/indian-express-malayalam/media/media_files/uploads/2021/10/Asish-Mishra-Lakhimpur-Kheri.jpg)
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനം കയറ്റിക്കൊന്ന കേസില്‍ കേന്ദ്ര ആഭ്യന്തര സഹ സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയെ രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഇതു രണ്ടാം തവണയാണ് ആശിഷിനെ ലഖിംപൂര്‍ ഖേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ചിന്ത റാം പൊലീസ് കസ്റ്റഡിയില്‍ വിടുന്നത്.
ലഖിംപൂര്‍ ഖേരി കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പുതിയ തെളിവുകള്‍ പുറത്തുവന്നതോടെ യുപി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ആശിഷിനെയും മറ്റു മൂന്നു പേരെയും മൂന്നു ദിവസത്തേക്കു വ്യാഴാഴ്ച കസ്റ്റഡിയില്‍ ആവശ്യപ്പെടുകയായിരുന്നു.
വിവാദ കാര്‍ഷികനിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച കര്‍ഷകര്‍ക്കു നേരെ പാഞ്ഞുകയറിയ മൂന്ന് എസ്യുവികളിലെ ഡ്രൈവര്‍മാരെയും നിരവധി യാത്രക്കാരെയും തിരിച്ചറിഞ്ഞതിനെത്തുടര്‍ന്നായിരുന്നു എസ്ഐടിയുടെ അപേക്ഷ.
മന്ത്രി അജ് മിശ്രയുടെ പേരിലുള്ള വാഹനങ്ങള്‍ ഇടിച്ചുകയറി നാല് കര്‍ഷകരും ഒരു പത്രപ്രവര്‍ത്തകനും കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്നുണ്ടായ അക്രമത്തില്‍ മറ്റു മൂന്നു പേരും കൊല്ലപ്പെട്ടിരുന്നു. മന്ത്രിയുടെ പേരിലുള്ള വാഹനത്തില്‍ മകന്‍ ആശിഷ് മിശ്രയുണ്ടായിരുന്നുവെന്നായിരുന്നു സംഭവസ്ഥലത്തുണ്ടായിരുന്നവരുടെ മൊഴി.
Also Read: അനന്യ പാണ്ഡെയെ എൻസിബി വീണ്ടും ചോദ്യം ചെയ്യും; തിങ്കളാഴ്ച ഹാജരാവണം
എസ്ഐടിയുടെ അപേക്ഷയില്‍, മറ്റു മൂന്നു പ്രതികളായ അങ്കിത് ദാസ്, ശേഖര്‍ ഭാരതി, ലത്തീഫ് എന്നിവരെയും കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. നാലുപേരുടെയും പൊലീസ് റിമാന്‍ഡ് കാലാവധി ഞായറാഴ്ച വൈകിട്ട് അഞ്ചിന് അവസാനിക്കും.
കേസില്‍ ഒക്‌ടോബര്‍ ഒന്‍പതിനാണ് ആശിഷ് മിശ്ര അറസ്റ്റിലായത്. തുടര്‍ന്ന് ഒക്‌ടോബര്‍ 11നു മൂന്നു ദിവസത്തേക്ക് ആശിഷിനെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. പൊലീസ് 14 ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടിരുന്നത്. മൂന്നു ദിവസത്തിനുശേഷം ആശിഷിനെ കോടതി ലഖിംപുര്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യുകയായിരുന്നു.
അതിനിടെ, ലഖിംപൂര്‍ ഖേരി സംഭവം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) നേതൃത്വം നല്‍കുന്ന ഡിഐജി ഉപേന്ദ്ര കുമാര്‍ അഗര്‍വാളിന് യുപി സര്‍ക്കാര്‍ പുതിയ ചുമതല നല്‍കി. ലക്‌നൗവിലെ പൊലീസ് ആസ്ഥാനത്തെ ഡിഐജിയായ അദ്ദേഹത്തെ ഗോണ്ട റേഞ്ച് ഡിഐജിയായാണു നിയമിച്ചിരിക്കുന്നത്. അതേസമയം, അഗര്‍വാള്‍ എസ്‌ഐടി തലവനായി തുടരുമെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി പ്രശാന്ത് കുമാര്‍ പറഞ്ഞു. ലഖിംപുര്‍ ഖേരി ഗോണ്ട റെയ്ഞ്ചിലല്ല, മറിച്ച് ലക്‌നൗ റേഞ്ചിനു കീഴിലാണു വരുന്നതെന്നതിനാല്‍ ഉപേന്ദ്ര കുമാര്‍ അഗര്‍വാളിന്റെ നിയമനം പൊതുവില്‍ ആശ്ചര്യം സൃഷ്ടിച്ചിരിക്കുകയാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.