scorecardresearch

രണ്ടാം ലോകമഹായുദ്ധ സമയത്ത് കാണാതായി, റൈഫിൾമാൻ ചിന്താ ബഹാദൂർ ഇപ്പോഴും ജീവിക്കുന്നു; എങ്ങനെ?

യൂണിറ്റിലെ മറ്റു സൈനികർ ചിന്താ ബഹാദൂറിനെ സ്നേഹപൂർവം 'ചിന്റേ' എന്നു വിളിക്കുന്നു. അഞ്ചാം ഗൂർഖ റൈഫിൾസിലെ അംഗമായ ഒരു ആൺ ആടാണ് ചിന്താ ബഹാദൂർ

യൂണിറ്റിലെ മറ്റു സൈനികർ ചിന്താ ബഹാദൂറിനെ സ്നേഹപൂർവം 'ചിന്റേ' എന്നു വിളിക്കുന്നു. അഞ്ചാം ഗൂർഖ റൈഫിൾസിലെ അംഗമായ ഒരു ആൺ ആടാണ് ചിന്താ ബഹാദൂർ

author-image
WebDesk
New Update
Chinta Bahadur, indian army, ie malayalam

ഹിമാചൽ പ്രദേശിലെ സോളൻ ജില്ലയിൽ മനോഹര പ്രകൃതി ദൃശ്യങ്ങളാൽ ചുറ്റപ്പെട്ട ഒരു ആർമി കന്റോൺമെന്റുണ്ട്. ഗൂർഖ റൈഫിൾസിന്റെ (5/5 GR) അഞ്ചാം ബറ്റാലിയന്റെ ആസ്ഥാനമാണിത്. അവിടെ ഇന്ത്യൻ സൈനികനായ ചെമ്മരിയാട് പുൽമേടുകളിൽ മേയുന്നത് കാണാം.

Advertisment

അവന്റെ കൊമ്പുകളിൽ, അവന്റെ യൂണിറ്റിന്റെ നിറമായ പച്ചയും കറുപ്പും ചായം പൂശിയിട്ടുണ്ട്. പുല്ലുകൾ മാത്രമാണ് നായിക് ചിന്ത ബഹാദൂർ കഴിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ അവന്റെ അടുത്ത് രണ്ട് സഹപ്രവർത്തകരുണ്ട്. അതെ, ചിന്താ ബഹാദൂർ ഒരു ചെമ്മരിയാട് ആണ്.

"അവൻ ഞങ്ങളുടെ യൂണിറ്റിന്റെ ഭാഗമാണ്. നായിക്കാണ് അവന്റെ ഇപ്പോഴത്തെ റാങ്ക്. എന്റെ റാങ്കിന് മുകളിലാണ്," ജയിൽ മ്യൂസിയത്തിൽ സായാഹ്ന നടത്തത്തിന് ചിന്താ ബഹാദൂറിനെ അനുഗമിക്കുന്ന 5/5 GR-ലെ ഒരു ലാൻസ് നായിക് പറയുന്നു.

രാവിലെ ഫിസിക്കൽ ട്രെയിനിങ് (PT) സെഷനുകളിലും ഔപചാരിക സൈനിക പരിപാടികളിലും നായിക് ചിന്താ ബഹാദൂർ പങ്കെടുക്കാറുണ്ട്. ഇന്ത്യൻ സേനയിൽ പ്രമോഷനുകൾ ലഭിക്കത്തക്ക വിധം സൈന്യത്തിന്റെ അവിഭാജ്യ ഘടകമായ ഒരു സൈനികനായി നായിക് ചിന്താ ബഹാദൂർ കണക്കാക്കപ്പെടുന്നു.

Advertisment
Chinta Bahadur, indian army, ie malayalam

യൂണിറ്റിലെ മറ്റു സൈനികർ ചിന്താ ബഹാദൂറിനെ സ്നേഹപൂർവം 'ചിന്റേ' എന്നു വിളിക്കുന്നു. അഞ്ചാം ഗൂർഖ റൈഫിൾസിലെ അംഗമായ ഒരു ആൺ ആടാണ് ചിന്താ ബഹാദൂർ. 5/5 GR-ലെ സൈനികർക്ക് ചിന്താ ബഹാദൂർ ഒരു ആടല്ല, മറിച്ച് 1944-ൽ രണ്ടാം ലോകമഹായുദ്ധത്തിനിടെ ബ്രിട്ടീഷുകാർക്ക് വേണ്ടി യുദ്ധം ചെയ്ത ബർമ്മയിൽ (ഇപ്പോൾ മ്യാൻമർ) കാണാതായ അവരുടെ സഹപ്രവർത്തകനായ റൈഫിൾമാൻ ചിന്താ ബഹാദൂറിന്റെ അവതാരമാണ്.

