/indian-express-malayalam/media/media_files/uploads/2020/06/amit-shah.jpg)
ന്യൂഡൽഹി: സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ അതിവേഗം നടപടിയെടുക്കണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദേശം. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് നിർദേശം നൽകിയിരിക്കുന്നത്. സ്‌ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ പരാതി കിട്ടിയാലുടൻ കേസ് രജിസ്റ്റർ ചെയ്യണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദേശത്തിൽ പറയുന്നു.
പരാതി ലഭിച്ചാൽ രണ്ട് മാസത്തിനകം അന്വേഷണം പൂർത്തിയാക്കണം. വീഴ്‌ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നിലപാട് സ്വീകരിക്കണമെന്നും കേന്ദ്രം നിർദേശിച്ചു. ഹാഥ്‌റസ് പീഡനക്കേസ് അന്വേഷണത്തിൽ യുപി പൊലീസ് കൃത്യവിലോപം കാണിച്ചെന്ന് ഗുരുതര വിമർശനം ഉയർന്ന സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
നിയമത്തിലെ വ്യവസ്ഥകൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് സംസ്ഥാനങ്ങൾ പൊലീസിന് നിർദേശം നൽകണം. കുറ്റവാളികൾക്കെതിരെ സമയബന്ധിതമായി നടപടി സ്വീകരിക്കുന്നുണ്ടെന്ന് സംസ്ഥാനങ്ങൾ ഉറപ്പുവരുത്തണം.
Read Also: ലോകത്ത് ഏറ്റവും തൃപ്തരായിട്ടുള്ളവര്‍ ഇന്ത്യയിലെ മുസ്ലീങ്ങള്‍; മോഹന്‍ ഭാഗവത്
സ്‌ത്രീകൾക്കെതിരായ കേസുകൾ കൈകാര്യം ചെയ്യുന്നതിനുള്ള നിയമനിർമ്മാണ വ്യവസ്ഥകൾ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ സർക്കാർ വർഷങ്ങളായി സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദേശം പറയുന്നു. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട കേസുകളിൽ എന്തെങ്കിലും വീഴ്‌ചകൾ ശ്രദ്ധയിൽപ്പെട്ടാൽ, അന്വേഷണം നടത്തുകയും അതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും വേണമെന്ന് സർക്കുലറിൽ വ്യക്തമാക്കുന്നു.
ഇരകളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാൻ കഴിയുന്ന തരത്തിൽ കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം നടത്തണം. ഇത്തരം കേസുകളിൽ അന്വേഷണത്തിനു സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ സഹായം വേണമെങ്കിൽ അതിനായി സജ്ജമാക്കിയ ഐടിഎസ്എസ്ഒ പോർട്ടൽ വഴി സഹായം തേടണമെന്നും ആഭ്യന്തരമന്ത്രാലയം നിർദേശിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.