scorecardresearch
Latest News

നാറ്റോയുമായി രഹസ്യ ചർച്ച നടത്തി ഇന്ത്യ; തുടരും

ചൈനയും പാക്കിസ്ഥാനുമായി നോർത്ത് അറ്റ്ലാന്റിക് സഖ്യം ഉഭയകക്ഷി ചർച്ചയിൽ ഏർപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ നാറ്റോയുമായുള്ള ഇന്ത്യയുടെ ചർച്ചകൾക്ക് പ്രാധാന്യമുണ്ട്

Modi, nato, ie malayalam

ന്യൂഡൽഹി: നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷനു (നാറ്റോ)യുമായി രഹസ്യ ചർച്ച നടത്തി ഇന്ത്യ. 2019 ഡിസംബർ 12 ന് ബ്രസൽസിൽവച്ചായിരുന്നു ആദ്യ ചർച്ച.

പരസ്പര സൈനിക സഹകരണം ഉറപ്പാക്കുന്നതിന് 1949 ഏപ്രിൽ നാലിന് ഒപ്പുവച്ച ഉത്തര അറ്റ്‌ലാന്റിക് ഉടമ്പടി പ്രകാരം പിറന്ന സൈനിക സഖ്യമാണ് നാറ്റോ. 28 യൂറോപ്യൻ രാജ്യങ്ങളും വടക്കേ അമേരിക്കയിലെ രണ്ട് രാജ്യങ്ങളും (യുഎസ്എയും കാനഡയും) അടങ്ങിയ സൈനിക സഖ്യമാണിത്.

വിദേശകാര്യ മന്ത്രാലയത്തിലെയും പ്രതിരോധ മന്ത്രാലയത്തിലെയും ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്ത ചർച്ചയിൽ നടന്ന സംഭാഷണം പ്രാഥമികമായി രാഷ്ട്രീയ സ്വഭാവമുള്ളതാണെന്നും സൈനികമോ മറ്റ് ഉഭയകക്ഷി സഹകരണമോ സംബന്ധിച്ച വിഷയങ്ങൾ ഒഴിവാക്കിയെന്നുമാണ് മനസിലാകുന്നത്. പരസ്പര താൽപ്പര്യമുള്ള പ്രാദേശികവും ആഗോളവുമായ വിഷയങ്ങളിൽ സഹകരണത്തിനാണ് ഇന്ത്യൻ പ്രതിനിധി സംഘം പ്രധാനമായും ശ്രമിച്ചതെന്ന് ദി ഇന്ത്യൻ എക്‌സ്‍പ്രസിനു വിവരം ലഭിച്ചു.

ചൈനയും പാക്കിസ്ഥാനുമായി നോർത്ത് അറ്റ്ലാന്റിക് സഖ്യം ഉഭയകക്ഷി ചർച്ചയിൽ ഏർപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ നാറ്റോയുമായുള്ള ഇന്ത്യയുടെ ചർച്ചകൾക്ക് പ്രാധാന്യമുണ്ട്. ഇന്ത്യയുടെ തന്ത്രപരമായ നീക്കത്തിൽ ബീജിങ്ങിന്റെയും ഇസ്‌ലാമാബാദിന്റെയും പങ്ക് കണക്കിലെടുക്കുമ്പോൾ, നാറ്റോയിലേക്ക് എത്തുന്നത് യുഎസുമായും യൂറോപ്പുമായുമുള്ള ഇന്ത്യയുടെ ബന്ധത്തിന് കൂടുതൽ ആഴം നൽകുമെന്നൊരു കാഴ്ചപ്പാടുണ്ടായിരുന്നു.

2019 ഡിസംബർ വരെ, ബീജിങ്ങുമായി നാറ്റോ ഒമ്പത് റൗണ്ട് ചർച്ചകൾ നടത്തി. ബ്രസൽസിലെ ചൈനീസ് അംബാസഡറും നാറ്റോയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറലും തമ്മിൽ നാലു മാസം കൂടുമ്പോൾ പരസ്പരം ആശയവിനിമയം നടത്താറുണ്ട്. പാക്കിസ്ഥാനുമായി നാറ്റോ രാഷ്ട്രീയ സംഭാഷണത്തിലും സൈനിക സഹകരണത്തിലും ഏർപ്പെട്ടിരുന്നു. പാക്കിസ്ഥാൻ ഉദ്യോഗസ്ഥർക്കായി പരിശീലനം നൽകി, നാറ്റോയുടെ സൈനിക പ്രതിനിധി സംഘം 2019 നവംബറിൽ സൈനിക അംഗങ്ങളുടെ ചർച്ചകൾക്കായി പാക്കിസ്ഥാൻ സന്ദർശിച്ചതായി അറിയുന്നു.

നാറ്റോയിൽ നിന്ന് യോഗത്തിന്റെ കരട് അജണ്ട ലഭിച്ചതിന് ശേഷം ബ്രസൽസിലെ ഇന്ത്യൻ മിഷൻ 2019 ഡിസംബർ 12 ന് ആദ്യ ഘട്ട ചർച്ചകൾ തീരുമാനിച്ചു. വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങളുടെയും ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടേറിയറ്റിന്റെയും പ്രതിനിധികളുമായി കരട് അജണ്ട ലഭിച്ചയുടൻ യോഗം വിളിച്ചുചേർത്തു.

നാറ്റോയുമായി ഒരു രാഷ്ട്രീയ ചർച്ചയിൽ ഏർപ്പെടുന്നത്, നിലവിലെ സാഹചര്യങ്ങളെക്കുറിച്ചും ഇന്ത്യയെ ആശങ്കപ്പെടുത്തുന്ന വിഷയങ്ങളെക്കുറിച്ചും നാറ്റോയെ ബോധ്യപ്പെടുത്താൻ ന്യൂഡൽഹിക്ക് അവസരം നൽകുമെന്ന് സർക്കാർ അഭിപ്രായപ്പെട്ടതായി വൃത്തങ്ങൾ പറഞ്ഞു. മറിച്ച്, ചൈനയുമായും പാക്കിസ്ഥാനുമായുള്ള നാറ്റോയുടെ വെവ്വേറെ ചർച്ചകൾ, ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമായ പ്രാദേശികവും ആഗോളവുമായ സുരക്ഷാ കാര്യങ്ങളിൽ തെറ്റായ വീക്ഷണങ്ങൾ നൽകുമെന്ന് അവർ പറഞ്ഞു.

രാഷ്ട്രീയ കാര്യങ്ങളുടെയും സുരക്ഷാ നയങ്ങളുടെയും അസിസ്റ്റന്റ് സെക്രട്ടറി ജനറൽ ബെറ്റിന കാഡൻബാക്കിന്റെ നേതൃത്വത്തിലുള്ള നാറ്റോ പ്രതിനിധി സംഘം പരസ്പര സമ്മതത്തോടെയുള്ള അജണ്ടയിൽ ഇന്ത്യയുമായി ചർച്ചകൾ തുടരാൻ താൽപ്പര്യം പ്രകടിപ്പിച്ചതായി അറിയുന്നു. കോവിഡ് മഹാമാരി കാരണം മുടങ്ങിയ രണ്ടാം റൗണ്ട് ചർച്ചകൾ തുടരുന്നത് സംബന്ധിച്ച് ഇന്ത്യയും നാറ്റോയും തമ്മിൽ ചർച്ച നടന്നതായി അറിയുന്നു. ആദ്യവട്ട ചർച്ചയിൽ ഉന്നയിച്ച ഇന്ത്യയ്ക്ക് താൽപര്യമുള്ള മേഖലകളിൽ ഉഭയകക്ഷി സഹകരണം സംബന്ധിച്ച് നാറ്റോയിൽ നിന്ന് എന്തെങ്കിലും നിർദേശങ്ങൾ ലഭിക്കുകയാണെങ്കിൽ ന്യൂഡൽഹി പരിഗണിക്കുമെന്ന് കരുതുന്നതായി വൃത്തങ്ങൾ അറിയിച്ചു.

ചൈനയിലെ വിഷയം, തീവ്രവാദം, അഫ്ഗാനിസ്ഥാനിലെ പാക്കിസ്ഥാന്റെ പങ്ക് ഉൾപ്പെടെ ഇന്ത്യയുടെയും നാറ്റോയുടെ വീക്ഷണങ്ങളിൽ ഒരേ സമീപനം ഉണ്ടായിരുന്നതായി വൃത്തങ്ങൾ പറഞ്ഞു. നാറ്റോയുമായുള്ള ചർച്ചകൾ തുടരുകയാണെങ്കിൽ ഭാവിയിൽ ചർച്ചയുടെ പ്രധാന വിഷയമായി ഇന്ത്യയ്ക്ക് സമുദ്ര സുരക്ഷ ഉന്നയിക്കാനാവുമെന്ന് വൃത്തങ്ങൾ അറിയിച്ചു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Off public glare india held first round of talks with nato