രണ്ടാം ലോകമഹായുദ്ധത്തിൽ ബ്രിട്ടീഷ് ഇന്ത്യൻ സൈന്യം ബർമ്മയിൽ യുദ്ധം ചെയ്തപ്പോൾ, ഈ യൂണിറ്റിനെ ഒരു ആടുമായി വൈകാരികമായി ബന്ധിപ്പിച്ചിരിക്കുന്നതിന്റെ കഥ മനോഹരമാണ്. ഇന്നവർ ചിന്റേയെ അവരുടെ ഭാഗ്യദാതാവായി കണക്കാക്കുന്നു.

''1944-ൽ ബർമ്മയിൽ നടന്ന രണ്ടാം ലോകമഹായുദ്ധ പ്രവർത്തനങ്ങൾ ഞങ്ങളുടെ റെജിമെന്റിന്റെ ഏറ്റവും ശക്തമായ പോരാട്ടങ്ങളിൽ ഒന്നാണ്. 1944ൽ ബർമയിൽ കാണാതായ ധീര സൈനികരിൽ ഒരാളാണ് റൈഫിൾമാൻ ചിന്താ ബഹാദൂർ. ദിവസങ്ങളോളം തിരച്ചിൽ നടത്തിയിട്ടും അവനെ കണ്ടെത്താനായില്ല. കുറച്ചു ദിവസങ്ങൾക്കുശേഷം അവിടെ ഒരു ആട് പ്രത്യക്ഷപ്പെട്ട് ഞങ്ങളുടെ യൂണിറ്റിനെ പിന്തുടരാൻ തുടങ്ങി. അന്നുമുതൽ, ചിന്താ ബഹാദൂറിന്റെ സ്മരണയ്ക്കായി ഞങ്ങളുടെ യൂണിറ്റ് അതേ പേരിൽ ഒരു ആടിനെ വളർത്തുന്നു. ആടിന് ശരിയായ റാങ്ക് ലഭിക്കുന്നുണ്ട്. രാവിലെ ഫിസിക്കൽ ട്രെയിനിങ് സെഷനുകളിൽ പങ്കെടുക്കുകയും അവന്റെ ഹാജർ അടയാളപ്പെടുത്തുകയും ചെയ്യുന്നു. മുഴുവൻ യൂണിറ്റും അവനെ നന്നായി പരിപാലിക്കുന്നു. ഞങ്ങളെ സംബന്ധിച്ചിടത്തോളം അവൻ വെറുമൊരു ആടല്ല, കണ്ടെത്താൻ കഴിയാതെ പോയ ഒരു സഹപ്രവർത്തകന്റെ അവതാരമാണ്,'' മുമ്പ് 5/5 GR-ൽ പ്രവർത്തിച്ചിരുന്ന ഒരു മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു.

നിലവിൽ, ചിന്താ ബഹാദൂറിന് നായിക്കിന്റെ പ്രതീകാത്മക പദവിയുണ്ട്. ''ഒരു ആട് സാധാരണയായി 8-10 വർഷമാണ് ജീവിക്കുക. അങ്ങനെയെങ്കിൽ ചിന്താ ബഹദൂർ മിക്കവാറും ഹവിൽദാർ പദവിയിൽ എത്തും. അവൻ പോയി കഴിഞ്ഞാൽ ഞങ്ങൾക്ക് ഒരു പുതിയ ആടിനെ ലഭിക്കും. ആ ആട് ചിന്താ ബഹാദൂർ എന്ന പേര് നേടുകയും ഞങ്ങളുടെ യൂണിറ്റിന്റെ ഭാഗമാവുകയും ചെയ്യും. 1944 മുതൽ ഈ രീതി തുടരുന്നു. റൈഫിൾമാൻ ചിന്താ ബഹാദൂറിനെ ഞങ്ങളുടെ യൂണിറ്റിൽ ജീവനോടെ നിലനിർത്തുന്നത് ഇങ്ങനെയാണ്,'' ഓഫിസർ പറഞ്ഞു.

