ബെംഗളൂരു: കർണാടകയിൽ മേയ് 10ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷത്തോടെ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുമെന്ന ഉറച്ച വിശ്വാസത്തിൽ മുൻ കോൺഗ്രസ് മുഖ്യമന്ത്രി സിദ്ധരാമയ്യ. ബിജെപി എംഎൽഎമാർ പാർട്ടി വിട്ട് കോൺഗ്രസിൽ ചേരുന്നത് സംസ്ഥാന ബിജെപി സർക്കാരിലുള്ള ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെടുന്നതിന്റെ സൂചനയാണെന്ന് ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമായൊരു തിരഞ്ഞെടുപ്പാണിത്. 2018 വരെ ഞങ്ങൾ അധികാരത്തിൽ തുടർന്നു. 2018 വരെ ഞങ്ങൾ അധികാരത്തിലുണ്ടായിരുന്നു, അന്ന് ബിജെപിയേക്കാൾ കൂടുതൽ വോട്ട് ഞങ്ങൾക്ക് ലഭിച്ചെങ്കിലും സർക്കാരിന് തുടരാൻ കഴിഞ്ഞില്ല. ദേശീയ തലത്തിലും വരുന്ന തിരഞ്ഞെടുപ്പ് വളരെ പ്രാധ്യാമർഹിക്കുന്നു. 2024-ൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാൽ ഈ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ അത് ദേശീയ രാഷ്ട്രീയത്തിന്റെ ചവിട്ടുപടിയാകുമെന്ന് സിദ്ധരാമയ്യ അഭിപ്രായപ്പെട്ടു.
ഇത്തവണ ഹിന്ദുത്വവാദവും വിദ്വേഷ രാഷ്ട്രീയവും കർണാടകയിൽ പ്രവർത്തിക്കില്ല. പണത്തിന്റെ ബലത്തിൽ വിജയിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. പക്ഷേ, എന്റെ വിലയിരുത്തൽ അനുസരിച്ച്, അത് സാധ്യമല്ല. ഓപ്പറേഷൻ താമര എല്ലായ്‌പ്പോഴും വിജയിക്കില്ല, വീണ്ടും ശ്രമിച്ചാൽ ബിജെപി ദയനീയമായി പരാജയപ്പെടും. ഞാൻ പലതവണ സംസ്ഥാനത്ത് പര്യടനം നടത്തിയിട്ടുണ്ട്. ഇത്തവണ കോൺഗ്രസിന് അനുകൂലമായ തരംഗമാണ് പ്രകടമായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ജനങ്ങൾ കോൺഗ്രസ് സർക്കാരിനെ ബിജെപിയുടെയും കോൺഗ്രസ്-ജെഡിഎസ്(ജെഡിഎസ്) സഖ്യത്തിന്റെയും ഭരണവുമായി താരതമ്യം ചെയ്യുന്നുണ്ട്. അവരെക്കാൾ ആയിരം മടങ്ങ് നല്ലതായിരുന്നു കോൺഗ്രസ് സർക്കാരെന്ന് അവർ കരുതുന്നു. 2008 നും 2013 നും ഇടയിൽ ഓപ്പറേഷൻ താമരയിലൂടെ ബിജെപി ഭരണം നേടി. വളരെ മോശം ഭരണം കാഴ്ചവച്ച സർക്കാരാണ് അവരുടേത്. ഉദാഹരണത്തിന്, അഞ്ചു വർഷം കൊണ്ട് ഞങ്ങൾ 15 ലക്ഷം വീടുകൾ നിർമ്മിച്ചു നൽകി. എന്നാൽ ഈ സർക്കാർ ഒരു വീടുപോലും നൽകിയില്ല. ഈ സർക്കാർ പാവപ്പെട്ടവർക്കെതിരാണെന്ന് സിദ്ധരാമയ്യ പറഞ്ഞു.