ന്യൂഡല്‍ഹി: അന്താരാഷ്ട്ര തലത്തില്‍ മാധ്യമ സ്വാതന്ത്ര്യം കടുത്ത വെല്ലുവിളി നേരിടുന്നു. വേൾഡ് പ്രസ് ഫ്രീഡം ഇൻഡക്സ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. 31 രാജ്യങ്ങളില്‍ മാധ്യമ സ്വാതന്ത്ര്യം ഗുരുതരമായ അവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ട്. രണ്ട് വര്‍ഷം മുന്‍പ് 21 രാജ്യങ്ങളില്‍ മാത്രമായിരുന്നു ഗുരുതരാവസ്ഥ നിലനിന്നിരുന്നത്.
സ്വേച്ഛാധിപത്യ സര്‍ക്കാരുകളുടേയും ജനാധിപത്യ സര്‍ക്കാരുകളായി കണക്കാക്കപ്പെടുന്നവരുടേയും തെറ്റായ പ്രചരണങ്ങളുടേയും പ്രവണതകളുടേയും ഫലമാണ് നിലവിലെ സ്ഥിതക്ക് കാരണമെന്ന് റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോഡേഴ്സ് (ആര്‍എസ്എഫ്) പുറത്തുവിട്ട വിവരങ്ങളില്‍ നിന്ന് മനസിലാകുന്നു.
മാധ്യമങ്ങളെ നിശബ്ദരാക്കാനുള്ള ഭരണാധികരുടെ ശ്രമങ്ങള്‍ കാരണം മാധ്യമ പ്രവര്‍ത്തനം ദുഷ്കരമാകുന്ന രാജ്യങ്ങളുടെ എണ്ണം ഇത്തവണ വര്‍ധിച്ചതായി ആര്‍എസ്എഫ് സെക്രട്ടറി ജനറല്‍ ക്രിസ്റ്റഫർ ഡിലോയർ പറഞ്ഞു. അന്താരാഷ്ട്ര മാധ്യമമയാ ദി ഗ്വാര്‍ഡിയനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മാധ്യമ പ്രവര്‍ത്തനത്തിനം നടത്താന്‍ പത്തില്‍ ഏഴ് രാജ്യങ്ങളിലും പ്രതികൂല സാഹചര്യമാണെന്നും ആര്‍എസ്എഫ് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മാധ്യമ സ്വാതന്ത്ര്യം കുറഞ്ഞ രാജ്യങ്ങളിലാണ് 85 ശതമാനം ആളുകളും ജീവിക്കുന്നതെന്ന് ഐക്യരാഷ്ട്രസഭയും വ്യക്തമാക്കി.
180 രാജ്യങ്ങളിലായി നടത്തിയ സര്‍വേയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാകുന്നത്. ഭീഷണി നേരിടാതെ പൊതുജനതാല്‍പ്പര്യം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് സാധിക്കുന്നുണ്ടോയെന്ന് സര്‍വേയില്‍ വിശദമായി പരിശോധിക്കപ്പെട്ടു.
മാധ്യമ പ്രവര്‍ത്തനത്തിന് പ്രശ്നം നേരിടുന്ന രാജ്യങ്ങളുടെ പട്ടികയിലായിരുന്നു ഇന്ത്യ ഇതുവരെ. എന്നാല്‍ ഗുരുതരമായ വെല്ലുവിളി നേരിടുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയെത്തി. 180 രാജ്യങ്ങളുടെ പട്ടികയില്‍ 161-ാം സ്ഥാനത്താണ് ഇന്ത്യ.
നരേന്ദ്ര മോദി സര്‍ക്കാര്‍ ഭരണത്തിലെത്തിയതിന് ശേഷമാണ് കാര്യങ്ങള്‍ മാറി മറിഞ്ഞതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്തിടെ ഗുജറാത്ത് കലാപം സംബന്ധിച്ച ബിബിസിയുടെ ഡോക്യുമെന്ററിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ബിബിസിയുടെ ഓഫിസുകളില്‍ ആദായനികുതി വകുപ്പിന്റെ പരിശോധന വരെ നടന്നു.
നോര്‍വെ, അയര്‍ലന്‍ഡ്, ഡെന്മാര്‍ക്ക്, സ്വീഡന്‍, ഫിന്‍ലന്‍ഡ്, നെതര്‍ലന്‍ഡ്സ്, ലിത്വാനിയ, എസ്റ്റോണിയ എന്നീ രാജ്യങ്ങളില്‍ മാത്രമാണ് മാധ്യപ്രവര്‍ത്തനത്തിന് മികച്ച സാഹചര്യമുള്ളത്. അമേരിക്ക പട്ടികയില്‍ 45-ാം സ്ഥാനത്താണ്, അമേരിക്കയിലെ സാഹചര്യം തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നോര്‍ത്ത് കൊറിയ, ചൈന തുടങ്ങിയ രാജ്യങ്ങളിലാണ് ഗുരുതര സ്ഥിതിയുള്ളത്.