scorecardresearch

അധ്യാപക റിക്രൂട്ട്മെന്റ് അഴിമതി; പശ്ചിമ ബംഗാൾ മന്ത്രി പാർത്ഥ ചാറ്റർജി അറസ്റ്റിൽ

പാർത്ഥ ചാറ്റർജിയുടെ അടുത്ത അനുയായിയായ അർപിത മുഖർജിയുടെ വാസസ്ഥലത്ത് നിന്ന് ഏകദേശം 20 കോടി രൂപ ഇ.ഡി കണ്ടെടുത്തിരുന്നു

Partha Chatterjee, west bengal, ie malayalam

കൊൽക്കത്ത: പശ്ചിമ ബംഗാൾ മന്ത്രി പാർത്ഥ ചാറ്റർജിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു. അധ്യാപക റിക്രൂട്ട്മെന്റ് അഴിമതിയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. അഴിമതി നടക്കുമ്പോൾ സംസ്ഥാനത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു ചാറ്റർജി. സാൾട്ട് ലേക്ക് പ്രദേശത്തെ സിജിഒ കോംപ്ലക്സിലെ ഇ.ഡി ഓഫിസിലാണ് ഇപ്പോൾ ചാറ്റർജിയുള്ളത്.

”വെള്ളിയാഴ്ച രാവിലെ മുതൽ അദ്ദേഹത്തെ ചോദ്യം ചെയ്യുകയാണ്. ഞങ്ങളുടെ ഉദ്യോഗസ്ഥരോട് അദ്ദേഹം സഹകരിക്കുന്നില്ല. അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും,” ഇ.ഡി ഉദ്യോഗസ്ഥൻ പറഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

അഴിമതിയുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച വിവിധ ഇടങ്ങളിൽ നടന്ന റെയ്ഡിൽ മുൻ വിദ്യാഭ്യാസ മന്ത്രിയായ പാർത്ഥ ചാറ്റർജിയുടെ അടുത്ത ബന്ധമുള്ള അർപിത മുഖർജിയുടെ പക്കൽനിന്നും 20 കോടിയോളം രൂപ പിടിച്ചെടുത്തതായി ഇ.ഡി പറഞ്ഞിരുന്നു.

”പാർത്ഥ ചാറ്റർജിയുടെ അടുത്ത അനുയായിയായ അർപിത മുഖർജിയുടെ വാസസ്ഥലത്ത് നിന്ന് ഏകദേശം 20 കോടി രൂപ ഇ.ഡി കണ്ടെടുത്തു. എസ്എസ്‌സി അഴിമതിയിൽ നിന്നുള്ള പണമാണ് ഇതെന്ന് സംശയിക്കുന്നു. കാഷ് കൗണ്ടിങ് മെഷീൻ വഴി പണം എണ്ണുന്നതിന് ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായം തിരച്ചിൽ സംഘം സ്വീകരിക്കുന്നുണ്ട്. അർപിത മുഖർജിയുടെ വീട്ടിൽ നിന്ന് 20-ലധികം മൊബൈൽ ഫോണുകളും കണ്ടെടുത്തിട്ടുണ്ട്, ഇതിന്റെ ഉദ്ദേശ്യവും ഉപയോഗവും പരിശോധിച്ചുവരികയാണ്,” ഇ.ഡി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

”പശ്ചിമ ബംഗാൾ സ്കൂൾ സർവീസ് കമ്മീഷനിലെയും പശ്ചിമ ബംഗാൾ പ്രൈമറി എജ്യുക്കേഷൻ ബോർഡിലെയും റിക്രൂട്ട്‌മെന്റ് അഴിമതിയുമായി ബന്ധപ്പെട്ട വിവിധ സ്ഥലങ്ങളിൽ ഇ.ഡി തിരച്ചിൽ നടത്തുന്നു,” ദക്ഷിണ കൊൽക്കത്തയിലെ മുഖർജിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത പണത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് ഇ.ഡി ട്വീറ്റ് ചെയ്തു.

നിലവിൽ വാണിജ്യ-വ്യവസായ മന്ത്രിയായ പാർത്ഥ ചാറ്റർജി ഉൾപ്പെടെയുള്ളവരുടെ വീടുകളിൽ പരിശോധന നടത്തിയിരുന്നു. വിദ്യാഭ്യാസ സഹമന്ത്രി പരേഷ് സി.അധികാരി, എംഎൽഎയും പശ്ചിമ ബംഗാൾ പ്രൈമറി എജ്യുക്കേഷൻ ബോർഡ് മുൻ പ്രസിഡന്റുമായ പി.കെ.ബന്ദോപാധ്യായ, ചാറ്റർജിക്ക് പ്രത്യേക ചുമതലയുള്ള ഉദ്യോഗസ്ഥൻ സുകാന്ത ആചാരി, ചാറ്റർജിയുടെ പ്രൈവറ്റ് സെക്രട്ടറി രഞ്ജൻ എന്ന ചന്ദൻ മൊണ്ടൽ, അഴിമതിയിൽ ആരോപണവിധേയനായ ഒരു ഏജന്റ് കല്യാൺമയ് ഭട്ടാചാര്യ, പാർത്ഥ ഭട്ടാചാര്യയുടെ മരുമകൻ കൃഷ്ണ സി.അധികാരി, കല്യാണമയിയുടെ ബന്ധു എസ് പി സിൻഹ, സ്കൂൾ സർവീസ് കമ്മീഷൻ ഉപദേഷ്ടാവ് ഡോ. കല്യാൺമോയ് ഗാംഗുലി, പശ്ചിമ ബംഗാൾ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ മുൻ പ്രസിഡന്റ് സൗമിത്ര സർക്കാർ, പശ്ചിമ ബംഗാൾ സെൻട്രൽ സ്കൂൾ സർവീസ് കമ്മീഷൻ മുൻ പ്രസിഡന്റ് അലോക് കുമാർ സർക്കാർ, സ്കൂൾ വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എന്നിവരുടെ വീടുകളിലും റെയ്ഡ് നടന്നിരുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: West bengal minister partha chatterjee arrested by ed

Best of Express