/indian-express-malayalam/media/member_avatars/2025/06/08/2025-06-08t074330094z-8a0910a7-916f-4273-8119-4292daef758e.jpg )
/indian-express-malayalam/media/media_files/uploads/2017/06/manmohanM_Id_387899_PM_Manmohan_Singh.jpg)
മൻമോഹൻ സിങ്
പ്രധാനമന്ത്രിക്കൊപ്പം തന്നെ രാജ്യം കണ്ട് ഏറ്റവും വലിയ സാമ്പത്തിക വിദഗ്ധരിൽ ഒരാൾകൂടിയാണ് ഡോ. മൻമോഹൻ സിങ്. കാലയവനികയ്ക്കുള്ളിൽ മൻമോഹൻ സിങ് എന്ന് വ്യക്തിത്വം മായുമ്പോൾ ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ ഉടച്ചുവാർത്ത ദീർഘദർശി എന്നാകും ചരിത്രം അദ്ദേഹത്തെ അടയാളപ്പെടുത്തുന്നത്. അധ്യാപകനായി തുടങ്ങി പ്രധാനമന്ത്രി പദം വരെയെത്തിയ ആ ജീവിതം മറയുമ്പോൾ എണ്ണിയാലൊടുങ്ങാത്ത സംഭാവനകളാണ് അദ്ദേഹ രാജ്യത്തിനായി സംഭാവന ചെയ്തത്.
ഇന്ത്യയെ ഒന്നാമതെത്തിച്ച കർമ്മയോഗി
1991-ൽ ധനകാര്യ മന്ത്രിയായിരിക്കെയാണ് ഇന്ത്യയിലെ സാമ്പത്തിക ഉദാരവത്കരണത്തിന്റെ ശില്പിയെന്ന തലക്കെട്ട് മൻമോഹൻ സിങ്ങിന് ലഭിച്ചത്. രാജ്യത്തിന്റെ സാമ്പത്തിക വളർച്ച മന്ദഗതിയിലാക്കുകയും അഴിമതിക്ക് വഴിയൊരുക്കുകയും ചെയ്ത ലൈസൻസ് രാജ് റദ്ദാക്കിയതായിരുന്നു സുപ്രധാന നടപടികളിലൊന്ന്. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ഉദാരമാക്കി. പിന്നീട് പ്രധാനമന്ത്രി സ്ഥാനത്ത് എത്തിയപ്പോഴും വളർച്ചയെ പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള നടപടികളായിരുന്നു മൻമോഹൻ സിങ്ങിന്റെ ഭാഗത്തുനിന്നുണ്ടായത്. ലോകത്തിൽ ഏറ്റവും വേഗത്തിൽ വളർച്ച കൈവരിക്കുന്ന രണ്ടാമത്തെ സമ്പദ്വ്യവസ്ഥയായി ഇന്ത്യ മാറിയത് മൻമോഹൻ സർക്കാരിന്റെ കാലത്താണ്.
മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതി (മഹാത്മ ഗാന്ധി നാഷണൽ റൂറൽ എംപ്ലോയ്മെന്റ് ഗ്യാരണ്ടി - എംഎൻആർഇജിഎ) ഉൾപ്പെടെയുള്ള സാമൂഹികക്ഷേമ പദ്ധതികളുടെ തുടക്കവും മൻമോഹൻ സിങ് സർക്കാരിന്റെ കാലത്തായിരുന്നു. കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായുള്ള വിദ്യാഭ്യാസ അവകാശം നൽകുന്ന നിയമം പാർലമെന്റ് പാസാക്കിയത് 2009-ലാണ്. 2010-ലാണ് നിയമം നിലവിൽ വന്നത്. ഇതോടെ വിദ്യാഭ്യാസം കുട്ടികളുടെ മൗലിക അവകാശമായി കണക്കാക്കുന്ന ലോകത്തിലെ 135 രാജ്യങ്ങളിലൊന്നായി ഇന്ത്യയും മാറി. ഇന്തോ - അമേരിക്ക ആണവ കരാർ, വിവരാവകാശ നിയമം, ആധാറിന്റെ ആശയം അവതരിപ്പിച്ചതുമെല്ലാം മൻമോഹൻ സിങ്ങ് സർക്കാരിന്റെ സുപ്രധാന നീക്കങ്ങളിൽ ഉൾപ്പെടുന്നു.
സാധാരണക്കാരനെ മുന്നിൽ കണ്ടുള്ള നയങ്ങൾ
സാമ്പത്തിക പരിഷ്‌കാരത്തിന്റെ സോഷ്യലിസ്റ്റ് വശങ്ങൾ ഏറ്റവും കൂടുതൽ പ്രാവർത്തികമാക്കിയ ഒരാൾ കൂടിയാണ് മൻമോഹൻ സിങ്. സാമ്പത്തിക പരിക്ഷ്‌കാരങ്ങൾ പാവങ്ങളിലേക്കും എത്തണം എന്ന തരത്തിലാണ് അദ്ദേഹം പരിഷ്‌കാരങ്ങൾ നടപ്പാക്കിയത്. ഇതിന് ഉദാഹരണമാണ് അദ്ദേഹം പ്രധാനമന്ത്രിയായിരുന്നപ്പോൾ നടപ്പാക്കിയ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (2005), അദ്ദേഹത്തിന്റെ കാലത്ത് തന്നെ പാസാക്കപ്പെട്ട വനാവകാശ നിയമം (2006), വിവരാവകാശ നിയമം (2005), ഭക്ഷ്യ സുരക്ഷ നിയമം (2013), സ്ഥലം ഏറ്റെടുപ്പ് നിയമം (2013) എന്നിവയെല്ലാം തന്നെ ഈ ആശയവുമായി ചേർന്നു നിൽക്കുന്നതാണ്.
മൻമോഹന്റെ ഭരണകാലത്താണ് ഇന്ത്യയിലെ 27 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് മുക്തമാക്കുകയും രാജ്യം ഭക്ഷണം, വിദ്യാഭ്യാസം, കുടിവെള്ളം, വൈദ്യുതി, ശിശുക്ഷേമം തുടങ്ങിയ കാര്യങ്ങളിൽ വലിയ നേട്ടം കൈവരിച്ചതെന്നും പിൽക്കാലത്ത് അന്താരാഷ്ട്ര ഏജൻസികൾ തന്നെ രേഖപ്പെടുത്തിയിരുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.