്രിട്ടീഷ് പൗരത്വവുമായി ബന്ധപ്പെട്ട് ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമി നൽകിയ പരാതിയിൽ വിശദീകരണം ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. നോട്ടീസിന് 15ദിവസത്തിനകം രാഹുൽ മറുപടി നൽകണമെന്നാണ് നിർദേശം.
ബ്രിട്ടനിൽ രജിസ്റ്റർ ചെയ്ത ഒരു കമ്പനിയിലെ ഡയറക്ടർമാരിലൊരാളാണ് രാഹുൽ ഗാന്ധിയെന്നാണ് സ്വാമി നൽകിയ പരാതിയിൽ പറയുന്നത്. 2005-2006 ആനുവൽ റിട്ടേൺസിൽ ബ്രിട്ടീഷ് പൗരനാണ് താനെന്നാണ് രാഹുൽ പറഞ്ഞിരിക്കുന്നത്. സ്വാമിയുടെ പരാതിയെ കടുത്ത ഭാഷയിൽ കോൺഗ്രസ് വിമർശിച്ചിരുന്നു.
''രാഹുൽ ഗാന്ധി ജനിച്ചത് ഇന്ത്യയിലാണെന്നും ഇന്ത്യൻ പൗരനാണെന്നും ലോകം മുഴുവനും അറിയാം. തൊഴിലില്ലായ്മയ്ക്കും കർഷകരുടെ ദുരിതത്തിനും കളളപ്പണത്തിനും നരേന്ദ്ര മോദിക്ക് ഉത്തരമില്ലാത്തതിനാണ് മറ്റു വിഷയങ്ങളിലേക്ക് ശ്രദ്ധ തിരിക്കുന്നത്,'' കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
Lok Sabha Elections 2019 Phase 4 Voting: അക്രമ സംഭവങ്ങൾക്കിടയിലും പശ്ചിമ ബംഗാളിൽ കനത്ത പോളിങ്
സുബ്രഹ്മണ്യൻ സ്വാമിയുടെ പരാതിയിൽ പറഞ്ഞിരിക്കുന്ന വിഷയം അമേഠിയിൽനിന്നുളള സ്വതന്ത്ര സ്ഥാനാർഥി ധ്രുവ് ലാലും ഈ മാസമാദ്യം ഉന്നയിച്ചിരുന്നു. രാഹുലിന്റെ നാമനിർദേശ പത്രികയിൽ പൗരത്വവും വിദ്യാഭ്യാസ യോഗ്യതയും സംബന്ധിച്ച് വൈരുധ്യങ്ങളുണ്ടെന്നും റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ രാഹുലിന്റെ നാമനിർദേശ പത്രികയിൽ പിഴവുകൾ ഇല്ലെന്നും അംഗീകരിച്ചതായും അമേഠിയിലെ വരണാധികാരി (RO) മനോഹർ മിശ്ര അറിയിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിൽനിന്നും ഉത്തർപ്രദേശിലെ അമേഠിയിൽനിന്നുമാണ് രാഹുൽ ഗാന്ധി ജനവിധി തേടുന്നത്. കേരളത്തിൽ വോട്ടെടുപ്പ് ഏപ്രിൽ 23 ന് കഴിഞ്ഞിരുന്നു. അമേഠിയിൽ മേയ് ആറിനാണ് വോട്ടെടുപ്പ്. അമേഠിയിൽ സ്മൃതി ഇറാനിയാണ് രാഹുലിന്റെ എതിരാളി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒരു ലക്ഷത്തിലധികം വോട്ടിനാണ് രാഹുൽ തന്റെ എതിരാളിയായ സ്മൃതിയെ തോൽപ്പിച്ചത്.
Read: കേരളത്തിൽ വോട്ടെടുപ്പ് ഒറ്റഘട്ടമായി, ഏപ്രിൽ 23 ന് വോട്ടെടുപ്പ്
ഏപ്രിൽ 11 മുതൽ മെയ് 19 വരെ ഏഴു ഘട്ടങ്ങളിലായിട്ടാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ്. ഫലപ്രഖ്യാപനം മെയ് 23 നാണ്. ആദ്യ ഘട്ടത്തിൽ 20 സംസ്ഥാനങ്ങളിലായി 91 മണ്ഡലങ്ങൾ, രണ്ടാം ഘട്ടം 13 സംസ്ഥാനങ്ങളിലായി 97 മണ്ഡലങ്ങൾ, മൂന്നാം ഘട്ടം 14 സംസ്ഥാനങ്ങളിലായി 115 മണ്ഡലങ്ങൾ, നാലാം ഘട്ടം 9 സംസ്ഥാനങ്ങളിലായി 71 മണ്ഡലങ്ങൾ, അഞ്ചാം ഘട്ടം 7 സംസ്ഥാനങ്ങളിലായി 51 മണ്ഡലങ്ങൾ, ആറാം ഘട്ടം 7 സംസ്ഥാനങ്ങളിലായി 59 മണ്ഡലങ്ങൾ, ഏഴാം ഘട്ടം 8 സംസ്ഥാനങ്ങളായി 59 മണ്ഡലങ്ങൾ.
ഏപ്രിൽ 11 ന് ആദ്യഘട്ടം, ഏപ്രിൽ 18 ന് രണ്ടാം ഘട്ടം, ഏപ്രിൽ 23 ന് മൂന്നാം ഘട്ടം, ഏപ്രിൽ 29 ന് നാലാം ഘട്ടം, മെയ് 6 ന് അഞ്ചാം ഘട്ടം, മെയ് 12 ന് ആറാം ഘട്ടം, മെയ് 19 ന് ഏഴാ ഘട്ടം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.