ന്യൂഡൽഹി: ലോകത്തെ ഏറ്റവും സംതൃപ്തരായ മുസ്ലീങ്ങള്‍ ഇന്ത്യയിലാണെന്ന് ആര്‍എസ്‌എസ് മേധാവി മോഹന്‍ ഭാഗവത്. എല്ലാ മതവിശ്വാസികളും ഒരുമിച്ച്‌ നില്‍ക്കുന്നുവെന്നത് ഇന്ത്യയുടെ സത്തയാണെന്ന് വാദിച്ചാണ് ആര്‍എസ്‌എസ് മേധാവി ഇക്കാര്യം പറഞ്ഞത്.

ഏതെങ്കിലും തരത്തിലുള്ള വര്‍ഗീയതയും വിഘടനവാദവും പടരുന്നത് സ്വാര്‍ത്ഥതാല്‍പ്പര്യ൦ മുന്‍ നിര്‍ത്തി ആളുകള്‍ പ്രവര്‍ത്തിക്കുമ്പോഴാണ് എന്നും മോഹൻ ഭാഗവത് പറഞ്ഞു.

മുഗള്‍ ചക്രവര്‍ത്തിയായ അക്ബറിനെതിരെ മേവാര്‍ രാജാവ് മഹാറാണ പ്രതാപിന്‍റെ സൈന്യത്തില്‍ നിരവധി മുസ്ലീങ്ങള്‍ യുദ്ധം ചെയ്തുവെന്ന് പറഞ്ഞ മോഹന്‍ ഭഗവത്, ഇന്ത്യയുടെ ചരിത്രത്തില്‍ രാജ്യത്തിന്‍റെ സംസ്‌കാരത്തിന് നേരെ ആക്രമണം ഉണ്ടാകുമ്പോഴെല്ലാം എല്ലാ മതവിഭാഗത്തിലുമുള്ള ആളുകളും ഒരുമിച്ച്‌ നിന്നിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു. ചരിത്രം പരിശോധിച്ചാല്‍ ഇത് കാണാനാകുമെന്നും മോഹൻ ഭാഗവത് പറഞ്ഞു.

ഒരു രാജ്യത്തെ ജനങ്ങളെ ഭരിച്ച ഒരു വിദേശ മതം ഇപ്പോഴും അവിടെ നിലനില്‍ക്കുന്നത് ലോകത്ത് മറ്റെവിടെയെങ്കിലും കാണാനാകുമോ എന്നും മോഹൻ ഭാഗവത് ചോദിച്ചു. ഇന്ത്യയില്‍നിന്ന് വ്യത്യസ്തമായി, പാക്കിസ്ഥാന്‍ മറ്റ് മതങ്ങളുടെ അനുയായികള്‍ക്ക് അവകാശങ്ങള്‍ നല്‍കിയില്ല, മാത്രമല്ല പാക്കിസ്ഥാൻ മുസ്ലീങ്ങൾക്ക് വേണ്ടി മാത്രമുള്ള ഒരു പ്രത്യേക രാജ്യമായി രൂപപ്പെടുകയും ചെയ്തു.

Read More: ഭീമ കൊറേഗാവ് കേസ്: എട്ടുപേർക്കെതിരേ എൻഐഎ കുറ്റപത്രം

“നമ്മുടെ ഭരണഘടന ഹിന്ദുക്കൾക്ക് മാത്രമേ ഇവിടെ താമസിക്കാൻ കഴിയൂവെന്ന് പറഞ്ഞിട്ടില്ല; ഇനിമുതൽ ഹിന്ദുക്കളുടെ ശബ്ദം മാത്രമേ ഇവിടെ കേൾക്കൂവെന്നും നിങ്ങൾക്ക് ഇവിടെ താമസിക്കണമെങ്കിൽ ഹിന്ദുക്കളുടെ അധീശത്വം അംഗീകരിക്കണമെന്നും പറഞ്ഞിട്ടില്ല. ഞങ്ങൾ അവർക്കായി ഒരു ഇടം സൃഷ്ടിച്ചു. ഇതാണ് നമ്മുടെ രാജ്യത്തിന്റെ സ്വഭാവം. ആ സഹജമായ  സ്വഭാവത്തെ ഹിന്ദുവെന്ന് വിളിക്കുന്നു,” മോഹ​ൻ ഭാഗവത് പറഞ്ഞു.

മതം എന്നത് എല്ലാവരേയും പരസ്പരം ബന്ധിപ്പിക്കുന്നതും, ഉയര്‍ത്തുന്നതും, ഒരു ചരടില്‍ ഏവരേയും ഒരുമിപ്പിക്കുന്നതുമായ കാര്യമാണെന്നും മോഹൻ ഭാഗവത് പറഞ്ഞു.

“ഇന്ത്യയോടും അതിന്‍റെ സംസ്‌കാരത്തോടുമുള്ള ഭക്തി ഉണരുമ്പോള്‍, പൂര്‍വ്വികരെപ്പറ്റി അഭിമാനബോധം ഉണ്ടാകുമ്പോള്‍ , എല്ലാ മതങ്ങളും തമ്മിലുള്ള വ്യത്യാസങ്ങള്‍ അപ്രത്യക്ഷമാവുകയും എല്ലാ മതവിഭാഗത്തില്‍പ്പെട്ടവരും ഒരുമിച്ച്‌ നില്‍ക്കുകയും ചെയ്യുന്നു,” ഭാഗവത് പറഞ്ഞു.

അയോധ്യയിലെ രാമക്ഷേത്രത്തെക്കുറിച്ച്‌ സംസാരിച്ച ഭഗവത് ഇത് കേവലം ആചാരപരമായ ഉദ്ദേശ്യങ്ങള്‍ക്കല്ല, ദേശീയ മൂല്യങ്ങളുടെയും സ്വഭാവത്തിന്‍റെയും പ്രതീകമാണ് എന്നാണ് അഭിപ്രായപ്പെട്ടത്.

“ഈ രാജ്യത്തെ ജനങ്ങളുടെ മനോവീര്യം, മൂല്യങ്ങള്‍ എന്നിവ തകര്‍ക്കുന്നതിനാണ് ക്ഷേത്രങ്ങള്‍ നശിപ്പിക്കപ്പെട്ടത് എന്നതാണ് യാഥാര്‍ത്ഥ്യം. അതുകൊണ്ടാണ് ക്ഷേത്രങ്ങള്‍ പുനര്‍നിര്‍മിക്കാന്‍ ഹിന്ദു സമൂഹം പണ്ടേ ആഗ്രഹിച്ചിരുന്നത്. ഞങ്ങളുടെ ജീവിതം ദുഷിപ്പിക്കപ്പെട്ടു, ഞങ്ങളുടെ ക്ഷേത്രം നശിപ്പിച്ചുകൊണ്ട് ഞങ്ങള്‍ അപമാനിക്കപ്പെട്ടു. അനുയോജ്യമായ ശ്രീരാമ ക്ഷേത്രം പുനര്‍നിര്‍മിക്കാനും മെച്ചപ്പെടുത്താനും ഞങ്ങള്‍ ആഗ്രഹിക്കുന്നു, അതിനാല്‍ ഈ മഹാക്ഷേത്രം നിര്‍മ്മിക്കുകയാണ്,” അദ്ദേഹം പറഞ്ഞു.

Read in English: Most content Muslims are only in India, we created a space for them: RSS chief Bhagwat

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook