/indian-express-malayalam/media/media_files/FsOADjGrHL34dhxiz21B.jpg)
മണിപ്പൂർ വീണ്ടും സംഘർഷഭരിതം
ഇംഫാൽ: സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്കിടെ മണിപ്പൂരിൽ വീണ്ടും സംഘർഷം.കുക്കി ആധിപത്യ പ്രദേശങ്ങളിലാണ് സംഘർഷം തുടരുന്നത്.കാങ്‌പോക്പി ജില്ലയിൽ, പലയിടത്തും റോഡുകൾ ഉപരോധിച്ച കുക്കി-സോ പ്രതിഷേധക്കാരുമായി സുരക്ഷാ സേന ഏറ്റുമുട്ടിയെന്നും റിപ്പോർട്ടുകളുണ്ട്.
കുക്കി ആധിപത്യമുള്ള മറ്റൊരു ജില്ലയായ ചുരാചന്ദ്പൂരിലും പ്രതിഷേധക്കാർ ബന്ദ് നടത്തി.അക്രമകാരികൾ ഒരു വാഹനത്തിന് തീയിട്ടു. കുക്കി, മെയ്തി പ്രദേശങ്ങൾ ഉൾപ്പെടെ മണിപ്പൂരിലുടനീളം എല്ലാ വാഹനങ്ങൾക്കും സ്വതന്ത്രമായി സഞ്ചരിക്കാൻ അനുവദിക്കണമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിർദേശം നാട്ടുകാർ ലംഘിച്ചതിനെ തുടർന്നാണ് സംഘർഷമുണ്ടായത്.
കാൻപോക്പി ജില്ലയിൽ, പ്രത്യേകിച്ച് ദേശീയപാത രണ്ടിലെ പ്രദേശങ്ങളിൽ സംഘർഷം രൂക്ഷമായതോടെ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കർഫ്യൂ ഏർപ്പെടുത്തിയതായി വൃത്തങ്ങൾ അറിയിച്ചു. സർക്കാർ വാഹനങ്ങളുടെ ഗതാഗതം തടസ്സപ്പെടുത്തുന്നതിനായി ടയറുകൾ കത്തിച്ച് എൻഎച്ച് -രണ്ട് (ഇംഫാൽ-ദിമാപൂർ ഹൈവേ) ഉപരോധിച്ച പ്രതിഷേധക്കാരെ പിരിച്ചുവിടാൻ സുരക്ഷാ സേനയ്ക്ക് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിക്കേണ്ടി വന്നു.
പുനരാരംഭിച്ച ബസ് സർവീസ് തടസപ്പെടുത്തിയ പ്രതിഷേധക്കാർ ബസിനുനേരെ കല്ലെറിഞ്ഞിരുന്നു. മണിപ്പൂരിലെ മൂന്ന് ബങ്കറുകളും സംയുക്ത സേന തകർക്കുകയും ചെയ്തു. രാഷ്ട്രപതി ഭരണം തുടരുന്ന മണിപ്പൂരിൽ എല്ലാ റോഡുകളിലും സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന് കേന്ദ്രസർക്കാർ നിർദേശം നൽകിയിരുന്നു. പിന്നാലെയാണ് ഇംഫാൽ എയർപോർട്ടിൽ നിന്ന് കുക്കി ആധിപത്യ മേഖലയായ ചുരാചന്ദ്പൂരിലേക്കും കാങ്പോപിയിലേക്കും ബസ് സർവീസുകൾ ആരംഭിച്ചത്. ഇതിനിടയിലാണ് ബസിന് നേരെ കല്ലേറ് ഉണ്ടായത്. രണ്ട് വർഷത്തിന് ശേഷം ഇംഫാലിൽ നിന്ന് മലയോര പ്രദേശങ്ങളിലേക്ക് അന്തർ ജില്ലാ സർവീസുകൾ പുനരാരംഭിച്ച ബസിന് നേരെയാണ് ആക്രമണം നടന്നത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.