മുംബൈ: ക്രൂയിസ് ഷിപ്പ് ലഹരിമരുന്ന് കേസില്‍ ബോളിവുഡ് നടി അനന്യ പാണ്ഡെയെ നാര്‍കോടിക്സ് കണ്ടോള് ബ്യൂറോ (എന്‍സിബി) വീണ്ടും ചോദ്യം ചെയ്യും. മൂന്നാം വട്ട ചോദ്യം ചെയ്യലിനായി തിങ്കളാഴ്ച ഹാജരാവാനാണു നിർദേശിച്ചിരിക്കുന്നത്.
നടിയെ ഇന്ന് വിളിച്ചുവരുത്തി എൻസിബി ചോദ്യം ചെയ്തിരുന്നു. പിതാവും നടനുമായ ചങ്കി പാണ്ഡെക്കൊപ്പമാണ് അനന്യ ഇന്ന് എൻസിബി ഓഫിസിലെത്തിയത്. ആര്യൻ ഖാന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് വ്യാഴാഴ്ചയും നടിയുടെ മൊഴി എൻസിബി രേഖപ്പെടുത്തിയിരുന്നു.
ആര്യന് ഖാന്റെ പിതാവ് ഷാരൂഖ് ഖാന്റെയും അനന്യ പാണ്ഡെയുടെയും വീട്ടില്‍ എന്‍സിബി ഇന്നലെ പരിശോധന നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അനന്യയെ ചോദ്യംചെയ്യലിനു വിളിപ്പിച്ചത്. ആര്യന് ഖാനും അനന്യയും തമ്മില്‍ നടത്തിയ വാട്സ്ആപ് ചാറ്റിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.
Also Read: എന്റെ പേര് കുട്ടികളുടെ ജീവിതം നശിപ്പിക്കുമോയെന്ന ഭയമുണ്ട്: ഷാരൂഖ് ഖാൻ
ആര്യന് ഖാന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് ബോംബെ ഹൈക്കോടതി 26 ലേക്കു മാറ്റിവച്ചിരിക്കുകയാണ്. ആര്യന് ഖാന് ഉള്‍പ്പെടെ അറസ്റ്റിലായ എട്ടു പേരുടെ ജുഡീഷ്യല്‍ കസ്റ്റഡി 30 വരെ നീട്ടാന്‍ മുംബൈയിലെ പ്രത്യേക കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു.
ഇവരെ ഒക്ടോബര്‍ മൂന്നിനാണു മുംബൈ തീരത്തുണ്ടായിരുന്ന ആഡംബരക്കപ്പലില്‍നിന്ന് കസ്റ്റഡിയിലെടുത്തത്. ആര്യന്റെ സുഹൃത്ത് അബ്ബാസ് മര്‍ച്ചന്റ്, മോഡല്‍ മുന്‍മും ധമേച്ച എന്നിവരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു.
ആര്യന്റെ ജാമ്യാപേക്ഷ കോടതി ഇന്നലെ തള്ളിയതിനെത്തുടര്‍ന്ന് ഷാരൂഖ് ഖാന് മകനെ ആര്‍തര്‍ റോഡ് ജയിലിലെത്തി കണ്ടിരുന്നു. ആര്യന് കസ്റ്റഡിയിലായതിനു ശേഷം ഇതാദ്യമായാണ് ഷാരൂഖ് ഒരു പൊതു ഇടത്തില്‍ പ്രത്യക്ഷപ്പെടുന്നത്. മകന്റെ അറസ്റ്റിനെത്തതുടര്ന്ന് ഷാരൂഖ് തന്റെ സിനിമാചിത്രീകരണം ഉള്‍പ്പെടെയുള്ള പരിപാടികള്‍ നിര്‍ത്തിവച്ചിരുന്നു.