scorecardresearch
Latest News

എൻആർസി നടപ്പിലാക്കുന്നത് സംസ്ഥാന സർക്കാരുകളുമായി കൂടിയാലോചിച്ചശേഷം: നിയമ മന്ത്രി രവി ശങ്കർ പ്രസാദ്

ദേശീയ ജനസംഖ്യ റജിസ്റ്ററിനായി ശേഖരിച്ച ചില വിവരങ്ങൾ ദേശീയ പൗരത്വ റജിസ്റ്ററിനായി ഉപയോഗിക്കുകയോ ഉപയോഗിക്കാതിരിക്കുകയോ ചെയ്യും

Ravi Shankar Prasad, ie malayalam

ന്യൂഡൽഹി: ദേശീയ പൗരത്വ റജിസ്റ്റർ നടപ്പിലാക്കുന്നതിനു മുൻപായി സംസ്ഥാന സർക്കാരുകളുമായി കൂടിയാലോചിക്കുന്നതുൾപ്പെടെ കൃത്യമായ നിയമ നടപടികൾ പിന്തുടരുമെന്ന് നിയമ മന്ത്രി രവി ശങ്കർ പ്രസാദ്. സംസ്ഥാന സർക്കാരുകളുടെ പ്രതികരണം തേടും. ദേശീയ പൗരത്വ റജിസ്റ്ററുമായി ബന്ധപ്പെട്ട് ചെയ്യുന്നതെല്ലാം പരസ്യമായിരിക്കും. ഒന്നും രഹസ്യമായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ദി സൺഡേ എക്‌സ്‌പ്രസിനു നൽകിയ അഭിമുഖത്തിലാണ് നിയമ മന്ത്രിയുടെ പ്രതികരണം.

രാജ്യവ്യാപകമായി ദേശീയ പൗരത്വ റജിസ്റ്റർ നടപ്പിലാക്കുന്നതു സംബന്ധിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. നടപടികൾ തുടങ്ങുമ്പോൾ പരസ്യപ്രഖ്യാപനം ഉണ്ടാകും. ദേശീയ ജനസംഖ്യ റജിസ്റ്ററിനായി ശേഖരിച്ച ചില വിവരങ്ങൾ ദേശീയ പൗരത്വ റജിസ്റ്ററിനായി ഉപയോഗിക്കുകയോ ഉപയോഗിക്കാതിരിക്കുകയോ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

എൻപിആർ വിവരങ്ങൾ ശേഖരിക്കാനുളള കേന്ദ്രസർക്കാരിന്റെ തീരുമാനത്തെയും പ്രസാദ് ന്യായീകരിച്ചു. സെൻസസ് വിവരങ്ങൾ ഏതൊരു അതോറിറ്റിക്കും പരസ്യമാക്കാനാവില്ല. അതിനാൽ എൻപിആർ വിവരങ്ങൾ ശേഖരിക്കേണ്ടത് അവശ്യമാണ്. നിർധനർക്കായുളള ക്ഷേമപദ്ധതികൾ നടപ്പാക്കാൻ എൻപിആർ സഹായകമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Read Also: ‘ഭാരത് മാതാ കീ ജയ്’ വിളിക്കുന്നവര്‍ മാത്രം ഇന്ത്യയില്‍ ജീവിച്ചാല്‍ മതി: ബിജെപി മന്ത്രി

ഇന്ത്യയിലെ മുസ്‌ലിങ്ങൾ ഭയപ്പെടേണ്ടതില്ല. പൗരത്വ ഭേദഗതി നിയമം മൂലം ഒരു ഇന്ത്യക്കാരനും പൗരത്വം ലഭിക്കുകയോ നിഷേധിക്കുകയോ ചെയ്യില്ല. എൻ‌ആർ‌സി തികച്ചും വ്യത്യസ്തമായ ഒരു വ്യവസ്ഥയാണ്. ഇന്ത്യയിലെ പൗരന്മാരുമായി മാത്രം ഇത് ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യയിലെ മുസ്‌ലിങ്ങൾ ഇതിൽ ഭയപ്പെടേണ്ടതില്ല. മൂന്നു രാജ്യങ്ങളിൽ നിന്നുള്ള (പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ) ഹിന്ദുക്കൾ, ക്രിസ്ത്യാനികൾ, ബുദ്ധമതക്കാർ, ജെയിൻ, സിഖ്, പാർസികൾ എന്നിവർക്ക് മാത്രമാണ് സി‌എ‌എ. ഒരു ഇന്ത്യക്കാരനും സി‌എ‌എ ബാധകമല്ല.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധക്കാർക്കുനേരെയുണ്ടായെ പൊലീസ് അതിക്രമത്തെക്കുറിച്ച് ചോദിച്ചപ്പോൾ, പ്രതിഷേധിക്കാനുളള അവകാശത്തെ നരേന്ദ്ര മോദി സർക്കാർ മാനിക്കുന്നുവെന്നായിരുന്നു പ്രസാദിന്റെ മറുപടി. ”വിദ്യാർഥികളടക്കം എല്ലാവർക്കും സമാധാനപരമായി പ്രതിഷേധിക്കാനുളള അവകാശമുണ്ട്. ഞങ്ങളത് അംഗീകരിക്കുന്നു. സർക്കാരിനെ വിമർശിക്കാനുളള അവകാശവും അവർക്കുണ്ട്. പക്ഷേ പ്രതിഷേധത്തിന്റെ പേരിൽ ആരെങ്കിലും പൊതുമുതൽ നശിപ്പിക്കുന്നത് സഹിക്കാനാവില്ല. അവർക്കെതിരെ നിയമ നടപടികളുണ്ടാവും” അദ്ദേഹം പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Will consult states before nrc law minister ravi shankar prasad