scorecardresearch

ജന്തർ മന്തറിൽ സംഘർഷം, പൊലീസ് മർദിച്ചതായി ഗുസ്തി താരങ്ങൾ

പൊലീസ് ഉദ്യോഗസ്ഥർ മദ്യപിച്ചിരുന്നില്ലെന്നും പ്രതിഷേധക്കാരെ മർദിച്ചിട്ടില്ലെന്നും ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു

പൊലീസ് ഉദ്യോഗസ്ഥർ മദ്യപിച്ചിരുന്നില്ലെന്നും പ്രതിഷേധക്കാരെ മർദിച്ചിട്ടില്ലെന്നും ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു

author-image
WebDesk
New Update
Jantar Mantar, wrestler, ie malayalam

ജന്തർ മന്തറിൽ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങൾ

ന്യൂഡൽഹി: ജന്തർ മന്തറിൽ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളും പൊലീസും തമ്മിൽ സംഘർഷം. പൊലീസ് തങ്ങളെ മർദിക്കുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്ന് ഗുസ്തി താരങ്ങൾ ആരോപിച്ചു. ഇന്നലെ രാത്രി സമരസ്ഥലത്തേക്ക് ഗുസ്തിക്കാർ കിടക്കകൾ കൊണ്ടുവരാൻ ശ്രമിച്ചതോടെയാണ് സംഘർഷമുണ്ടായത്.

Advertisment

മദ്യപിച്ചെത്തിയ പൊലീസുകാരൻ തന്റെ സഹോദരനെ മർദിച്ചതായി വിനേഷ് ഫോഗട്ട് ആരോപിച്ചു. മറ്റൊരു പൊലീസ് ഉദ്യോഗസ്ഥൻ തന്നെയും സംഗീത ഫോഗട്ടിനെയും തള്ളിയിട്ടുവെന്ന് അവർ പറഞ്ഞു. ''ഇന്ന് മഴ പെയ്തതിനാൽ നിലം മുഴുവൻ നനഞ്ഞിരുന്നു. അതുകൊണ്ടാണ് ഞങ്ങൾ പ്രതിഷേധ സ്ഥലത്തേക്ക് കിടക്ക കൊണ്ടുവരാൻ ശ്രമിച്ചത്. അതിനവർ ഞങ്ങളെ അധിക്ഷേപിച്ചു. പെൺമക്കളെ അവർ ബഹുമാനിക്കുന്നത് ഇങ്ങനെയാണ്,'' ടോക്കിയോ ഒളിംപിക്സ് മെഡൽ ജേതാവ് ബജ്‌രംഗ് പൂനിയ മാധ്യമപ്രവർത്തകരോടു പറഞ്ഞു.

പൊലീസ് ഉദ്യോഗസ്ഥർ മദ്യപിച്ചിരുന്നില്ലെന്നും പ്രതിഷേധക്കാരെ മർദിച്ചിട്ടില്ലെന്നും ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ''സമരസ്ഥലത്തേക്ക് കട്ടിലുകൾ കൊണ്ടുവരാൻ ഏതാനും പേർ ശ്രമിച്ചു. പൊലീസുകാർ ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ അവർ അക്രമാസക്തരാവുകയും പ്രതിഷേധക്കാരും അവർക്കൊപ്പം ചേരുകയും ചെയ്തു. അവർ ഒരു പൊലീസുകാരനെ തടഞ്ഞുനിർത്തി അയാൾ മദ്യപിച്ചിട്ടുണ്ടെന്ന് ആരോപിച്ചു. ഇത് സത്യമല്ല. സംഭവ സ്ഥലത്ത് മറ്റു ഉദ്യോഗസ്ഥരുണ്ട്. സ്ഥിതിഗതികൾ ഇപ്പോൾ നിയന്ത്രണവിധേയമാണ്. ഒരു പ്രതിഷേധക്കാരെയും മർദിച്ചിട്ടില്ല,'' ഒരു ഉന്നത പൊലീസ് ഓഫിസർ പറഞ്ഞു.

Advertisment

അതേസമയം, പ്രതിഷേധക്കാരും പൊലീസും തമ്മിലുള്ള തർക്കത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ശ്രദ്ധിക്കണമെന്ന് ലഫ്റ്റനന്റ് ഗവർണർ വി.കെ.സക്സേനയോട് എഎപി മന്ത്രി സൗരഭ് ഭരദ്വാജ് ട്വീറ്റിലൂടെ ആവശ്യപ്പെട്ടു. ''ഡൽഹി ലഫ്.ഗവർണർ ദയവായി ശ്രദ്ധിക്കൂ. ജന്തർ മന്തറിൽ പ്രതിഷേധിക്കുന്ന ഒരു ഗുസ്തി താരത്തെ ഡൽഹി പൊലീസ് ഓഫിസർ ആക്രമിച്ചു. പൊലീസുകാരൻ മദ്യപിച്ചിരുന്നുവെന്നാണ് ആരോപണം. മെഡിക്കൽ പരിശോധന നടത്തി ഇരയുടെ എംഎൽസിയും രജിസ്റ്റർ ചെയ്യണം,'' ഡൽഹി പൊലീസ് കമ്മിഷണറെയും ട്വീറ്റിൽ ടാഗ് ചെയ്തുകൊണ്ട് എഎപി മന്ത്രി ആവശ്യപ്പെട്ടു.

അതിനിടെ, ജന്തർമന്തറിലെ ഗുസ്തിക്കാർക്ക് മടക്കാവുന്ന കട്ടിലുകൾ ആവശ്യപ്പെട്ടതിന് തന്നെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണെന്ന് എഎപി എംഎൽഎ സോംനാഥ് ഭാരതി ആരോപിച്ചു. എന്നാൽ, ജന്തർ മന്തറിലെ സമര സ്ഥലത്തേക്ക് അനുവാദമില്ലാതെ മടക്കാവുന്ന കട്ടിലുകൾക്കൊപ്പം സോംനാഥ് ഭാരതി എത്തുകയായിരുന്നുവെന്ന് ഡിസിപി ന്യൂഡൽഹി പ്രണവ് തയാൽ പറഞ്ഞു. സമരത്തെ പിന്തുണയ്ക്കുന്നവർ അക്രമാസക്തരാവുകയും ട്രക്കിൽ നിന്ന് കിടക്കകൾ പുറത്തെടുക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതിനെ തുടർന്ന് ചെറിയ രീതിയിൽ തർക്കമുണ്ടായി. സോംനാഥ് ഭാരതിയെയും മറ്റ് രണ്ടു പേരെയും കസ്റ്റഡിയിലെടുത്തുവെന്ന് അദ്ദേഹം വ്യക്തമാക്കി.

Protest Wrestler

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: