/indian-express-malayalam/media/media_files/uploads/2018/03/mayavatimayawati-7591.jpg)
ഭോപ്പാൽ: പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച പാർട്ടി എംഎൽഎയെ സസ്‌പെൻഡ് ചെയ്ത് ബിഎസ്‌പി അധ്യക്ഷ മായാവതി. ദാമോഗ് ജില്ലയിലെ പതാരിയ നിയോജക മണ്ഡലത്തിൽനിന്നുളള എംഎൽഎ രമാബായ് പരിഹർ ആണ് നടപടി നേരിട്ടത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലൊരു നേതാവിനേ ഇത്തരമൊരു നടപടിയെടുക്കാൻ കഴിയൂവെന്നായിരുന്നു പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് രമാബായ് പറഞ്ഞത്. പാർട്ടി നിലപാടിന് വിരുദ്ധമായുളള രമാബായുടെ പരാമർശത്തിനെതിരെ വിവിധ നേതാക്കൾ രംഗത്തുവന്നിരുന്നു.
Read Also: എൻആർസി നടപ്പിലാക്കുന്നത് സംസ്ഥാന സർക്കാരുകളുമായി കൂടിയാലോചിച്ചശേഷം: നിയമ മന്ത്രി രവി ശങ്കർ പ്രസാദ്
പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ചതിന് രമാബായിയെ സസ്‌പെൻഡ് ചെയ്തതായും പാർട്ടി പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കിയതായും ട്വിറ്ററിലൂടെയാണ് മായാവതി അറിയിച്ചത്. ''ബിഎസ്‌പി വളരെ അച്ചടക്കമുള്ളൊരു പാർട്ടിയാണ്. അത് തകർക്കാൻ ശ്രമിച്ചാൽ എംപിയായാലും എംഎൽഎയായാലും ഉടനടി നടപടി എടുക്കും'' മായാവതി ട്വീറ്റ് ചെയ്തു.
''രാജ്യത്തെ ഭിന്നിപ്പിക്കുന്നതും ഭരണഘടനാവിരുദ്ധവുമാണെന്ന് ബില്ലിനെ ആദ്യം വിളിച്ച് പ്രതിഷേധിച്ചത് ബിഎസ്‌പിയാണ്. പാർലമെന്റിൽ ബില്ലിനെതിരെ വോട്ട് ചെയ്തു. ബിൽ പിൻവലിക്കുന്നത് സംബന്ധിച്ച് ഞങ്ങൾ രാഷ്ട്രപതിക്ക് മെമ്മോറാണ്ടം നൽകി. പക്ഷേ എംഎൽഎ പരിഹർ ബില്ലിനെ പിന്തുണയ്ക്കുകയാണ് ചെയ്തത്. പാർട്ടി നിലപാടിന് വിരുദ്ധമായി പ്രവർത്തിച്ചതിന് ഇതിനു മുൻപും പലതവണ എംഎൽഎയ്ക്ക് താക്കീത് നൽകിയിരുന്നു,'' മായാവതി ട്വീറ്റിൽ വ്യക്തമാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.