ജൂൺ 23-നാണ് ചിന്താ ബഹാദൂറിന് ഏറ്റവും പുതിയ പ്രൊമോഷൻ ലഭിച്ചത്. ഡാഗ്‌ഷായിയിൽ നടന്ന 5/5 GR-ന്റെ ബാറ്റിൽ ഓണർ ഡേയിൽ ലാൻസ് നായിക്കിൽ നിന്ന് "നായിക്ക്" ആയി സ്ഥാനക്കയറ്റം ലഭിച്ചു.

Chinta Bahadur, indian army, ie malayalam

''എല്ലാ വർഷവും ജൂൺ 23 മൊഗാങ് ദിനമായി (ബാറ്റിൽ ഓണർ ഡേ) ആഘോഷിക്കുന്നു. ഈ ദിവസമാണ് 1944 ജൂൺ 23-ന് ബർമ്മയിലെ മൊഗാങ് ഓപ്പറേഷനുകളിൽ പങ്കെടുത്തതിന് ബറ്റാലിയനിലെ ക്യാപ്റ്റൻ മൈക്കൽ ആൽമാൻഡിനും (മരണാനന്തരം), റൈഫിൾമാൻ തുൽ ബഹാദൂർ പുനിനും സ്വാതന്ത്ര്യത്തിന് മുമ്പുള്ള ഏറ്റവും ഉയർന്ന ബ്രിട്ടീഷ് ആർമി ബഹുമതിയായ വിക്ടോറിയ ക്രോസ് ലഭിച്ചത്. ജൂൺ 23ന് ദഗ്‌ഷായിയിൽ നടന്ന ചടങ്ങിലാണ് ചിന്തയ്ക്ക് സ്ഥാനക്കയറ്റം പ്രഖ്യാപിച്ചത്,'' ഓഫിസർ പറഞ്ഞു.

5/5 ഗൂർഖ റൈഫിൾസ് 1940 ഒക്ടോബർ 1 ന് 3/6 ഗൂർഖ റൈഫിൾസ് ആയി ഉയർത്തി. 1948 ജനുവരി 1 ന് 5/5 ഗൂർഖ റൈഫിൾസ് (ഫ്രണ്ടിയർ ഫോഴ്സ്) ആയി പുനർനാമകരണം ചെയ്യപ്പെട്ടു. രണ്ടാം ലോകമഹാ യുദ്ധങ്ങളിലും 1965-ലെയും 1971-ലെയും ഇന്ത്യ-പാക്കിസ്ഥാൻ ഏറ്റുമുട്ടലുകളിലും പേരുകേട്ടതാണ് ഈ റെജിമെന്റ്. ഈ യൂണിറ്റിലെ ഭൂരിഭാഗം സൈനികരും നേപ്പാളി വംശജരാണ്.

യൂണിറ്റിലെ അംഗങ്ങളിൽനിന്നും മാത്രമല്ല, നാട്ടുകാരിൽനിന്നും ചിന്താ ബഹാദൂറിന് സ്നേഹവും ആദരവും ലഭിക്കുന്നുണ്ട്. എന്നും രാവിലെയും വൈകുന്നേരവും നടക്കാൻ പോകുമ്പോൾ കുറഞ്ഞത് രണ്ടു പേരെങ്കിലും അവനെ അനുഗമിക്കും. പുറത്തുനിന്നുള്ളവരെ കാണുമ്പോൾ ചിലപ്പോൾ അയാൾക്ക് അൽപം ദേഷ്യം വരും. അല്ലാത്തപക്ഷം അവൻ വളരെ സൗഹൃദമാണ്. എല്ലാവരും അവനെ സ്നേഹത്തോടെ 'ചിന്റേ' എന്ന് വിളിക്കുന്നു, അവന്റെ കൊമ്പുകളിൽ എപ്പോഴും പച്ച ചായം പൂശിയിരിക്കും, അത് ഞങ്ങളുടെ യൂണിറ്റിന്റെ നിറമാണ്. അവൻ വഴിതെറ്റിയാലും എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയും. അവൻ ഞങ്ങളുടെ ഭാഗമാണ്,” അവന്റെ സഹപ്രവർത്തകൻ പറയുന്നു. ‘ചിന്റേ’യെ പരിപാലിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ചുമതല.

Indian Army

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: