scorecardresearch

ഗുരുത്വാകർഷണതരംഗ നിരീക്ഷണശാലകളുടെ ശ്യംഖല; ലിഗോ-ഇന്ത്യയ്ക്ക് സർക്കാരിന്റെ അനുമതി

യുണൈറ്റഡ് സ്റ്റേറ്റ്സിന് പുറമേ, അത്തരം ഗുരുത്വാകർഷണ തരംഗ നിരീക്ഷണശാലകൾ നിലവിൽ യൂറോപ്പിലും ജപ്പാനിലും പ്രവർത്തിക്കുന്നുണ്ട്. ലിഗോ-ഇന്ത്യ ആസൂത്രിത നെറ്റ്‌വർക്കിൽ അഞ്ചാമത്തേതാണ്

യുണൈറ്റഡ് സ്റ്റേറ്റ്സിന് പുറമേ, അത്തരം ഗുരുത്വാകർഷണ തരംഗ നിരീക്ഷണശാലകൾ നിലവിൽ യൂറോപ്പിലും ജപ്പാനിലും പ്രവർത്തിക്കുന്നുണ്ട്. ലിഗോ-ഇന്ത്യ ആസൂത്രിത നെറ്റ്‌വർക്കിൽ അഞ്ചാമത്തേതാണ്

author-image
Amitabh Sinha
New Update
LIGO project, LIGO, Union Budget, LIGO-India, Hingoli district of Maharashtra, Indian Express, India news, current affairs

അംഗീകാരം ലഭിച്ച് ഏഴ് വർഷത്തിന് ശേഷം, ലിഗോ ഇന്ത്യ (ലേസർ ഇന്റർഫെറോമീറ്റർ ഗ്രാവിറ്റേഷണൽ വേവ് ഒബ്സർവേറ്ററി-ഇന്ത്യ) പ്രോജക്ടുമായി മുന്നോട്ടു പോകാനും നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങാനും കേന്ദ്രമന്ത്രിസഭ അനുമതി നൽകി. ഗുരുത്വാകർഷണ തരംഗങ്ങൾ കണ്ടെത്താനും പഠനത്തിലൂടെ പ്രപഞ്ചത്തെ പര്യവേക്ഷണം ചെയ്യാനുള്ള ആഗോള ശ്രമങ്ങൾക്ക് കരുത്തേകുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ശാസ്ത്ര സ്ഥാപനത്തിന് ഇതോടെ തുടക്കമാകും.

Advertisment

ഗുരുത്വാകർഷണ തരംഗങ്ങൾ കണ്ടുപിടിക്കാൻ ഉദ്ദേശിച്ചുള്ള ലബോറട്ടറികളുടെ രാജ്യാന്തര ശൃംഖലയാണ് ലിഗോ. ഗുരുത്വാകർഷണം എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ചുള്ള നിലവിലെ ഗ്രാഹ്യം ആൽബർട്ട് ഐൻ‌സ്റ്റൈന്റെ ജനറൽ തിയറി ഓഫ് റിലേറ്റിവിറ്റിയിൽ 100 ​​വർഷങ്ങൾക്ക് മുമ്പ് ഉദ്ധരിച്ചതാണ്. ഗുരുത്വ തരംഗങ്ങൾ ആദ്യമായി കണ്ടെത്തിയത് 2015 ൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ആസ്ഥാനമായുള്ള രണ്ട് ലിഗോകൾ വഴിയാണ്.

രണ്ട് വർഷത്തിന് ശേഷം, 2017 ൽ, നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ സിദ്ധാന്തത്തിന്റെ പരീക്ഷണാത്മക സ്ഥിരീകരണത്തിന് ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.

പ്രപഞ്ചത്തിൽ എവിടെനിന്നും ഈ തരംഗങ്ങളെ നിരീക്ഷിക്കാവുന്നതിന്റെ സാധ്യത വർധിപ്പിക്കുന്നതിനും അവയിൽ നിന്ന് ശേഖരിക്കുന്ന വിവരങ്ങളുടെ കൃത്യതയും ഗുണനിലവാരവും മെച്ചപ്പെടുത്തുന്നതിനുമായി, ഗുരുത്വ തരംഗ നിരീക്ഷണശാലകളുടെ ശൃംഖല വിപുലീകരിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമാണ് ലിഗോ ഇന്ത്യ.

Advertisment

ഇതുവരെ, ഗുരുത്വാകർഷണ തരംഗങ്ങൾ സൃഷ്ടിക്കുന്ന കുറഞ്ഞത് 10 ഇവന്റുകൾ കണ്ടെത്തിയിട്ടുണ്ട്. യുണൈറ്റഡ് സ്റ്റേറ്റ്സിന് പുറമേ, അത്തരം ഗുരുത്വാകർഷണ തരംഗ നിരീക്ഷണശാലകൾ നിലവിൽ യൂറോപ്പിലും ജപ്പാനിലും പ്രവർത്തിക്കുന്നുണ്ട്. ലിഗോ-ഇന്ത്യ ആസൂത്രിത നെറ്റ്‌വർക്കിന്റെ അഞ്ചാമത്തേതും ഒരുപക്ഷേ അവസാനത്തേതുമായ നോഡ് ആയിരിക്കും.

മുംബൈയിൽനിന്ന് ഏകദേശം 450 കിലോമീറ്റർ കിഴക്കായി മഹാരാഷ്ട്രയിലെ ഹിംഗോലി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ലിഗോ- ഇന്ത്യ അതിന്റെ ശാസ്ത്രീയ പ്രവർത്തനങ്ങൾ 2030 മുതൽ ആരംഭിക്കും. 2,600 കോടി രൂപ ബജറ്റിൽ ഉൾപ്പെടുത്തി അന്തിമ അംഗീകാരം ലഭിക്കാൻ വർഷങ്ങളെടുത്തു.

ഇന്ത്യയിൽ ലിഗോ സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ നിർദേശം 2013ൽ തന്നെ ഉയർന്നുവന്നിരുന്നു, എന്നാൽ അതിന് മുൻപ് തിരഞ്ഞെടുപ്പ് വന്നു. പുതിയ സർക്കാർ വന്നപ്പോൾ, ഈ നിർദേശം വീണ്ടും സമർപ്പിക്കേണ്ടി വന്നു.

ഗുരുത്വാകർഷണ തരംഗങ്ങളുടെ ആദ്യ കണ്ടെത്തലിനു ദിവസങ്ങൾക്ക് ശേഷം ഫെബ്രുവരി 17, 2016ന് പദ്ധതിക്കുള്ള അംഗീകാരം ലഭിച്ചു (ആദ്യത്തെ കണ്ടെത്തൽ 2015 സെപ്റ്റംബർ 14 നാണ് നടത്തിയത്). എന്നാൽ, പദ്ധതിയുടെ സ്ഥലം സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല.

ഹിംഗോലിക്കു പുറമേ മറ്റു രണ്ടു സ്ഥലങ്ങളും പദ്ധതിക്കായി ഉയർന്നുവന്നിരുന്നു, ഒന്ന് രാജസ്ഥാനിലും മറ്റൊന്ന് മധ്യപ്രദേശിലും. ഒടുവിൽ 2016ൽ ഹിംഗോലി തിരഞ്ഞെടുക്കപ്പെട്ടു, 2018ഓടെ ഭൂമി ഏറ്റെടുക്കൽ പ്രക്രിയ പൂർത്തിയാക്കി. സർക്കാരിന്റെ അന്തിമ അനുമതിയും സാമ്പത്തിക വിഹിതവും ആവശ്യപ്പെട്ട് 2019ൽ ഒരു പുതിയ നിർദേശം സമർപ്പിച്ചിരുന്നു. അനുമതി വൈകിയതിനുള്ള കാരണം കോവിഡ് മഹാമാരിയാണ്. 2024 ഓടെ പൂർത്തിയാകുമെന്ന് കണക്കാക്കിയിരുന്ന പദ്ധതി നാലോ അഞ്ചോ വർഷം പിന്നോട് പോകുകയാണ് ചെയ്തത്.

“എന്റെ സന്തോഷം വാക്കുകളിൽ പ്രകടിപ്പിക്കാൻ കഴിയാത്ത അപൂർവ സന്ദർഭം,” ബെംഗളൂരു ആസ്ഥാനമായുള്ള രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ തരുൺ സൗരദീപ് ട്വീറ്റ് ചെയ്തു.

കോസ്‌മോളജിയിലും ഗ്രാവിറ്റേഷണൽ വേവ് ഫിസിക്‌സിലും രാജ്യത്തെ ഏറ്റവും മികച്ച വിദഗ്ധരിൽ ഒരാളായ സൗരദീപ്, ലിഗോ -ഇന്ത്യയുടെ മുൻ വക്താവാണ്. കൂടാതെ പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്ന സയന്റിഫിക് മാനേജ്‌മെന്റ് കമ്മിറ്റിയുടെ ഭാഗമാണ് സൗരദീപ്.

"ഈ പദ്ധതി ഇന്ത്യൻ ശാസ്ത്രത്തിന് നിരവധി നേട്ടങ്ങൾ ഉണ്ടാക്കും, രാജ്യത്തെ ഏറ്റവും അഭിമാനകരമായ രാജ്യാന്തര ശാസ്ത്ര പരീക്ഷണങ്ങളിലൊന്നിന്റെ അവിഭാജ്യ ഘടകമാക്കുന്നതിന് പുറമേയാണിത്," 2011 ലെ ലിഗോ-ഇന്ത്യ പ്രോജക്റ്റിന്റെ പ്രധാന നിർദേശകരിൽ ഒരാളായ സൗരദീപ് ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

“ക്വാണ്ടത്തിന്റെയും കോസ്‌മോസിന്റെയും ശാസ്‌ത്ര-സാങ്കേതികതയുടെ അതിരുകളെ ഇന്ത്യയിൽ ഒരുമിച്ച് കൊണ്ടുവരുന്ന ഒരു സവിശേഷ പ്ലാറ്റ്‌ഫോമായിരിക്കും ലിഗോ-ഇന്ത്യ. ഒബ്സർവേറ്ററി ആസ്ട്രോണമിയിലെയും ആസ്ട്രോഫിസിക്സിലെയും നാടകീയമായ തിരിച്ചുവരവ് സാധ്യമാക്കും. ദേശീയ പ്രസക്തിയുള്ള നിരവധി അത്യാധുനിക സംഭവങ്ങളിൽ ഇന്ത്യൻ ശാസ്ത്രവും സാങ്കേതികവിദ്യയും കുതിക്കും," സൗരദീപ് പറഞ്ഞു.

യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഹാൻഫോർഡിലും ലിവിംഗ്സ്റ്റണിലും സ്ഥിതി ചെയ്യുന്നതിന് സമാനമായിരിക്കും, ഇന്ത്യയിലെ ലിഗോ ഡിറ്റക്ടർ.

ഇവയെപ്പോലെ, ഇന്ത്യൻ ലിഗോയിൽ ലംബമായി സ്ഥാപിതമായ നാല് കിലോമീറ്റർ നീളമുള്ള രണ്ടു വാക്വം ചേമ്പറുകൾ ഉണ്ടായിരിക്കും. അത് ലോകത്തിലെ ഏറ്റവും സെൻസിറ്റീവ് ഇന്റർഫെറോമീറ്ററുകളാണ്. പ്രോട്ടോണിന്റെ നീളത്തേക്കാൾ ചെറിയ അളവിലുള്ള ദൂരത്തിലെ മാറ്റങ്ങൾ അളക്കുന്നതിനാണ് ലിഗോ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഇത് 4.2 പ്രകാശവർഷം അകലെയുള്ള ഏറ്റവും അടുത്തുള്ള നക്ഷത്രത്തിലേക്കുള്ള ദൂരം അളക്കുന്നതിന് തുല്യമാണെന്ന്, ലിഗോയുടെ വെബ്സൈറ്റിൽ പറയുന്നു. ഗുരുത്വാകർഷണ തരംഗങ്ങളുടെ ശക്തി വളരെ കുറവായതിനാൽ അത് കണ്ടെത്തുന്നത് ബുദ്ധിമുട്ടാണ്. അതിനാലാണ് ഉയർന്ന കൃത്യതയുള്ള ഉപകരണങ്ങൾ ആവശ്യമായി വരുന്നത്.

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: