scorecardresearch

മമതയുടെ വിശ്വസ്തൻ; അഴിമതിക്കേസിൽ പാർത്ഥ ചാറ്റർജിയുടെ അറസ്റ്റ് തൃണമൂലിന് കനത്ത പ്രഹരം

പാർട്ടി മേധാവി മമത ബാനർജിയും അവരുടെ അനന്തരവനും പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയുമായ അഭിഷേക് ബാനർജിയും കഴിഞ്ഞാൽ പാർട്ടിയിൽ ഏറ്റവും പ്രധാനപ്പെട്ട റോളാണ് ചാറ്റർജിക്കുള്ളത്

പാർട്ടി മേധാവി മമത ബാനർജിയും അവരുടെ അനന്തരവനും പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയുമായ അഭിഷേക് ബാനർജിയും കഴിഞ്ഞാൽ പാർട്ടിയിൽ ഏറ്റവും പ്രധാനപ്പെട്ട റോളാണ് ചാറ്റർജിക്കുള്ളത്

author-image
WebDesk
New Update
Partha Chatterjee, west bengal, ie malayalam

പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് (ടി എം സി) അധ്യക്ഷയുമായ മമത ബാനർജിയുടെ ഏറ്റവും വിശ്വസ്തരായ ലെഫ്റ്റനന്റുകളിൽ ഒരാളാണ് സംസ്ഥാന സ്കൂൾ സർവീസ് കമ്മിഷനിലെ (എസ്‌ എസ്‌ സി) അധ്യാപക നിയമന അഴിമതിയിൽ പങ്കുണ്ടെന്ന് ആരോപിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) അറസ്റ്റ് ചെയ്ത വാണിജ്യ വ്യവസായ മന്ത്രിയും മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവുമായ പാർത്ഥ ചാറ്റർജി. മന്ത്രിസഭയിലെ വിവിധ പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രി എന്നതിന് പുറമെ, ടിഎംസി സെക്രട്ടറി ജനറൽ കൂടിയാണ് ചാറ്റർജി.

Advertisment

മമത ബാനർജിയും അനന്തരവനും പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയുമായ അഭിഷേക് ബാനർജിയും കഴിഞ്ഞാൽ പാർട്ടിയിൽ ഏറ്റവും പ്രധാനപ്പെട്ട റോളാണ് ചാറ്റർജിക്കുള്ളത്. കൊൽക്കത്തയിലെ പ്രമുഖ ടി എം സി മുഖങ്ങളിലൊരാളായ ചാറ്റർജി, ബെഹാല പശ്ചിം മണ്ഡലത്തിൽനിന്ന് അഞ്ച് തവണ എം എൽ എയായിട്ടുണ്ട്. ബംഗാൾ സംഘടനാ കാര്യങ്ങളിൽ ഇടപെടുമ്പോൾ മമതയുടെ "ഗോ ടു" നേതാവാണ് അറുപത്തിയൊൻപതുകാരനായ പാർത്ഥ.

ടിഎംസിയുടെ ഭരണഘടന മുതൽ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയുന്നതുവരെ, സംഘടനാ കാര്യങ്ങളിൽ മുഴുവനായി ചാറ്റർജി പ്രധാന പങ്ക് വഹിക്കുന്നു. പാർട്ടിയുടെ അച്ചടക്ക സമിതി അംഗവുമാണ്.

വർഷങ്ങൾക്കു മുമ്പ് രാഷ്ട്രീയത്തിലേക്കു കടക്കുന്നതിന് മുമ്പ് ആൻഡ്രൂ യൂളിനൊപ്പം ചാറ്റർജി ഒരു എച്ച്ആർ പ്രൊഫഷണലായി ജോലി ചെയ്തിട്ടുണ്ട്. കോൺഗ്രസ് വിട്ട് മമത 1998 ൽ ടിഎംസി രൂപീകരിച്ചപ്പോൾ അദ്ദേഹം പാർട്ടിയിൽ ചേർന്നു. 2001 ൽ ടിഎംസി സ്ഥാനാർത്ഥിയായി ബെഹാല പശ്ചിം നിയോജകമണ്ഡലത്തിൽനിന്നും വിജയിച്ച് ആദ്യമായി എംഎൽഎ സ്ഥാനത്തെത്തി. അന്നുമുതൽ തുടർച്ചയായി ഈ സീറ്റിൽനിന്ന് വിജയിച്ചുവരികയാണ്. സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള മുൻ ഇടതുമുന്നണി സർക്കാരിന്റെ കാലത്ത് 2006 മുതൽ 2011 വരെ ബംഗാൾ നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു.

Advertisment

2011ൽ ബംഗാളിൽ 34 വർഷം പഴക്കമുള്ള ഇടതുപക്ഷ ഭരണത്തെ തൃണമൂൽ കോൺഗ്രസ് അധികാരത്തിൽ നിന്ന് പുറത്താക്കി സർക്കാർ രൂപീകരിച്ചപ്പോൾ, തിരഞ്ഞെടുപ്പിൽ 59,021 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച ചാറ്റർജിയെ മമത മന്ത്രിസഭയിൽ ഉൾപ്പെടുത്തി. വാണിജ്യം, വ്യവസായം, പൊതുമേഖലാ സ്ഥാപനങ്ങൾ, വിവരസാങ്കേതികവിദ്യ, ഇലക്‌ട്രോണിക്‌സ്, പാർലമെന്ററികാര്യങ്ങൾ എന്നീ വകുപ്പുകൾ നൽകി. തുടർന്ന് അദ്ദേഹത്തെ സഭാ ഉപനേതാവായും നാമനിർദേശം ചെയ്തു.

2014-ൽ, ഉന്നതവിദ്യാഭ്യാസത്തിന്റെയും സ്കൂൾ വിദ്യാഭ്യാസത്തിന്റെയും ചുമതലയുള്ള മന്ത്രിയായി ചാറ്റർജി നിയമിതനായി. 2021 വരെ അദ്ദേഹം മന്ത്രിപദം വഹിച്ചു, പിന്നീട് അദ്ദേഹത്തിന് പകരം ബ്രത്യ ബസുവിനെ മന്ത്രിയായി നിയമിച്ചു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് വിജയിച്ച് അധികാരത്തിലെത്തുകയും, തുടർച്ചയായി മൂന്നാം തവണയും മുഖ്യമന്ത്രിയായി മമത സ്ഥാനമേൽക്കുകയും ചെയ്തപ്പോൾ, വാണിജ്യം, വ്യവസായം, ഇൻഫർമേഷൻ ടെക്‌നോളജി, ഇലക്‌ട്രോണിക്‌സ് എന്നീ വകുപ്പുകൾ ചാറ്റർജിക്ക് വീണ്ടും അനുവദിച്ചു.

ചാറ്റർജി സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയായിരിക്കെയാണ് എസ്എസ്‌സിയിലും പ്രാഥമിക വിദ്യാഭ്യാസ ബോർഡിലും അധ്യാപക നിയമന അഴിമതി നടന്നത്. മെറിറ്റ് ലിസ്റ്റിൽ ഇടം നേടിയവർക്കു പകരം കുറഞ്ഞ മാർക്ക് ഉള്ള ഉദ്യോഗാർത്ഥികളിൽനിന്നും പണം വാങ്ങി ജോലി കൊടുത്തുവെന്ന അഴിമതി ആരോപണങ്ങൾ അദ്ദേഹം നേരിടുന്നു.

എസ്‌എസ്‌സി അഴിമതിയിൽ സി ബി ഐ)അന്വേഷണത്തിന് ഉത്തരവിട്ട കൊൽക്കത്ത ഹൈക്കോടതിയുടെ തീരുമാനത്തെത്തുടർന്ന്, സർക്കാർ സ്‌കൂളുകളിലെ അനധികൃത നിയമനങ്ങളുമായി ബന്ധപ്പെട്ട് ചാറ്റർജി മേയ് 18 ന് കേന്ദ്ര ഏജൻസിക്ക് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരായി. കോടതിയിൽനിന്ന് ഇളവ് നേടാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല.

Mamata Banerjee West Bengal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: